ബെംഗളൂരു: കോണ്ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി. 57 വയസായിരുന്നു. ആദായ വകുപ്പ് റെയ്ഡിനിടെയാണ് സംഭവം. ബെംഗളൂരുവിലെ അശോക് നഗറിലുള്ള കോര്പ്പറേറ്റ് ഓഫീസില്വെച്ച് അദ്ദേഹം സ്വയം വെടിയുതിര്ത്തുകയായിരുന്നു. അശോക് നഗര് പൊലീസ് സംഭവ സ്ഥലത്തേയ്ക്ക് എത്തിയിട്ടുണ്ട്.
ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. ആദായ വകുപ്പ് ഉദ്യോഗസ്ഥര് പരിശോധനയ്ക്ക് നേരത്തേ എത്തിയിരുന്നു. രണ്ട് മണിയോടെയാണ് റോയ് ഓഫീസില് എത്തിയത്. ആദായ വകുപ്പ് ഉദ്യോഗസ്ഥര് ചില രേഖകള് ആവശ്യപ്പെട്ടിരുന്നു. ഒരു മണിക്കൂര് കഴിഞ്ഞിട്ടും റോയ് രേഖകള് ഹാജരാക്കിയില്ല. തുടര്ന്നാണ് റോയ് സ്വയം നിറയൊഴിച്ചത്. ഉദ്യോഗസ്ഥര് തന്നെയാണ് റോയ്യെ ബെംഗളൂരുവിലെ നാരായണ ആശുപത്രിയില് പ്രവേശിപ്പിച്ചത്. ആശുപത്രിയില് എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. സ്വന്തം ഉടമസ്ഥതയിലുള്ള തോക്ക് ഉപയോഗിച്ചാണ് റോയ് നിറയൊഴിച്ചതെന്നാണ് വിവരം. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ബെംഗളൂരുവില് അടക്കം കോണ്ഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസുകളില് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.
തൃശൂർ സ്വദേശിയാണ് റോയ്. കേരളം, കര്ണാടക, തമിഴ്നാട് ഉള്പ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തുമായി റിയല് എസ്റ്റേറ്റ് മേഖലയില് സജീവ സാന്നിധ്യമായിരുന്നു സി ജെ റോയ്. റിയല് എസ്റ്റേറ്റ് കൂടാതെ ഹോസ്പിറ്റാലിറ്റി, ഏവിയേഷന്, എന്റര്ടെയ്ന്മെന്റ്, വിദ്യാഭ്യാസം, ഗോള്ഫിംഗ്, റീട്ടെയില്, ഇന്റര്നാഷണല് ട്രേഡിങ്ങ് (ബില്ഡിംഗ് മെറ്റീരിയല്സ്) തുടങ്ങിയ മേഖലകളിലും സി ജെ റോയ് സജീവ സാന്നിധ്യമായിരുന്നു. റിയല് എസ്റ്റേറ്റ് പ്രോജക്റ്റുകള് നടപ്പിലാക്കുമ്പോള് 'സീറോ ഡെബിറ്റ്' (കടരഹിത) നയം സ്വീകരിച്ചിരുന്നു. അറബ് ലോകത്തെ ഇന്ത്യന് ബിസിനസുകാരുടെ ഫോബ്സ് പട്ടികയില് 14-ാം സ്ഥാനത്ത് എത്തിയിരുന്നു. കോണ്ഫിഡന്റ് ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആസ്ഥാനം ബെംഗളൂരുവിലും അന്താരാഷ്ട്ര ആസ്ഥാനം ദുബായിലുമാണ്. ഭാര്യ: ലിനി റോയ്, മക്കള്: രോഹിത്, റിയ
(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)
Content Highlights- Confident Group owner C J Roy took his own life during a raid conducted by the Enforcement Directorate (ED) in Bengaluru