ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റ് അവതരണത്തോടെ രാജ്യത്ത് ഏതെല്ലാം വസ്തുക്കൾക്കാണ് വില കൂടുകയെന്നും കുറയുകയെന്നുമാണ് ജനം ഉറ്റുനോക്കുന്നത്. കാൻസർ മരുന്നുകളുടെ നികുതി കുറച്ചതും 17 മരുന്നുകൾക്ക് കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയതും രോഗികൾക്ക് ആശ്വാസകരമാകും. അതേസമയം മദ്യം, പുകയില ഉത്പന്നങ്ങളായ സിഗരറ്റ്, പാൻമസാല എന്നിവയുടെ വില ഉയരുമെന്നാണ് ബജറ്റ് പ്രഖ്യാപനത്തിലൂടെ വ്യക്തമാകുന്നത്.
കാൻസർ മരുന്നുകൾ, 17 മരുന്നുകൾ, ചില പ്രമേഹരോഗത്തിനുള്ള മരുന്നുകൾ, സമുദ്ര ഭക്ഷ്യവിഭവങ്ങൾ, വിദേശ ടൂറിസം പാക്കേജുകൾ, വിദേശപഠന ചെലവ്, ലെതർ ഉല്പന്നങ്ങൾ, സ്മാർട്ട്ഫോൺ, ഇവി ബാറ്ററി, സോളാർ പാനൽ, മൈക്രോവേവ് ഓവൻ, സ്പോർട് ഉപകരണങ്ങൾ, ലിഥിയം ബാറ്ററി ഘടകങ്ങൾ, ചെരുപ്പ് എന്നിവയുടെ വില കുറയും. എയര്‍ക്രാഫ്റ്റ് ഭാഗങ്ങള്‍ക്ക് നികുതി ഒഴിവാക്കിയിട്ടുണ്ട് ഇതോടെ ഇവയ്ക്കും വില കുറയും.
മദ്യം, പുകയില ഉത്പന്നങ്ങളായ സിഗരറ്റ്, പാൻമസാല എന്നിവയുടെ വില ഉയരും. മദ്യത്തിന്മേലുള്ള നികുതി വർധിപ്പിച്ചതിനാലാണ് വിലകൂടുന്നത്. ആഡംബര വാച്ച്, ഡിജിറ്റല്‍ ക്യാമറ, വീഡിയോ ഗെയിമിങ് ആന്‍ഡ് സോഫ് റ്റ് വെയർ, ആക്രിസാധനങ്ങൾ, ചില ധാതുക്കൾ എന്നിവയുടെ വില ഉയരും. അതേസമയം ഓഹരി വിപണിയുമായി ബന്ധപ്പെട്ട ഫ്യൂച്ചേഴ്സ് ആന്റ് ഓപ്ഷൻസ് (എഫ്ആന്റ് ഒ) ട്രേഡിംഗിന് ചെലവേറും.
സുസ്ഥിര സാമ്പത്തികവളര്‍ച്ച, ജനങ്ങളുടെ പ്രതീക്ഷ വര്‍ധിപ്പിക്കുക, ഇന്ത്യയുടെ വളര്‍ച്ചയില്‍ ജനപങ്കാളിത്തം ഉറപ്പാക്കുക, എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം എന്നീ മൂന്ന് കർത്തവ്യങ്ങൾക്കാണ് ഊന്നലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ധനമന്ത്രി ബജറ്റ് പ്രസംഗം ആരംഭിച്ചത്.
ആഗോള ബയോ ഫാർമ ഉത്പാദന ഹബ്ബാക്കി രാജ്യത്തെ മാറ്റും, സെമി കണ്ടക്ടര്‍ മിഷന് 40000 കോടി രൂപ, ചെറുകിട വ്യവസായത്തിന് 10,000 കോടി, ടെക്സ്റ്റൈൽ മേഖലയ്ക്ക് 5 പദ്ധതികൾ, ചെറുകിട, സൂക്ഷ്മ, ഇടത്തരം വ്യവസായങ്ങൾക്ക് 2000 കോടി എന്നിങ്ങനെയാണ് പ്രഖ്യാപനങ്ങൾ.
ആഗോളതലത്തിൽ മത്സരക്ഷമതയുള്ള കായിക വസ്തുക്കൾ നിർമ്മിക്കുന്നതിനുള്ള പദ്ധതിയും നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു. ചരക്ക് നീക്കത്തിന് പുതിയ ഇടനാഴികൾ, അഞ്ച് വർഷത്തിനുള്ളിൽ 20 പുതിയ ദേശീയ ജലപാതകൾ പ്രാവർത്തികമാക്കുക, എല്ലാ ജില്ലകളിലും നിർബന്ധമായും വനിത ഹോസ്റ്റൽ, അഞ്ച് ലക്ഷത്തിലധികം ജനസംഖ്യയുള്ള ടയർ 2, ടയർ 3 നഗരങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും തുടങ്ങിയ പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടായി. ഇതിനിടെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍നിന്ന് മോചിപ്പിച്ചുവെന്ന് ധാനകാര്യ മന്ത്രി അവകാശപ്പെട്ടു.
വിക്സിത് ഭാരതിനായുള്ള ബാങ്കിങ് സംബന്ധ കാര്യങ്ങൾക്ക് ഉന്നതതല സമിതി രൂപീകരിക്കുമെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു. അർബുദ, പ്രമേഹ മരുന്നുകളുടെ വില കുറയും എന്നതാണ് ജനക്ഷേമപരമായ ഒരു നടപടി. ടൂറിസം മേഖലയ്ക്ക് കാര്യമായ പരിഗണനയുണ്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി സ്ഥാപിക്കും, 10000 ഗൈഡുകളെ 20 ഐക്കോണിക് ടൂറിസ്റ്റ് സ്ഥലങ്ങളില്‍ നിയമിക്കും, ഇവർക്ക് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജുമെന്റുമായി ചേര്‍ന്ന് പരിശീലനം നല്‍കും, ഹിമാചല്‍, ഉത്തരാഖണ്ഡ്, ജമ്മു കാശ്മീര്‍ സംസ്ഥാനങ്ങളിൽ ട്രക്കിംഗ് - ഹൈക്കിംഗ് മേഖല എന്നിങ്ങനെയാണ് ടൂറിസം മേഖലയ്ക്കുള് പ്രഖ്യാപനങ്ങൾ. വിദ്യാഭ്യാസം മുതൽ തൊഴിൽ വരെയുള്ള മേഖലകളെ പരിഗണിച്ച് സ്റ്റാൻഡിങ് കമ്മിറ്റി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Content Highlights: nirmala sitharaman union budget 2026, the details about what's cheaper and what dearer