ചെന്നൈ: തമിഴ്നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ ആറ് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ച് തമിഴ്നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ. ചൊവ്വാഴ്ച കോയമ്പത്തൂരില്‍ മാധ്യങ്ങളോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എഐഎഡിഎംകെയുമായുള്ള സഖ്യത്തിന് പിന്നാലെ ബിജെപി വിജയപ്രതീക്ഷ വെച്ച് പുലര്‍ത്തുന്ന 41 മണ്ഡലങ്ങളില്‍ ആറെണ്ണത്തിന്റെ ചുമതല അണ്ണാമലൈയ്ക്ക് ആയിരുന്നു.
അച്ഛന് സുഖമില്ലാത്തതിനാലാണ് തീരുമാനമെന്നാണ് അണ്ണാമലൈയുടെ വിശദീകരണം.
പിതാവിന് സുഖമില്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ പരിചരണം തന്റെ കടമയാണ്. അതാണ് തന്റെ പ്രഥമ പരിഗണന. ഈ അവസ്ഥയില്‍ തനിക്ക് അടിസ്ഥാന പ്രവര്‍ത്തനങ്ങളോ യാത്രകളോ നടത്താന്‍ കഴിയില്ല. പാര്‍ട്ടി തന്റെ ആവശ്യം അംഗീകരിച്ചു. അതിനാല്‍ തന്റെ ഉത്തരവാദിത്തമായിരുന്ന ആറു മണ്ഡലങ്ങളുടെ ചുമതല മറ്റ് നേതാക്കളെ ഏല്‍പ്പിക്കുമെന്നും അണ്ണാമലൈ മാധ്യമങ്ങളോട് വിശദീകരിച്ചു.
തെരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്ന് ഒഴിഞ്ഞെങ്കിലും പാര്‍ട്ടിയില്‍ തന്നെ ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിക്കായി പ്രചരണത്തിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും ഒപ്പമുണ്ടാകുമെന്നും ഇക്കാര്യത്തെ കുറിച്ച് സംസ്ഥാന പ്രസിഡന്റ് നൈനാര്‍ നാഗേന്ദ്രനുമായും മറ്റ് മുതിര്‍ന്ന നേതാക്കളുമായും ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അണ്ണാമലൈ വ്യക്തമാക്കി.
"എന്നെ ഏല്‍പ്പിക്കുന്ന മറ്റേത് ഉത്തരവാദിത്വവും ചെയ്യാന്‍ തയ്യാറാണ്. അത് പാര്‍ട്ടിക്ക് വേണ്ടിയായാലും സഖ്യകക്ഷിയായ എഐഎഡിഎംകെയ്ക്ക് വേണ്ടിയായാലും ചെയ്യും. ബിജെപി നേതൃത്വമാണ് തെരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിക്കണോ വേണ്ടയോ അതോ മറ്റ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമാകണോ എന്ന് തീരുമാനിക്കുന്നത്"- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം എഐഎഡിഎംകെയുമായുള്ള സഖ്യത്തില്‍ അണ്ണാമലൈ തൃപ്തനായിരുന്നില്ലെന്നും അതാണ് തീരുമാനത്തിന് പിന്നിലെന്നുമുള്ള പ്രചരണവും സജീവമാണ്.
Content Highlights: K Annamalai steps down as election in charge citing personal reasons