ബെംഗളൂരു: കോണ്ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കിയ സംഭവത്തില് പ്രതികരണവുമായി കര്ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്. ആദായനികുതി വകുപ്പിന്റെ പരിശോധന നടക്കുന്നതിനിടയില് ഉദ്യോഗസ്ഥര് നിരവധി ചോദ്യങ്ങള് ചോദിച്ചതിന് പിന്നാലെ അഞ്ച് മിനിറ്റ് സമയം നല്കണമെന്ന് ആവശ്യപ്പെട്ട് മുറിക്കുളളിലേക്ക് കയറിയാണ് റോയ് ജീവനൊടുക്കിയതെന്ന് ഡി കെ ശിവകുമാര് വ്യക്തമാക്കി.
ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് പീഡനമുണ്ടായെങ്കില് അതിനെ ശക്തമായി എതിര്ക്കുന്നുവെന്നും കേരളത്തില് നിന്ന് എത്തിയ ആദായനികുതി വകുപ്പ് സംഘമാണ് പരിശോധന നടത്തിയതെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും ശിവകുമാര് പറഞ്ഞു. സി ജെ റോയ് നല്ല വ്യവസായി ആയിരുന്നെന്നും ഇത്തരമൊരു സംഭവം ഒരിക്കലും ഉണ്ടാകരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില് കര്ണാടക സര്ക്കാര് ഉന്നതതല അന്വേഷണം നടത്തുമെന്നും സത്യാവസ്ഥ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ നടപടികള് സ്വീകരിക്കുമെന്നും ഡി കെ ശിവകുമാര് അറിയിച്ചു.
ഇന്ന് ഉച്ചയോടെ ആദായനികുതി വകുപ്പിന്റെ റെയ്ഡിനിടെയാണ് സി ജെ റോയ് ജീവനൊടുക്കിയത്. ബെംഗളൂരുവിലെ അശോക് നഗറിലുള്ള കോര്പ്പറേറ്റ് ഓഫീസില്വെച്ച് അദ്ദേഹം സ്വയം വെടിയുതിര്ത്തുകയായിരുന്നു. ആദായ വകുപ്പ് ഉദ്യോഗസ്ഥര് പരിശോധനയ്ക്ക് നേരത്തേ എത്തിയിരുന്നു. രണ്ട് മണിയോടെയാണ് റോയ് ഓഫീസില് എത്തിയത്. ആദായ വകുപ്പ് ഉദ്യോഗസ്ഥര് ചില രേഖകള് ആവശ്യപ്പെട്ടിരുന്നു. ഒരു മണിക്കൂര് കഴിഞ്ഞിട്ടും റോയ് രേഖകള് ഹാജരാക്കിയില്ല. തുടര്ന്നാണ് റോയ് സ്വയം നിറയൊഴിച്ചത്. ഉദ്യോഗസ്ഥര് തന്നെയാണ് റോയ്യെ ബെംഗളൂരുവിലെ നാരായണ ആശുപത്രിയില് പ്രവേശിപ്പിച്ചത്. ആശുപത്രിയില് എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. സ്വന്തം ഉടമസ്ഥതയിലുള്ള തോക്ക് ഉപയോഗിച്ചാണ് റോയ് നിറയൊഴിച്ചതെന്നാണ് വിവരം. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ബെംഗളൂരുവില് അടക്കം കോണ്ഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസുകളില് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.
Content Highlights: 'CJ Roy killed himself by going inside the room after asking the it officials for five minutes':DK Shivakumar