ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യ- യുഎസ് വ്യാപാര കരാർ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. മോദി ട്രംപിന് കീഴ്പ്പെട്ടെന്നും സ്വന്തം സർക്കാരിന്റെ വിവരങ്ങളും തീരുമാനങ്ങളും രാജ്യം അറിയുന്നത് ട്രംപ് പറഞ്ഞിട്ടാണെന്നും ജയറാം രമേശ് പരോക്ഷമായി വിമർശിച്ചു. സമൂഹമാധ്യമമായ എക്സിലൂടെയായിരുന്നു ജയറാം രമേശിന്റെ പ്രതികരണം.
ട്രംപ് വാഷിംഗ്ടൺ ഡിസിയിൽനിന്ന് ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. റഷ്യയിൽനിന്നും വെനസ്വേലയിൽനിന്നുമുള്ള എണ്ണ വാങ്ങലിനെ കുറിച്ച് അപ്ഡേറ്റുകളും ട്രംപ് വാഷിംഗ്ടണിൽനിന്ന് പ്രഖ്യാപിച്ചു. ഇപ്പോൾ ഇതാ അദ്ദേഹം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറും വാഷിംഗ്ടണിൽനിന്ന് പ്രഖ്യാപിച്ചിരിക്കുന്നു. അതിന്റെ പൂർണവിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും ജയറാം രമേശ് പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒടുവിൽ ട്രംപിന് കീഴടങ്ങിയെന്ന് തോന്നുന്നു. തീർച്ചയായും ഇതിന് എല്ലാ ഇടപാടുകളുടെയും പിതാവാകാൻ കഴിയില്ലെന്ന് ജയറാം രമേശ് കുറിച്ചു.
ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ ധാരണയായെന്ന് ഡോണൾഡ് ട്രംപാണ് ആദ്യം അറിയിച്ചത്. ട്രൂത്ത് സോഷ്യലിലൂടെ ആയിരുന്നു ട്രംപ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് മേലുള്ള താരിഫ് 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കുമെന്ന് പറഞ്ഞ ട്രംപ്, റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്നും പകരം വെനസ്വേലയിൽ നിന്ന് എണ്ണ വാങ്ങുമെന്നും പറഞ്ഞിരുന്നു. എണ്ണവാങ്ങലിലെ ഇന്ത്യയുടെ ഈ നടപടി മൂലം റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുമെന്നും ട്രംപ് പറയുകയുണ്ടായി. മോദിയുമായി ഫോണിൽ സംസാരിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. മോദിയെ ഉറ്റ സുഹൃത്ത് എന്നും രാജ്യത്തെ ശക്തനായ നേതാവെന്നുമാണ് ട്രംപ് വിശേഷിപ്പിച്ചത്.
എന്നാൽ ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് മോദി വ്യാപാര കരാറിലെത്തിയ കാര്യം സ്ഥിരീകരിച്ചത്. താരിഫ് കുറയ്ക്കുമെന്ന് അറിഞ്ഞതിൽ സന്തോഷമെന്നും രാജ്യത്തെ 140 കോടി ജനങ്ങളുടെ പേരിൽ ട്രംപിന് നന്ദി പറയുന്നുവെന്നുമാണ് പ്രധാനമന്ത്രി എക്സിൽ കുറിച്ചത്.
Content Highlights: congress leader jairam ramesh slams centre and pm narendra modi over india - us trade deal announcement of American president donald trump