അടുത്ത സാമ്പത്തിക വര്‍ഷം രാജ്യം 7.2 ശതമാനം വരെ വളര്‍ച്ച നേടും; സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് അവതരിപ്പിച്ചു

ധനകമ്മി 4.4 ശതമാനമായി നിലനിര്‍ത്താനാകുമെന്നും സാമ്പത്തിക സര്‍വേയില്‍ പറയുന്നു

ഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റിന് മുന്നോടിയായി സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് സഭയില്‍ അവതരിപ്പിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. അടുത്ത സാമ്പത്തിക വര്‍ഷം രാജ്യം 7.2 ശതമാനം വരെ വളര്‍ച്ച നേടുമെന്നും നടപ്പ് സാമ്പത്തിക വര്‍ഷം 7.4 ശതമാനം വളര്‍ച്ച നേടുമെന്നുമാണ് സര്‍വേയില്‍ വ്യക്തമാക്കുന്നത്. ധനകമ്മി 4.4 ശതമാനമായി നിലനിര്‍ത്താനാകുമെന്നും സാമ്പത്തിക സര്‍വേയില്‍ പറയുന്നു. 2025-ല്‍ ഇന്ത്യന്‍ രൂപ മോശം പ്രകടനമാണ് കാഴ്‌ച വച്ചതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വിദേശ മൂലധന നിക്ഷേപത്തിന്‍റെ കുത്തൊഴുക്കാണ് രൂപയുടെ പ്രകടനത്തെ ബാധിച്ചത്.

അമേരിക്കയുമായുള്ള ഇന്ത്യയുടെ വ്യാപാര ചര്‍ച്ചകള്‍ ഈ വര്‍ഷം അവസാന ഘട്ടത്തിലെത്തിയേക്കാമെന്ന് 2026 ലെ സാമ്പത്തിക സര്‍വേയില്‍ സൂചിപ്പിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യ വികസനങ്ങളിലും നിക്ഷേപത്തിലും ഊന്നിയാണ് രാജ്യത്തെ സാമ്പത്തിക വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോവുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

രാജ്യത്തിന്‍റെ വാര്‍ഷിക സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ആധികാരിക രേഖയാണ് സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട്. ധനകാര്യ മന്ത്രാലയത്തിന്‍റെ ഭാഗമായ സാമ്പത്തിക കാര്യ വകുപ്പിന്‍റെ സാമ്പത്തിക വിഭാഗമാണ് സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട് തയാറാക്കുക. മുഖ്യസാമ്പത്തിക ഉപദേഷ്‌ടാവ് വി അനന്ത നാഗേശ്വരന്റെ മേല്‍നോട്ടത്തിലാണ് ഇത്തവണ റിപ്പോര്‍ട്ട് തയാറാക്കിയത്.

അതേസമയം ഫെബ്രുവരി ഒന്ന് ഞായറാഴ്ചയാണ് നിര്‍മലാ സീതാരാമന്‍ കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നത്. ഇതോടെ തുടർച്ചയായി ഒമ്പത് തവണ ബജറ്റ് അവതരിപ്പിച്ചതിന്റെ റെക്കോഡ് നിര്‍മലാ സീതാരാമന്‍ സ്വന്തമാക്കും. ഇന്നലെ രാഷ്ട്രപതിയുടെ നയ പ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കമായത്.

Content Highlights: Union Finance Minister Nirmala Sitharaman tabled the Economic Survey 2025–26 in Parliament today

To advertise here,contact us