ന്യൂഡല്‍ഹി: ബംഗാളില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കും. സംസ്ഥാനത്തെ ആകെയുള്ള 294 സീറ്റുകളിലും ആരുമായും സഖ്യം ചേരാതെ ഒറ്റക്ക് മത്സരിക്കാനാണ് ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലുണ്ടായ തീരുമാനം. കോണ്‍ഗ്രസ് ദേശീയ നേതാക്കളും സംസ്ഥാനത്തെ കോണ്‍ഗ്രസ് ഭാരവാഹികളുമാണ് യോഗത്തില്‍ പങ്കെടുത്തത്. കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയിലാണ് യോഗം ചേര്‍ന്നത്.
യോഗത്തില്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, കെ സി വേണുഗോപാല്‍, സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി നേതാവ് ഗുലാം അഹ്മദ് മിര്‍, സംസ്ഥാന അദ്ധ്യക്ഷന്‍ ശുഭാങ്കര്‍ സര്‍ക്കാര്‍, മുതിര്‍ന്ന നേതാക്കളായ ആധിര്‍ രഞ്ജന്‍ ചൗധരി, ഇഷ കിഷന് ചൗധരി എംപി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
ഏപ്രില്‍-മെയ് മാസത്തില്‍ നടക്കുമെന്ന് കരുതുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രപ്രധാനമായ കാര്യങ്ങളെ കുറിച്ച് ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച നടന്നെന്ന് ഗുലാം അഹ്മദ് മിര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എല്ലാവരുമായി നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം സംസ്ഥാനത്തെ 294 സീറ്റുകളിലും കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചു. ഇക്കാര്യം കണക്കിലെടുത്തുള്ള ഒരുക്കം നടത്തുമെന്നും ഗുലാം അഹ്മദ് മിര്‍ പറഞ്ഞു.
20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് ബംഗാളില്‍ ഒറ്റക്ക് മത്സരിക്കാനൊരുങ്ങുന്നത്. 2006ല്‍ ഒറ്റക്ക് മത്സരിച്ചപ്പോള്‍ അന്ന് 21 സീറ്റുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്. 2011ല്‍ തൃണമൂല്‍ കോണ്‍ഗ്രസിനോടൊപ്പം കൈകോര്‍ത്ത് ഇടതുഭരണത്തെ താഴെയിറക്കി. അന്ന് 42 സീറ്റുകളാണ് ലഭിച്ചത്.
2016ല്‍ സിപിഐഎമ്മിനോടൊപ്പം സഖ്യത്തിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. അന്ന് 44 സീറ്റുകളില്‍ വിജയിച്ചു. എന്നാല്‍ 2021ല്‍ ഇടതിനോടൊപ്പം സഖ്യം തുടര്‍ന്നെങ്കിലും ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കഴിഞ്ഞില്ല.
പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് ഒറ്റയ്ക്കുള്ള മത്സരമാണ് നല്ലതെന്നാണ് സംസ്ഥാന കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ വാദം. സഖ്യത്തെ ആശ്രയിക്കുന്നത് പാര്‍ട്ടിയുടെ അടിത്തറ തകര്‍ത്തുവെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്. 1996ല്‍ 288 സീറ്റുകളില്‍ മത്സരിച്ച് 82 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസിന് 2021ല്‍ ഒരു സീറ്റും ലഭിച്ചില്ലെന്നും അവര്‍ പറയുന്നു.
Content Highlights: Congress announces it will contest all seats on its own in West Bengal,