മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി അജിത് പവാറിന്റെ ഭാര്യയും എം പിയുമായ സുനേത്ര പവാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മഹാരാഷ്ട്രയിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയാണ് 62കാരിയായ സുനേത്ര. ലോക്ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്, ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. സുനേത്രയുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ എൻസിപി നേതാക്കൾ അജിത് പവാറിന് ജയ് വിളിക്കുകയും 'അജിത് ദാദാ അമർ രഹേ' എന്ന് മുദ്രാവാക്യം മുഴക്കുകയും ചെയ്തു. നിലവിൽ രാജ്യസഭ അംഗമായ സുനേത്ര പവാർ ആ സ്ഥാനം രാജിവെക്കും. തുടർന്ന് അജിത് പവാറിന്റെ മണ്ഡലമായ ബാരാമതി നിയമസഭാ സീറ്റിൽനിന്ന് ജനവിധി തേടും.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സുപ്രിയ സുലെയ്ക്കെതിരെ സുനേത്ര ബാരാമതിയിൽ നിന്ന് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. ഫെബ്രുവരി ഏഴിന് പൂനെ ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായി പാർട്ടിയെ നയിക്കാൻ സുനേത്ര പവാർ ഉപമുഖ്യമന്ത്രി സ്ഥാനമേൽക്കണമെന്ന നിർദേശം പാർട്ടിയിലെ മുതിർന്ന നേതാക്കളാണ് മുന്നോട്ടുവെച്ചത്.
ജനുവരി 28നാണ് ബാരാമതി വിമാനത്താവളത്തിന് സമീപമുണ്ടായ വിമാനാപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടത്. വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തുന്നതിനിടെയാണ് അജിത് പവാർ സഞ്ചരിച്ചിരുന്ന പ്രൈവറ്റ് ജെറ്റ് വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് തകർന്നുവീണത്. ലാൻഡ് ചെയ്യുന്ന സമയത്ത് നിയന്ത്രണം നഷ്ടപ്പെടുകയും തകർന്നുവീണതിന് പിന്നാലെ വിമാനം രണ്ടായി പിളരുകയുമായിരുന്നു. തുടർന്ന് വിമാനം പൂർണമായും കത്തിയമരുകയായിരുന്നു. അപകടത്തിൽ അജിത് പവാറിന്റെ സുരക്ഷാ ഉദ്യോഗസ്ഥൻ വിദിപ് ജാദവ്, പൈലറ്റുമാരായ സുമിത് കപൂർ, സാംഭവി പഥക്, ഫ്ളൈറ്റ് അസിസ്റ്റന്റ് പിങ്കി മാലി എന്നിവരും കൊല്ലപ്പെട്ടിരുന്നു. മഹാരാഷ്ട്രയിലെ രാഷ്ട്രീയചലനങ്ങളിൽ നിർണായക ഇടപെടലുകൾ നടത്തിയ നേതാവാണ് അജിത് പവാർ. എട്ട് തവണ നിയമസഭാംഗവും അഞ്ച് തവണ ഉപമുഖ്യമന്ത്രിയും മന്ത്രിയുമായിരുന്ന അജിത് പവാർ എൻസിപിയുടെ മുഖമായിരുന്നു.
Content Highlights: Baramati plane crash; Ajit Pawar's wife Sunetra Pawar take oath as deputy chief minister of maharashtra, she is the first women to hold the post