ന്യൂഡല്ഹി: ഡല്ഹിയില് ആറ് വയസുകാരിയോട് കൊടുംക്രൂരത. പതിനഞ്ച് വയസിൽ താഴെ പ്രായമുളള മൂന്ന് ആൺകുട്ടികൾ ചേർന്ന് ആറ് വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഡല്ഹിയിലെ ഭജന്പുരയിലാണ് സംഭവം. പതിമൂന്നും പതിനാലും പതിനഞ്ചും വയസ് പ്രായമുളള മൂന്ന് കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജനുവരി പതിനെട്ടിനാണ് പെണ്കുട്ടിയുടെ കുടുംബം പരാതിപ്പെട്ടതെന്നും ഉടന് തന്നെ നടപടിയെടുത്തെന്നും പൊലീസ് അറിയിച്ചു.
പീഡനത്തിനിരയായ പെണ്കുട്ടിയുടെ അവസ്ഥ കണ്ട് പ്രതികളില് ഒരാളുടെ അമ്മ തന്നെയാണ് മകനെ പൊലീസിന് കൈമാറിയത്. കുറ്റക്കാരായവര്ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് അവര് പൊലീസിനോട് പറഞ്ഞു. പ്രതികള്ക്കെതിരെ ഭാരതീയ ന്യായ സംഹിതയും പോക്സോ വകുപ്പും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതികളെ ജുവനൈല് ജസ്റ്റിസ് ബോര്ഡിന് മുന്നില് ഹാജരാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
ആറ് വയസുകാരിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. മൊഴിയെടുത്തിട്ടുണ്ടെന്നും കുട്ടിക്ക് കൗണ്സലിങ് നല്കിയെന്നും പൊലീസ് പറഞ്ഞു. 'എന്റെ മകള് വീട്ടിലെത്തിയത് ശരീരം മുഴുവന് രക്തക്കറയുമായാണ്. കാര്യം തിരക്കിയപ്പോള് വീണതാണ് എന്ന് ആദ്യം പറഞ്ഞു. എന്നാല് അവളുടെ കൈകാലുകളില് മുറിവുകളൊന്നും ഉണ്ടായിരുന്നില്ല. വീണ്ടും ചോദിച്ചപ്പോഴാണ് അവള്ക്കെന്താണ് സംഭവിച്ചതെന്ന് എന്നോട് തുറന്നുപറഞ്ഞത്': ആറ് വയസുകാരിയുടെ അമ്മ പറഞ്ഞു. ഉടന് തന്നെ മകളെ പൊലീസ് സ്റ്റേഷനിലെത്തിച്ചെന്നും തുടര്ന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും അവര് വ്യക്തമാക്കി. താമസസ്ഥലത്തെ കെട്ടിടത്തിന് മുകളില് ടെറസില് കൊണ്ടുപോയാണ് പെണ്കുട്ടിയെ പ്രതികള് ക്രൂരബലാത്സംഗത്തിന് ഇരയാക്കിയത്.
Content Highlights:Six-year old girl raped by Minor boys in delhi bhajanpura