ന്യൂ ഡൽഹി: ഇന്ത്യ യുഎസ് വ്യാപാരകരാർ പ്രഖ്യാപനത്തിൽ രൂക്ഷവിമർശനവുമായി സിപിഐഎം നേതാവും രാജ്യസഭാ എംപിയുമായ ഡോ. ജോൺ ബ്രിട്ടാസ്. ഇന്ത്യക്കാരെ ഇരുട്ടിൽ നിർത്തിയാണ് ട്രംപ് കരാർ പ്രഖ്യാപനം നടത്തിയതെന്നും ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്, ട്രംപ് അല്ല എന്ന കാര്യമെങ്കിലും ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് ബ്രിട്ടാസ് പറഞ്ഞു. കരാർ പ്രകാരം ഇന്ത്യയുടെ സമ്പത്ത് മുഴുവൻ അമേരിക്കയ്ക്ക് നൽകേണ്ടിവരുമെന്നും അമേരിക്കയുടെ താളത്തിനൊത്ത് തുള്ളുകയാണ് മോദിയെന്നും ബ്രിട്ടാസ് കുറ്റപ്പെടുത്തി.
രാത്രി വൈകി കരാർ പ്രഖ്യാപിച്ചതിനെയും ബ്രിട്ടാസ് വിമർശിച്ചു. മന്ത്രിമാർ രാത്രി വിവരം പങ്കുവെച്ചത് അപമാനകരമാണ്. ഉറങ്ങാതെ കാത്തുകെട്ടിയിരുന്ന ശേഷം പ്രധാനമന്ത്രി 11 മണിക്ക് ശേഷമാണ് ട്രംപിന് മറുപടി നൽകിയത്. കോടാനുകോടി വരുന്ന ജനങ്ങളെ ബാധിക്കുന്ന വിഷയമാണിത്. ട്രംപ് നൽകിയ വിവരപ്രകാരം കരാറിൽ അമേരിക്കയ്ക്കാണ് മേൽക്കൈ. അമേരിക്കൻ ഉത്പന്നങ്ങൾ വാങ്ങിപ്പിക്കാനുള്ള സമ്മർദ്ദതന്ത്രമായിരുന്നു താരിഫ് വർധന എന്നും ഈ തന്ത്രത്തെ അതിജീവിച്ച രാജ്യങ്ങൾ നമുക്ക് മുൻപിലുണ്ട് എന്നും ബ്രിട്ടാസ് വിമർശിച്ചു.
മോദിക്ക് ട്രംപിനെ പേടിയാണെന്നും ബ്രിട്ടാസ് പരിഹസിച്ചു. ഇസ്രയേലിൽ പോയി എപ്സ്റ്റീൻ്റെയും ട്രംപിൻ്റെയും താളത്തിനൊത്ത് മോദി നൃത്തം ചെയ്തു. ഇന്ത്യയുടെ താൽപ്പര്യങ്ങളെ മോദി അടിയറവ് വെയ്ക്കുകയാണ് എന്നും ബ്രിട്ടാസ് ആഞ്ഞടിച്ചു.
രാജ്യസഭയുടെ മേശപ്പുറത്ത് കൃത്രിമ കാലുകൾ വെച്ചുകൊണ്ടുള്ള സി സദാനന്ദന്റെ പ്രസംഗത്തെയും ബ്രിട്ടാസ് വിമർശിച്ചു. സി സദാനന്ദൻ നടത്തിയത് വില കുറഞ്ഞ നാടകമെന്നും സദാനന്ദൻ അക്രമിക്കപ്പെടുന്നതിന് മുൻപ് കണ്ണൂരിൽ നടന്നതും ചർച്ചയാകണമെന്നും ബ്രിട്ടാസ് പറഞ്ഞു. കൃത്രിമ കാൽ എടുത്ത് മേശപ്പുറത്ത് വെച്ചത് തെറ്റായ നടപടിയെന്നും അതിനോട് രാജ്യസഭ ചെയർമാനും യോജിച്ചു എന്നും ബ്രിട്ടാസ് പറഞ്ഞു. താൻ നുണയൻ എന്ന് വിളിച്ചത് കള്ളക്കേസുകൾ വാദിച്ചു നടക്കുന്ന ഉജ്ജൽ നിഗം എംപിയെയാണ് എന്നും ബ്രിട്ടാസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഇന്ത്യ യുഎസ് പ്രതിരോധ കരാറിൽ ധാരണയായതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കിയത്. ട്രൂത്ത് സോഷ്യലിലൂടെ ട്രംപാണ് ഇക്കാര്യം ആദ്യം അറിയിച്ചത്. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് മേലുള്ള താരിഫ് 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കുമെന്നും വെനസ്വേലയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുമെന്നും ട്രംപ് പറഞ്ഞിരുന്നു.മോദിയെ ഉറ്റ സുഹൃത്ത് എന്നും രാജ്യത്തെ ശക്തനായ നേതാവെന്നുമാണ് ട്രംപ് വിശേഷിപ്പിച്ചത്. വെനസ്വേലയിൽ നിന്ന് എണ്ണ വാങ്ങുന്നത് വഴി റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു.
താരിഫ് കുറയ്ക്കുമെന്ന് അറിഞ്ഞതിൽ സന്തോഷമെന്നും രാജ്യത്തെ 140 കോടി ജനങ്ങളുടെ പേരിൽ ട്രംപിന് നന്ദി പറയുന്നുവെന്നുമായിരുന്നു പ്രധാനമന്ത്രി 'എക്സി'ൽ കുറിച്ചത്. ലോകത്തെ രണ്ട് വലിയ സമ്പദ് വ്യവസ്ഥകൾ ഒന്നിച്ച് പ്രവർത്തിക്കുന്നത് ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് ഗുണം ചെയ്യുമെന്നും മോദി കുറിച്ചു. ട്രംപിന്റെ നേതൃപാടവം ലോക സമാധാനത്തിനും സുസ്ഥിരതയ്ക്കും ഗുണകരമാകും. ട്രംപിൻ്റെ പ്രഖ്യാപനത്തെ പൂർണമായും പിന്തുണയ്ക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തിരുന്നു.
Content Highlights: Dr. John Brittas has sharply criticized the India - US trade deal, criticizing PM Modi on his surrender. Brittas expressed strong disapproval of the government's approach to trade deal.