എസ്‌ഐആര്‍: മമത ബാനര്‍ജി ബുധനാഴ്ച സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരാകും

വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ മമത നേരിട്ട് വാദം അറിയിക്കും

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ബുധനാഴ്ച സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരാകും. വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ നേരിട്ട് വാദം അറിയിക്കും. നേരിട്ട് ഹാജരാകാനും വാദം അറിയിക്കാനും അനുമതി തേടി മമത ബാനര്‍ജി അപേക്ഷ നല്‍കി. കഴിഞ്ഞ ദിവസമായിരുന്നു എസ്‌ഐആറിനെതിരെ മമത ബാനര്‍ജി സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

എസ്‌ഐആറില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടായിരുന്നു മമത ബാനര്‍ജി സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. എസ്‌ഐആര്‍ ജനങ്ങള്‍ക്ക് കടുത്ത ദുരിതം സൃഷ്ടിക്കുകയാണെന്നും നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചാണ് വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികള്‍ നടക്കുന്നതെന്നുമായിരുന്നു മമത ബാനര്‍ജി ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. എസ്ഐആര്‍ നടപടിക്രമങ്ങള്‍ക്കിടെ ഏകദേശം 140 പേര്‍ മരിച്ചതായി മമത ചൂണ്ടിക്കാട്ടിയിരുന്നു. മതിയായ പരിശീലനമോ വൈദഗ്ധ്യമോ ഇല്ലാത്ത 8,100 മൈക്രോ ഒബ്സര്‍വര്‍മാരെ ഏകപക്ഷീയമായി വിന്യസിച്ചതിനെയും മമത ഹര്‍ജിയില്‍ ചോദ്യം ചെയ്തിരുന്നു.

വിഷയത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി കോടതിയുടെ പരിഗണനയിലിരിക്കെയാണ് മമത ബാനര്‍ജി ഹര്‍ജി സമര്‍പ്പിച്ചത്. സംസ്ഥാനത്തെ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തെ ശക്തമായി എതിര്‍ക്കുന്ന നിലപാടാണ് മമത ബാനര്‍ജി ആദ്യം മുതല്‍ സ്വീകരിച്ചുവന്നിരുന്നത്. വ്യാപകമായ നിലയില്‍ ക്രമക്കേട് നടക്കുന്നുണ്ടെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും തൃണമൂല്‍ കോണ്‍ഗ്രസും ആരോപിച്ചിരുന്നു.

Content Highlights- West Bengal Chief Minister Mamata Banerjee is set to appear in person before the Supreme Court on Wednesday

To advertise here,contact us