ന്യൂഡൽഹി: ഇന്ത്യ-യുഎസ് വ്യാപാര കരാർ വിഷയത്തിൽ ലോക്സഭയിൽ ഇന്നും പ്രതിഷേധം. സഭ ആരംഭിച്ചപ്പോള്‍ മുതല്‍ കെ സി വേണുഗോപാല്‍ രാഹുല്‍ ഗാന്ധിക്ക് സംസാരിക്കാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ സ്പീക്കര്‍ ഇത് അവഗണിച്ച് ചോദ്യോത്തരവേളയുമായി മുന്നോട്ടുപോയി. ഇതോടെ പ്രതിപക്ഷം ഒന്നാകെ എഴുന്നേറ്റ് നിന്ന് പ്രതിഷേധിക്കുകയായിരുന്നു. പ്രധാനമന്ത്രിക്കെതിരെയായിരുന്നു മുദ്രാവാക്യങ്ങള്‍. ഇതോടെ 12 മണിവരെ സഭ നിര്‍ത്തിവെച്ചതായി അറിയിച്ചു. രാജ്യസഭയിലും പ്രതിഷേധമുയര്‍ന്നു.
'പ്രതിപക്ഷ നേതാവിനെ ഒരു വാക്കുപോലും മിണ്ടാന്‍ അനുവദിക്കാത്ത രീതിയിലുളള പ്രതിരോധമാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. നിയമങ്ങളെ തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ച് തങ്ങള്‍ക്കിഷ്ടമില്ലാത്ത കാര്യങ്ങള്‍ പാർലമെന്റില്‍ മിണ്ടാന്‍ പാടില്ലെന്ന രീതിയാണ് അവര്‍ക്ക്. പ്രതിപക്ഷത്തിന്റെ വാദമുഖങ്ങളെ ഖണ്ഡിക്കാന്‍ അവര്‍ക്കൊന്നുമില്ല' - കെ സി വേണുഗോപാല്‍ പറഞ്ഞു. സസ്പെന്‍ഷനിലായ എംപിമാര്‍ ലോക്സഭയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചു. സഭ ചേരുന്നതിന് മുന്‍പാണ് കഴിഞ്ഞ ദിവസം സസ്പെന്‍ഷനിലായ ഹൈബി ഈഡനും ഡീന്‍ കുര്യാക്കോസുമുള്‍പ്പെടെ എട്ട് എംപിമാര്‍ പ്രതിഷേധിച്ചത്.
ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, മണിക്കം ടാഗോർ, അമരീന്ദർ സിങ് രാജ വാറിങ്, ഗുർജത് ഔജ്ല, പ്രശാന്ത് പടോളെ, കിരൺ കുമാർ റെഡ്ഢി എന്നിവരെയും സിപിഎം എംപിയായ സു വെങ്കിടേഷിനെയുമാണ് സസ്പെൻഡ് ചെയ്തത്. സഭാ നടപടികൾ തടസപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കർ നടപടി സ്വീകരിച്ചത്.
Content Highlights: Demand to give Rahul Gandhi a chance to speak; Protest in Lok Sabha today, House adjourned