കൊല്‍ക്കത്ത: ബംഗാളില്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളും സംസ്ഥാനത്തെ കോണ്‍ഗ്രസ് ഭാരവാഹികളും ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.
കഴിഞ്ഞ 20 വര്‍ഷം ഉണ്ടായത് പോലെ ആരെങ്കിലുമായും സഖ്യം സംസ്ഥാനത്ത് ഉണ്ടാക്കേണ്ടതുണ്ടോ എന്നതില്‍ വലിയ ചര്‍ച്ചയാണ് നടന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ഒറ്റ ചോദ്യമാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കിയതെന്നാണ് വിവരം.
യോഗം നടക്കവെ ബംഗാള്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ശുഭാംഗര്‍ സര്‍ക്കാറിനോടും സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി നേതാവ് ഗുലാം അഹമ്മദ് മിറിനോടും ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് സഖ്യസാധ്യതകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടോ എന്ന് രാഹുല്‍ ചോദിച്ചു. വാഗ്ദാനം ഒന്നുമില്ല എന്നായിരുന്നു ഇരുവരുടെയും മറുപടി.
'പിന്നെ എന്തിനാണ് നിങ്ങള്‍ കാത്തിരിക്കുന്നത്?'എന്നായിരുന്നു രാഹുലിന്റെ മറുചോദ്യം. ഇതോടെയാണ് ഒറ്റക്ക് മത്സരിക്കാനുള്ള തീരുമാനത്തിലേക്ക് കോണ്‍ഗ്രസ് എത്തിയത്.
ഇടതുകക്ഷികളുമായുള്ള സഖ്യത്തെ കുറിച്ച് നിശിത വിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ന്നത്. ഇടതുകക്ഷികള്‍ കോണ്‍ഗ്രസിന്റെ വിഭവങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നു. എന്നാല്‍ ഇടതുവോട്ടുകള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്നില്ല എന്നായിരുന്നു അവരുടെ വിമര്‍ശനം.
നിലവില്‍ അഞ്ച് ശതമാനം വോട്ട് പാര്ട്ടിക്കുണ്ടെന്നാണ്് സംസ്ഥാനത്തെ നേതാക്കളുടെ വിലയിരുത്തല്‍. ഇത് 20 ശതമാനത്തിലേക്ക് ഉയര്‍ത്താന്‍ കഴിയുമെന്ന ആത്മവിശ്വാസം അവര്‍ യോഗത്തില്‍ പ്രകടിപ്പിച്ചു. തെരഞ്ഞെടുക്കപ്പെട്ട മണ്ഡലങ്ങളില്‍ ബൂത്ത് തലം തൊട്ടെ സംഘടന കെട്ടിപ്പടുക്കുകയും മികച്ച മത്സരം കാഴ്ചവെക്കുകയും ചെയ്യുക എന്നതാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. 65 മണ്ഡലങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. അഞ്ച് മുതല്‍ ഏഴ് സീറ്റുകളില്‍ വരെ വിജയിക്കാന്‍ ഇപ്പോഴത്തെ നിലയില്‍ അത് സാധിക്കും. മികച്ച ഒരുക്കം നടത്തിയാല്‍ 25 മുതല്‍ 30 സീറ്റുകള്‍ വരെയാവാം എന്നും നേതാക്കള്‍ പറയുന്നു.
കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയിലാണ് യോഗം ചേര്‍ന്നത്.യോഗത്തില്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, കെ സി വേണുഗോപാല്‍, സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി നേതാവ് ഗുലാം അഹ്മദ് മിര്‍, സംസ്ഥാന അദ്ധ്യക്ഷന്‍ ശുഭാങ്കര്‍ സര്‍ക്കാര്‍, മുതിര്‍ന്ന നേതാക്കളായ ആധിര്‍ രഞ്ജന്‍ ചൗധരി, ഇഷ കിഷന് ചൗധരി എംപി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
ഏപ്രില്‍-മെയ് മാസത്തില്‍ നടക്കുമെന്ന് കരുതുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രപ്രധാനമായ കാര്യങ്ങളെ കുറിച്ച് യോഗത്തില്‍ ചര്‍ച്ച നടന്നെന്ന് ഗുലാം അഹ്മദ് മിര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എല്ലാവരുമായി നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം സംസ്ഥാനത്തെ 294 സീറ്റുകളിലും കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചു. ഇക്കാര്യം കണക്കിലെടുത്തുള്ള ഒരുക്കം നടത്തുമെന്നും ഗുലാം അഹ്മദ് മിര്‍ പറഞ്ഞു.
20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് ബംഗാളില്‍ ഒറ്റക്ക് മത്സരിക്കാനൊരുങ്ങുന്നത്. 2006ല്‍ ഒറ്റക്ക് മത്സരിച്ചപ്പോള്‍ അന്ന് 21 സീറ്റുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്. 2011ല്‍ തൃണമൂല്‍ കോണ്‍ഗ്രസിനോടൊപ്പം കൈകോര്‍ത്ത് ഇടതുഭരണത്തെ താഴെയിറക്കി. അന്ന് 42 സീറ്റുകളാണ് ലഭിച്ചത്.
2016ല്‍ സിപിഐഎമ്മിനോടൊപ്പം സഖ്യത്തിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. അന്ന് 44 സീറ്റുകളില്‍ വിജയിച്ചു. എന്നാല്‍ 2021ല്‍ ഇടതിനോടൊപ്പം സഖ്യം തുടര്‍ന്നെങ്കിലും ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കഴിഞ്ഞില്ല.
പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് ഒറ്റയ്ക്കുള്ള മത്സരമാണ് നല്ലതെന്നാണ് സംസ്ഥാന കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ വാദം. സഖ്യത്തെ ആശ്രയിക്കുന്നത് പാര്‍ട്ടിയുടെ അടിത്തറ തകര്‍ത്തുവെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്. 1996ല്‍ 288 സീറ്റുകളില്‍ മത്സരിച്ച് 82 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസിന് 2021ല്‍ ഒരു സീറ്റും ലഭിച്ചില്ലെന്നും അവര്‍ പറയുന്നു.
Content Highlights: Rahul Gandhi has urged the Congress party to contest all seats independently in West Bengal