നരവനെയുടെ പുസ്തകം വീണ്ടും പരാമർശിച്ച് രാഹുൽ ഗാന്ധി; തടഞ്ഞ് എൻഡിഎ അംഗങ്ങൾ; ലോക്സഭയിൽ നാടകീയ രംഗങ്ങൾ

തന്റെ ലക്ഷ്യം വസ്തുതകൾ അറിയിക്കുക എന്നത് മാത്രമായിരുന്നുവെന്ന് രാഹുൽ

ന്യൂ ഡൽഹി: ഇന്ത്യ-ചൈന സംഘർഷം വീണ്ടും ലോക്സഭയിൽ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മേജർ മനോജ് മുകുന്ദ് നരവനെയുടെ പുസ്തകത്തെക്കുറിച്ച് പരാമർശിക്കുന്ന ലേഖനം ഉയർത്തിക്കാട്ടിയാണ് രാഹുൽ സംസാരിച്ചത്. ലേഖനത്തിന്റെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും തന്റെ ലക്ഷ്യം വസ്തുതകൾ അറിയിക്കുക എന്നത് മാത്രമായിരുന്നുവെന്നും രാഹുൽ പറഞ്ഞു.

രാഹുൽ സംസാരിക്കുമ്പോഴും ഭരണപക്ഷം ബഹളം വെക്കുകയായിരുന്നു. ഇതിനോട് തനിക്ക് പ്രസംഗിക്കാൻ ആരുടെ അനുമതിയാണ് വേണ്ടതെന്നും താൻ പ്രതിപക്ഷ നേതാവാണെന്നും രാഹുൽ പറഞ്ഞു. ഇതിനിടെ കോൺഗ്രസ് അംഗങ്ങൾ മോശം വാക്ക് ഉപയോഗിച്ചെന്ന് സ്പീക്കർ ആരോപിച്ചു. രാഹുലിന് സംസാരിക്കാനില്ലെങ്കിൽ മറ്റുള്ളവരം സംസാരിക്കാൻ അനുവദിക്കണമെന്നും സ്പീക്കർ പറഞ്ഞു. പിന്നാലെ ഭരണപക്ഷത്തുള്ളവരെ സ്പീക്കർ സംസാരിക്കാൻ വിളിക്കുകയായിരുന്നു.

ഇന്ത്യ-അമേരിക്ക വ്യാപാരകരാറിനെയും രാഹുൽ വിമർശിച്ചു. പ്രധാനമന്ത്രി വിട്ടുവീഴ്ച ചെയ്തുവെന്നും നരേന്ദ്രമോദി കരാർ ഒപ്പിട്ടത് വളരെയധികം സമ്മർദ്ദത്തിന് വഴങ്ങിയാണെന്നും രാഹുൽ പറഞ്ഞു. കരാറിലെന്താണ് ഉളളതെന്ന് ജനങ്ങള്‍ക്കറിയണം. ഇന്ത്യയുടെ സാമ്പത്തിക സുരക്ഷയും രാജ്യത്തെ കര്‍ഷകരും വലിയ ഭീഷണിയിലെന്നും രാഹുല്‍ ആരോപിച്ചു.

കഴിഞ്ഞ ദിവസവും രാഹുൽ ഗാന്ധി ലോക്‌സഭയില്‍ ഇന്ത്യ-ചൈന പ്രശ്‌നം ഉന്നയിച്ചിരുന്നു. ജനറല്‍ നരവനെയുടെ പുസ്തകത്തിലെ പരാമര്‍ശമായിരുന്നു രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. ഇതിനെതിരെ രാജ്‌നാഥ് സിങ്, അമിത് ഷാ തുടങ്ങിയവർ രംഗത്തുവന്നിരുന്നു. രാഹുലിന്റെ പ്രസംഗം തടയുകയും പുറത്തിറങ്ങാത്ത പുസ്തകത്തിലെ ഭാഗങ്ങള്‍ സഭയില്‍ ഉന്നയിക്കാനാകില്ലെന്നും പറഞ്ഞാണ് ബിജെപി പ്രതിരോധിച്ചത്.

