അജിത് ഡോവലിന് തിരുവനന്തപുരത്ത് സുരക്ഷ ഒരുക്കിയത് നാല് പൊലീസുകാര്‍ മാത്രം, അതും മഫ്തിയില്‍ മതിയെന്ന് നിര്‍ദേശം

രഹസ്യ സ്വഭാവം നിലനിര്‍ത്തി വന്ന കാര്യങ്ങള്‍ പൂര്‍ത്തീകരിച്ചാണ് ഡോവല്‍ മടങ്ങിയത്

തിരുവനന്തപുരം: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് തിരുവനന്തപുരത്ത് വിഎസ്എസ് സിയില്‍ എത്തി യോഗങ്ങളില്‍ പങ്കെടുത്ത് മടങ്ങിയ വിവരം അറിയാതെ സംസ്ഥാന ഇന്റലിജന്‍സ്. ആറോളം യോഗങ്ങളില്‍ പങ്കെടുത്ത ഡോവല്‍ ജനുവരി 22, 23 തീയതികളിലാണ് കേരള തലസ്ഥാനത്ത് എത്തിയത്. വിവേകാനന്ദ പാറയിലേക്കുള്ള സന്ദര്‍ശനം എന്ന് ഇന്റലിജന്‍സിനെ അറിയിച്ചായിരുന്നു വരവ്. നാല് പൊലീസുകാര്‍ മാത്രമാണ് ഡോവലിന്റെ സുരക്ഷയ്ക്ക് ഉണ്ടായിരുന്നത്.

മഫ്തിയിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ മതിയെന്ന നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഇത്. ഡോവലിനൊപ്പം വിമാനത്തില്‍ വച്ചെടുത്ത സെല്‍ഫി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. പിഎസ്എല്‍വി വിക്ഷേപണത്തില്‍ തുടര്‍ച്ചയായ ഉണ്ടായ പരാജയങ്ങളെ കുറിച്ച് അന്വേഷിക്കാനാണ് ഡോവല്‍ എത്തിയതെന്നാണ് സൂചന.

അതീവ രഹസ്യമായി തലസ്ഥാനത്തെത്തി മടങ്ങാനായിരുന്നു തീരുമാനം. ചാര്‍ട്ടേഡ് വിമാനം ഒഴിവാക്കി ഇന്‍ഡിഗോ വിമാനത്തിലായിരുന്നു ഡോവലിന്റെ കേരളത്തിലേക്കുള്ള യാത്ര. 22ന് വിഎസ്എസിസിയില്‍ എത്തിയ അദ്ദേഹം അവിടെ തങ്ങിയാണ് യോഗങ്ങളില്‍ പങ്കെടുത്തത്. ശാസ്ത്രജ്ഞരുമായി കൂടിക്കാഴ്ചയും നടത്തി. പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തിയ ദിവസം രാവിലെ അദ്ദേഹം കന്യാകുമാരിയിലേക്ക് തിരിച്ചു. കന്യാകുമാരിയിലെ വിവേകാനന്ദ പാറയിലേക്ക് പോകാനെന്ന വിവരം ലഭിച്ചത് അനുസരിച്ച് സംസ്ഥാന ഇന്റലിജന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ സജ്ജീകരിച്ചെങ്കിലും അത് വേണ്ടയെന്ന പറയുകയും മഫ്തിയിലെ പൊലീസുകാരെ ആവശ്യപ്പെടുകയുമായിരുന്നു.

വിമാനയാത്രയില്‍ അജിത് ഡോവലിനൊപ്പമുള്ള ചിത്രം രാജീവ് ചന്ദ്രശേഖര്‍ പങ്കുവെച്ചെങ്കിലും യാത്ര എവിടേക്കാണെന്ന വിവരം പുറത്ത് വന്നിരുന്നില്ല. രഹസ്യ സ്വഭാവം നിലനിര്‍ത്തി വന്ന കാര്യങ്ങള്‍ പൂര്‍ത്തീകരിച്ചാണ് ഡോവല്‍ മടങ്ങിയത്. ഡല്‍ഹിയില്‍ തിരികെ എത്തിയ ഡോവല്‍ പിഎസ്എല്‍വിയുടെ തുടര്‍പരാജയങ്ങളില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്ന് റിപ്പോര്‍ട്ടുണ്ട്. തുടര്‍ച്ചയായി ഉണ്ടായ പരാജയങ്ങളില്‍ അട്ടിമറിയില്ലെന്നാണ് അജിത് ഡോവല്‍ നല്‍കിയ റിപ്പോര്‍ട്ടിലുള്ളതെന്നാണ് വിവരം. വീഴ്ചയുടെ കാരണങ്ങള്‍ എന്താണെന്ന വിലയിരുത്തലുകള്‍ അദ്ദേഹം നടത്തിയിട്ടുണ്ടെന്നും അതുമായി ബന്ധപ്പെട്ട തിരുത്തലുകളുണ്ടാകുമെന്നും സൂചനയുണ്ട്.

Content Highlights: NSA Ajit Doval thiruvananthapuram Visit purpose unknown to State intelligence

To advertise here,contact us