ന്യൂഡല്‍ഹി: ലോക്സഭയില്‍ രാഹുല്‍ ഗാന്ധി, മേജര്‍ മനോജ് മുകുന്ദ് നരവനെയുടെ പുസ്തകം ഉദ്ധരിച്ച സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം. ലോക്സഭയില്‍ പുസ്തകങ്ങള്‍ ഉയര്‍ത്തിക്കാട്ടി ചോദ്യം ചോദിക്കുന്നത് തടയാന്‍ സര്‍ക്കാരിനാകില്ലെന്ന് കാര്‍ത്തി ചിദംബരം പറഞ്ഞു. ലോക്സഭയില്‍ ഒരാള്‍ പുസ്തകം ഉയര്‍ത്തി സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അയാള്‍ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്നും കാര്‍ത്തി ചിദംബരം പറഞ്ഞു.
രാജ്യത്ത് ധാരാളം പ്രസിദ്ധീകരണങ്ങളുണ്ട്. അതിനെ ഉദ്ധരിച്ച് സംസാരിക്കാന്‍ ഒരാള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് വേണ്ടെന്ന് പറയാന്‍ കഴിയില്ല. ആധുനിക ലോകത്ത് ഒരു പ്രസിദ്ധീകരണം എന്ന് പറഞ്ഞാല്‍ അത് ഫിസിക്കല്‍ കോപ്പികള്‍ മാത്രമല്ല. അതില്‍ ഇലക്ട്രോണിക് പ്രസിദ്ധീകരണങ്ങളും ഉള്‍പ്പെടുന്നു. പ്രസിദ്ധീകരണം എന്ന് പറഞ്ഞാല്‍ തന്നെ പൊതുമധ്യത്തിലേക്ക് പുസ്തകം എത്തിക്കുക എന്നാണ് അര്‍ത്ഥം. പൊതുജനങ്ങളിലേക്ക് എത്തിയ ഒരു പുസ്തകം സഭയില്‍ ഉദ്ധരിക്കുന്നതില്‍ നിന്നും പ്രതിപക്ഷ നേതാവിനെ തടയാന്‍ നിങ്ങള്‍ക്കാവില്ലെന്നും കാര്‍ത്തി ചിദംബരം പറഞ്ഞു.
പുസ്തകത്തിന്റെ ഉള്ളടക്കത്തോട് ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ അത് എഴുത്തുകാരന് മാത്രമായിരിക്കണം. പ്രതിപക്ഷ നേതാവ് ഉയര്‍ത്തിക്കാണിച്ച പുസ്തകത്തില്‍ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കേണ്ടത് രചയിതാവാണ്. ആരാണ് രചയിതാവ്? കരസേന മേധാവി ജനറല്‍ എം എം നരവാനെയാണ് രചയിതാവ്. അദ്ദേഹത്തിനല്ലാതെ പുസ്തകത്തില്‍ പറയുന്ന കാര്യങ്ങളെ നിഷേധിക്കാന്‍ മറ്റാര്‍ക്കും കഴിയില്ലെന്ന് കാര്‍ത്തി ചിദംബരം പ്രതികരിച്ചു.
മുന്‍ കരസേന മേധാവി മനോജ് മുകുന്ദ് നരവനെയുടെ പുസ്തകം ഉയര്‍ത്തിപ്പിടിച്ച് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ആരോപണങ്ങള്‍ ലോക്സഭയില്‍ വലിയ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. 2020ലെ ഇന്ത്യ-ചൈന സംഘര്‍ഷം ഉന്നയിച്ചാണ് രാഹുല്‍ പ്രസംഗം നടത്തിയത്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഭരണപക്ഷത്തുനിന്ന് ഉണ്ടായത്. പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജുവും പ്രതിരോധ മന്ത്രി രാജ്നാഥ് സിങും രാഹുലിനെതിരെ രംഗത്തെത്തിയിരുന്നു. സ്പീക്കര്‍ക്ക് സഭ നിര്‍ത്തിവെയ്ക്കേണ്ടി വരികയും ചെയ്തിരുന്നു.