മനോജ് നരവനെയുടെ 'ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി' എന്ന പുസ്തകത്തെ ആധാരമാക്കി 'ദി കാരവൻ' പ്രസിദ്ധീകരിച്ച കുറിപ്പ് ഉയർത്തിക്കാട്ടിയായിരുന്നു രാഹുൽ പ്രസംഗിച്ചത്. 2024ൽ പുറത്തിറങ്ങേണ്ട പുസ്തകം ഇനിയും പുറത്തിറങ്ങിയിട്ടില്ല. ഒരു വർഷത്തിലധികമായി കേന്ദ്രസർക്കാരിന്റെ അനുമതി കാത്തിരിക്കുകയാണ് ഈ പുസ്തകം.

ഇന്ത്യ-ചൈന സംഘർഷ സമയത്ത് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങുമായുള്ള സംഭാഷണം പുസ്തകത്തിൽ ഉണ്ടെന്നാണ് പറയപ്പെടുന്നത്. 2020 ഓഗസ്റ്റ് 31ന് റെചിൻ ലാ പർവ്വതപ്രദേശങ്ങളിലേക്ക് ചൈനീസ് പട്ടാളം ഇരച്ചെത്തിയപ്പോൾ താൻ രാജ്‌നാഥ് സിങിനെ വിളിച്ചുവെന്നും നിങ്ങൾക്ക് ശരി എന്ന് തോന്നുന്നത് ചെയ്തോളൂ എന്നാണ് പ്രതിരോധമന്ത്രി പറഞ്ഞതെന്നും പുസ്തകത്തിൽ പറയുന്നുണ്ട്. ആ രാത്രിയിൽ താൻ വിദേശകാര്യമന്ത്രി, സുരക്ഷാ ഉപദേഷ്ടാവ്, പ്രതിരോധ മേധാവി എന്നിവരെയും വിളിച്ചു എന്നും നരവനെ പറയുന്നുണ്ട്.

ഏറെ വിവാദമായ അഗ്നിപഥ് പദ്ധതിയെക്കുറിച്ചും നരവനെയുടെ പുസ്തകത്തിൽ പരാമർശമുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഹൃസ്വകാലത്തേയ്ക്കായി സൈന്യത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന പദ്ധതിയാണ് അഗ്നിപഥ്. പദ്ധതിയിലൂടെ റിക്രൂട്ട് ചെയ്യപ്പെട്ട സൈനികരിൽ എത്ര പേരെ നിലനിർത്തണം എന്ന തീരുമാനത്തെ സംബന്ധിച്ച് പുസ്തകത്തിൽ വെളിപ്പെടുത്തലുകളുണ്ട് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. റിക്രൂട്ട് ചെയ്യപ്പെട്ട സൈനികരിൽ 75 ശതമാനം പേരെയും നിലനിർത്താനായിരുന്നു ആദ്യ ഘട്ടത്തിൽ ആലോചിച്ചിരുന്നത്. എന്നാൽ പിന്നീടത് 25 ശതമാനമായി എന്ന് പുസ്തകത്തിൽ പറയുന്നുണ്ട്. 20,000 രൂപയായിരുന്നു അഗ്നിവീറുകൾക്ക് ശമ്പളമായി നൽകാൻ തീരുമാനിച്ചിരുന്നത്. ഇത് അംഗീകരിക്കാനാകില്ലെന്നും രാജ്യത്തിനായി ജീവിതം തന്നെ മാറ്റിവെച്ചവരോട് ദിവസവേതനക്കാരോടെന്ന പോലെ പെരുമാറരുത് എന്നും നരവനെ പറഞ്ഞതായി പുസ്തകത്തിൽ പറയുന്നു. പിന്നീട് ഈ സംഖ്യ 30,000 ആക്കി ഉയർത്തുകയായിരുന്നുവെന്നും പുസ്തകത്തിൽ നരവനെ പറയുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

Content Highlights: In a dramatic session of the Lok Sabha, Rahul Gandhi spoke again about the book by General Naravane, which sparked strong reactions from NDA members who attempted to halt his discussion.The session witnessed intense political drama, with the NDA protesting Rahul's remarks

To advertise here,contact us