അജിത് പവാറിൻ്റെ ഭാര്യ സുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ

സുനേത്ര പവാര്‍ ഉപമുഖ്യമന്ത്രി സ്ഥാനമേല്‍ക്കണമെന്ന നിര്‍ദേശം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളാണ് മുന്നോട്ടുവെച്ചത്

മുംബൈ: മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രിയായി സുനേത്ര പവാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും. നാളെ വൈകുന്നേരം അഞ്ച് മണിക്കായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. വിമാനാപകടത്തില്‍ അന്തരിച്ച അജിത് പവാറിന് പകരമായി അദ്ദേഹത്തിന്റെ പത്‌നിയെ ഉപമുഖ്യമന്ത്രി പദവിയിലേക്ക് കൊണ്ടുവരാനുളള നിര്‍ദേശം പാര്‍ട്ടി നേതൃത്വം അംഗീകരിച്ചതായി എന്‍സിപിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. എക്‌സൈസ്, കായിക വകുപ്പുകള്‍ സുനേത്രയ്ക്ക് നല്‍കുമെന്നാണ് വിവരം. ബജറ്റ് അടുത്തതിനാല്‍ ധനകാര്യ വകുപ്പ് ഫട്‌നാവിസ് തന്നെ കൈകാര്യം ചെയ്യും. ശേഷം എന്‍സിപിയ്ക്ക് കൈമാറും. നിലവില്‍ രാജ്യസഭാ എംപിയാണ് സുനേത്ര പവാര്‍.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുനേത്ര സുപ്രിയ സുലെയ്‌ക്കെതിരെ ബാരാമതിയില്‍ നിന്ന് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. ഫെബ്രുവരി ഏഴിന് പൂനെ ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നേ പാര്‍ട്ടിയെ നയിക്കാന്‍ സുനേത്ര പവാര്‍ ഉപമുഖ്യമന്ത്രി സ്ഥാനമേല്‍ക്കണമെന്ന നിര്‍ദേശം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളാണ് മുന്നോട്ടുവെച്ചത്. എന്‍സിപിയുടെ രണ്ട് വിഭാഗങ്ങളും വീണ്ടും ഒന്നിക്കാന്‍ ഒരുങ്ങുന്നതായും തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ഫെബ്രുവരി രണ്ടാംവാരത്തോടെ ലയനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും എന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ജനുവരി 28നാണ് ബാരാമതി വിമാനത്താവളത്തിന് സമീപമുണ്ടായ വിമാനാപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടത്. വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തുന്നതിനിടെയാണ് അജിത് പവാര്‍ സഞ്ചരിച്ചിരുന്ന പ്രൈവറ്റ് ജെറ്റ് വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് തകര്‍ന്നുവീണത്. ലാന്‍ഡ് ചെയ്യുന്ന സമയത്ത് നിയന്ത്രണം നഷ്ടപ്പെടുകയും തകര്‍ന്നുവീണതിന് പിന്നാലെ വിമാനം രണ്ടായി പിളരുകയുമായിരുന്നു. തുടര്‍ന്ന് വിമാനം പൂര്‍ണമായും കത്തിയമരുകയായിരുന്നു. മഹാരാഷ്ട്രയിലെ രാഷ്ട്രീയചലനങ്ങളില്‍ നിര്‍ണായക ഇടപെടലുകള്‍ നടത്തിയ നേതാവാണ് അജിത് പവാര്‍. എട്ട് തവണ നിയമസഭാംഗവും അഞ്ച് തവണ ഉപമുഖ്യമന്ത്രിയും മന്ത്രിയുമായിരുന്ന അജിത് പവാർ എന്‍സിപിയുടെ മുഖമായിരുന്നു.

Content Highlights: Ajit Pawar's wife Sunetra Pawar to take oath as Maharashtra Deputy Chief Minister tomorrow

To advertise here,contact us