2019 മുതല്‍ 2022 വരെ കരസേനയുടെ 28-ാം മേധാവിയായിരുന്നു മനോജ് മുകുന്ദ് നരവനെ. 2020ലെ ഇന്ത്യ-ചൈന സംഘര്‍ഷം, അഗ്നിവീര്‍ പ്രക്രിയ തുടങ്ങിയ പ്രധാനപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകുന്നത് നരവനെയുടെ കാലത്താണ്. ഇവയെ സംബന്ധിച്ച് ചില കുറിപ്പുകള്‍ നരവനെയുടെ പുസ്തകത്തില്‍ ഉണ്ട് എന്നാണ് 'ദി ഫെഡറല്‍' റിപ്പോര്‍ട്ട് ചെയ്യുന്നത്. പുസ്തകത്തിലെ ചില ഭാഗങ്ങള്‍ നേരത്തെതന്നെ ചില മാധ്യമങ്ങളില്‍ വന്നിരുന്നു.
ഇന്ത്യ-ചൈന സംഘര്‍ഷ സമയത്ത് പ്രതിരോധമന്ത്രി രാജ്നാഥ് സിങുമായുള്ള സംഭാഷണം പുസ്തകത്തില്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. 2020 ഓഗസ്റ്റ് 31ന് റെചിന്‍ ലാ പര്‍വ്വതപ്രദേശങ്ങളിലേക്ക് ചൈനീസ് പട്ടാളം ഇരച്ചെത്തിയപ്പോള്‍ താന്‍ രാജ്നാഥ് സിങിനെ വിളിച്ചുവെന്നും നിങ്ങള്‍ക്ക് ശരി എന്ന് തോന്നുന്നത് ചെയ്തോളൂ എന്നാണ് പ്രതിരോധമന്ത്രി പറഞ്ഞതെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്. ആ രാത്രിയില്‍ താന്‍ വിദേശകാര്യമന്ത്രി, സുരക്ഷാ ഉപദേഷ്ടാവ്, പ്രതിരോധ മേധാവി എന്നിവരെയും വിളിച്ചു എന്നും നരവനെ പറയുന്നുണ്ട്.
ഏറെ വിവാദമായ അഗ്നിപഥ് പദ്ധതിയെക്കുറിച്ചും നരവനെയുടെ പുസ്തകത്തില്‍ പരാമര്‍ശമുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൃസ്വകാലത്തേയ്ക്കായി സൈന്യത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന പദ്ധതിയാണ് അഗ്നിപഥ്. പദ്ധതിയിലൂടെ റിക്രൂട്ട് ചെയ്യപ്പെട്ട സൈനികരില്‍ എത്ര പേരെ നിലനിര്‍ത്തണം എന്ന തീരുമാനത്തെ സംബന്ധിച്ച് പുസ്തകത്തില്‍ വെളിപ്പെടുത്തലുകളുണ്ട് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റിക്രൂട്ട് ചെയ്യപ്പെട്ട സൈനികരില്‍ 75 ശതമാനം പേരെയും നിലനിര്‍ത്താനായിരുന്നു ആദ്യ ഘട്ടത്തില്‍ ആലോചിച്ചിരുന്നത്. എന്നാല്‍ പിന്നീടത് 25 ശതമാനമായി എന്ന് പുസ്തകത്തില്‍ പറയുന്നുണ്ട്. 20,000 രൂപയായിരുന്നു അഗ്നിവീറുകള്‍ക്ക് ശമ്പളമായി നല്കാന് തീരുമാനിച്ചിരുന്നത്. ഇത് അംഗീകരിക്കാനാകില്ലെന്നും രാജ്യത്തിനായി ജീവിതം തന്നെ മാറ്റിവെച്ചവരോട് ദിവസവേതനക്കാരോടെന്ന പോലെ പെരുമാറരുത് എന്നും നരവനെ പറഞ്ഞതായി പുസ്തകത്തില്‍ പറയുന്നു. പിന്നീട് ഈ സംഖ്യ 30,000 ആക്കി ഉയര്‍ത്തുകയായിരുന്നുവെന്നും പുസ്തകത്തില്‍ നരവനെ പറയുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight; Congress MP Karti Chidambaram has reacted to the incident of Rahul Gandhi quoting Major Manoj Mukund Naravane's book in the Lok Sabha. Karti Chidambaram said that the government cannot stop people from raising books and asking questions in the Lok Sabha.