'അവന്റെ പ്രതികരണം നോക്കാം', ജയിലിൽ കാമുകിയുടെ സർപ്രൈസ് വിസിറ്റ്, വീഡിയോ ചിത്രീകരണം; വ്യാപക വിമർശനം

വീഡിയോ വൈറലായതോടെ ജയില്‍ സുരക്ഷയെക്കുറിച്ചുള്ള ചോദ്യങ്ങളും ഉയരുകയാണ്

ഭോപ്പാല്‍: ജയിലില്‍ കാമുകനെ കാണാനെത്തിയ കാമുകി വീഡിയോ ചിത്രീകരിച്ച് 'യഥാര്‍ത്ഥ പ്രണയം' സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതോടെ സംഭവം വിവാദത്തില്‍. റായ്പൂരിലെ സെന്‍ട്രല്‍ ജയിലിലാണ് സംഭവം. മൊബൈല്‍ ഫോണുമായി ജയിലിനുള്ളിലേക്ക് കടക്കാന്‍ യാതൊരു അനുമതിയും ഇല്ലാത്ത സാഹചര്യത്തിലാണ് യുവതി വീഡിയോ എടുക്കുകയും അത് സമൂഹമാധ്യമത്തിലൂടെ പങ്കുവെയ്ക്കുകയും ചെയ്തിരിക്കുന്നത്.

വീഡിയോ വൈറലായതോടെ ജയില്‍ സുരക്ഷയെക്കുറിച്ചുള്ള ചോദ്യങ്ങളും ഉയരുകയാണ്. 'അവന്റെ പ്രതികരണം നോക്കാ'മെന്ന് പറഞ്ഞുകൊണ്ട് സര്‍പ്രൈസ് നല്‍കിക്കൊണ്ടാണ് ജയിലിലേക്കുള്ള കാമുകിയുടെ വരവ്.

'ഇന്ന് എന്റെ കാമുകന്റെ ജന്മദിനമാണ്. ഞാന്‍ അവനെ കാണാന്‍ സെന്‍ട്രല്‍ ജയിലിലേക്ക് വന്നിരിക്കുന്നു. അവന്‍ എന്നോടൊപ്പം ഇല്ലാത്തത് വളരെയധികം വേദനിപ്പിച്ചു. പക്ഷേ ഞാന്‍ അവനെ കാണാന്‍ വന്നു', യുവതി പറയുന്നു. വിസിറ്റിംഗ് റൂമിനുള്ളില്‍ കാമുകനുമായി സംസാരിക്കുന്നതിനിടെ ചിത്രീകരിച്ച വീഡിയോ പിന്നീട് അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെക്കുകയായിരുന്നു.

വീഡിയോയില്‍ കാണുന്ന തടവുകാരന്‍ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍ഡിപിഎസ്) ആക്ട് കേസില്‍ പ്രതിയായ റായ്പൂര്‍ സെന്‍ട്രല്‍ ജയിലിലുള്ള തര്‍ക്കേശ്വര്‍ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ജയില്‍ അധികൃതര്‍ സംഭവത്തെക്കുറിച്ച് ഇതുവരെ പ്രതികരിക്കാന്‍ തയാറായിട്ടില്ല.

ജയില്‍ നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് നടന്നതെന്ന് പലരും വിമര്‍ശിച്ചു. തടവുപുള്ളികളുടെ സന്ദര്‍ശന സ്ഥലത്തേക്ക് മൊബൈല്‍ ഫോണുകള്‍ കൊണ്ടുപോകുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. റായ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മുന്‍പും ഇത്തരത്തില്‍ വീഡിയോ പ്രചരിച്ചിട്ടുണ്ട്. പ്രതിയായ മുഹമ്മദ് റാഷിദ് അലി എന്ന രാജ ബൈജാദിന്റെ വര്‍ക്ക്ഔട്ട് വീഡിയോ സാഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സഹതടവുകാരുമൊത്തുള്ള സെല്‍ഫികളും ഇയാളുടെ അക്കൗണ്ടില്‍ നിന്ന് പോസ്റ്റ് ചെയ്തിരുന്നു.

Content Highlights: Woman Surprises Boyfriend In Jail Shoots Reel in raipur central jail

To advertise here,contact us