'കൈകൂപ്പി അപേക്ഷിക്കുകയാണ്, പ്രശ്നം പരിഹരിക്കൂ'; നദീജല പ്രശ്നം പരിഹരിക്കാൻ കേന്ദ്രസർക്കാരിനോട് ദേവഗൗഡ

ജീവിതത്തിന്റെ അവസാന കാലത്തിലാണ് താൻ എന്നും തനിക്ക് ഇതിൽ ഒരു പരിഹാരം ഉണ്ടായിക്കാണണമെന്നുമാണ് ദേവഗൗഡ പറഞ്ഞത്

ന്യൂ ഡൽഹി:കർണാടക, തമിഴ്നാട്, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട നദീജല പ്രശ്നം പരിഹരിക്കാൻ കേന്ദ്രസർക്കാരിനോട് കൈകൂപ്പി അപേക്ഷിച്ച് മുൻ പ്രധാനമന്ത്രിയും കർണാടക മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡ. രാഷ്ട്രപതിയുടെ നന്ദിപ്രമേയത്തിൽ നടന്ന ചർച്ചയിലാണ് രാജ്യസഭാംഗം കൂടിയായ എച്ച് ഡി ദേവഗൗഡ ഇത്തരത്തിൽ അപേക്ഷിച്ചത്. ജീവിതത്തിന്റെ അവസാന കാലങ്ങളിലാണ് താൻ എന്നും തനിക്ക് ഇതിൽ ഒരു പരിഹാരം ഉണ്ടായിക്കാണണമെന്നുമാണ് ദേവഗൗഡ പറഞ്ഞത്.

'ജീവിതത്തിന്റെ അവസാന കാലങ്ങളിലാണ് ഞാൻ. തമിഴ്‌നാട്ടിൽ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നതിനാൽ ഞാൻ അധികമൊന്നും സംസാരിക്കുന്നില്ല. പക്ഷെ ഞാൻ കൈകൂപ്പി ഒരു കാര്യം പറയുകയാണ്. ദയവുചെയ്ത് നദീജല പ്രശ്നങ്ങൾ ഒന്ന് പരിഹരിക്കൂ' എന്നാണ് ദേവഗൗഡ പറഞ്ഞത്.

'ഞാൻ നദീജല പ്രശ്നത്തിന് പരിഹാരം കാണാൻ 65 വർഷമായി പോരാടുകയാണ്. എന്റെ രാജ്യസഭാംഗത്വം കുറച്ച് ദിവസങ്ങളിൽ അവസാനിക്കും. കേന്ദ്രസർക്കാർ കർഷകരുടെയും കർണാടകത്തിലെ ജനങ്ങളുടെയും താത്പര്യം സംരക്ഷിക്കണമെന്നാണ് എന്റെ ആഗ്രഹം'; എന്നും ദേവഗൗഡ കൂട്ടിച്ചേർത്തു.

തന്റെ പ്രസംഗത്തിൽ കേന്ദ്രസർക്കാരിനെ ദേവഗൗഡ അളവറ്റ് പ്രശംസിക്കുകയും ചെയ്തു. ഇന്ത്യയുടെ സാമ്പത്തിക അടിത്തറ കഴിഞ്ഞ 11 വർഷത്തിൽ ദൃഢമായി വളർന്നുവെന്ന് ദേവഗൗഡ പറഞ്ഞു. നിരവധി വെല്ലുവിളികൾക്കിടയിലും ഇന്ത്യ വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി മാറി. വിലക്കയറ്റം നമുക്ക് പിടിച്ചുനിർത്താനായി. ഇത് പാവപ്പെട്ട, മധ്യവർഗ ജനവിഭാഗങ്ങളെ വലിയ രീതിയിൽ സഹായിക്കുന്നുണ്ടെന്നും ദേവഗൗഡ പറഞ്ഞു. കേന്ദ്രസർക്കാരിന്റെ വിവിധ നയങ്ങൾ മൂലം ജനങ്ങളുടെ വരുമാനവും നീക്കിയിരിപ്പും വർധിച്ചെന്നും ദേവഗൗഡ കൂട്ടിച്ചേർത്തു. പിന്നാലെ യുഎസ്, യൂറോപ്യൻ യൂണിയൻ വ്യാപാര കരാറുകളിൽ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ചു.

Content Highlights: Former Prime Minister and Karnataka ex-Chief Minister HD Deve Gowda has requetsed the central government seeking intervention to resolve river water disputes involving Karnataka, Tamil Nadu, and Andhra Pradesh

To advertise here,contact us