ഹൈദരാബാദ്: ഹൈദരാബാദ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് സർവകലാശാലയിൽ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ എംഎസ്എഫ് സഖ്യത്തിന് വിജയം. എംഎസ്എഫ്, എൻഎസ്യുഐ, ഫ്രറ്റേണിറ്റി എന്നിവർ ഉൾപ്പെട്ട സഖ്യമാണ് വിജയിച്ചത്. 'ആവാസ്'എന്ന പേരിൽ 'വിധ്വേഷത്തിനെതിരെ ഒരുമിക്കാം' എന്ന മുദ്രാവാക്യം ഉയർത്തിയാണ് സഖ്യം വിജയിച്ചത്.
മത്സരിച്ച മുഴുവൻ സീറ്റുകളിലും വലിയ ഭൂരിപക്ഷത്തോടെയാണ് സഖ്യം വിജയിച്ചത്. ജനറൽ സെക്രട്ടറിയായി എംഎസ്എഫിന്റെ ഇർഫാൻ ഷാജുദ്ദീനും ജോയിന്റ് സെക്രട്ടറിയായി ഹലീമത്തു സഅദിയയും തെരഞ്ഞെടുക്കപ്പെട്ടു. ഹർഷദ് ഷിബിൻ ആണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റായി സോനുരാജ്, കൾച്ചറൽ സെക്രട്ടറിയായി ആയിഷ നേഹ, സ്പോർട്സ് സെക്രട്ടറിയായി ഉദിത് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
സ്കൂൾ കൗൺസിൽ പോസ്റ്റുകളിലും വലിയ മുന്നേറ്റമാണ് സഖ്യം നേടിയത്. സ്കൂൾ ഓഫ് ഇഫ്ളുവിൽ എംഎസ്എഫിന്റെ മുഹമ്മദ് അജ്മലടക്കം വിജയിച്ചുകയറി. എബിവിപി ഇരുപത്തിയൊന്നിൽ വെറും മൂന്ന് സീറ്റുകളിൽ ഒതുങ്ങി. സ്കൂൾ ഓഫ് യൂറോപ്യൻ ലാംഗ്വേജസിൽ സയ്യിദ് ഹുബാബ്, സ്കൂൾ ഓഫ് ഇന്റർ ഡിസിപ്ലിനറി സ്റ്റഡീസിൽ സിനാൻ എന്നിവരും എംഎസ്എഫിനായി മത്സരിച്ചു. മൗലാനാ ആസാദ് നാഷണൽ ഉറുദു യൂണിവേഴ്സിറ്റി, ഹൈദരാബാദ് യൂണിവേഴ്സിറ്റി, ഇഫ്ലു തുടങ്ങിയ കേന്ദ്രസർവകലാശാലകളിലാണ് ഈ വിജയത്തോടെ എംഎസ്എഫ് വിജയിക്കുന്നത്.
വിജയികളെ എംഎസ്എഫ് ദേശീയ കമ്മിറ്റി അഭിനന്ദിച്ചു. ദേശീയ തലത്തിൽ തന്നെ വിദ്യാർത്ഥി രാഷ്ട്രീയത്തിന് വലിയ ഊർജവും ശക്തിയും നൽകുന്നതാണ് ഈ വിജയമെന്ന് എംഎസ്എഫ് ദേശീയ പ്രസിഡന്റ് പി വി അഹമ്മദ് സാജു പറഞ്ഞു.
Content Highlights: In the union elections at Hyderabad English and Foreign Languages University, the alliance including MSF, NSUI, and Fraternity emerged victorious. The coalition successfully secured the student union leadership