കൊൽക്കത്തയിലെ വൻ തീപിടുത്തം; മരണം 21 ആയി, തങ്ങളുടെ വെയര്‍ഹൗസിൽ നിന്നല്ല തീപിടുത്തമുണ്ടായതെന്ന് 'വൗ മോമോസ്'

തൊഴിലാളികള്‍ ഉറങ്ങിക്കിടക്കുന്ന സമയമായിരുന്നതിനാല്‍ അപകടത്തിന്റെ വ്യാപ്തി വര്‍ധിച്ചു

കൊല്‍ക്കത്ത: ആനന്ദ്പൂരിലുണ്ടായ വന്‍ തീപിടുത്തത്തില്‍ മരണം 21 ആയി. അപകടത്തില്‍ 23 പേരെ കാണാതാവുകയും ചെയ്തു. ജനുവരി 26ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഫാക്ടറിക്കുള്ളില്‍ തീപ്പിടുത്തമുണ്ടായത്. തൊഴിലാളികള്‍ ഉറങ്ങിക്കിടക്കുന്ന സമയമായിരുന്നതിനാല്‍ അപകടത്തിന്റെ വ്യാപ്തി വര്‍ധിച്ചു. മരിച്ചവരോ കാണാതായവരോ ആയ തൊഴിലാളികളെല്ലാം കിഴക്കൻ മേദിനിപൂർ, പടിഞ്ഞാറൻ മേദിനിപൂര്‍, സൗത്ത് 24 പര്‍ഗാനാസ് ജില്ലകളില്‍ നിന്നുള്ളവരാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

തീപിടുത്തതിന്റെ കാരണമോ, അപകടം മൂലമുണ്ടായ നഷ്ടത്തിന്റെ വ്യാപ്തിയോ എത്രയാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. തീപിടുത്തമുണ്ടായ സ്ഥലത്ത് നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളും അവശിഷ്ടങ്ങളും തിരിച്ചറിയാനായി ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുമെന്ന് അഗ്നിശമന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഭക്ഷ്യനിര്‍മാണശാലയായ വൗ മോമോസിന്റെ ഒരു വെയര്‍ഹൗസും തീപിടുത്തമുണ്ടായ കെട്ടിടത്തില്‍ ഉണ്ടായിരുന്നതായി സൂചനകളുണ്ട്. കത്തിനശിച്ച രണ്ട് ഫാക്ടറികളും നിര്‍ബന്ധിത അഗ്നിസുരക്ഷാ അനുമതികളില്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ തീപിടുത്തമുണ്ടായത് വെയര്‍ഹൗസില്‍ നിന്നല്ലെന്നായിരുന്നു ഉടമകളുടെ വാദം. തൊട്ടടുത്തുള്ള ഗോഡൗണില്‍ നിന്ന് തീപിടിച്ച ശേഷം വെയര്‍ഹൗസിലേക്ക് പടര്‍ന്നതാണെന്നും ഇതാണ് വലിയ നാശനഷ്ടത്തിന് കാരണമായതെന്നും വൗ മോമോസ് പുറത്തിറക്കിയ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

Content Highlight; Kolkata godown fire; Wow! Momo clarifies no fire incident occurred at its godown

To advertise here,contact us