ബാരാമതി വിമാന അപകടത്തിന് മണിക്കൂറുകൾ മുമ്പ് മുത്തശ്ശിക്ക് സാംഭവിയുടെ സന്ദേശം; നോവായി 25 കാരി

അപകടത്തിൽപ്പെട്ട വിമാനത്തിന്‍റെ സഹ പൈലറ്റായിരുന്നു സാംഭവി പഥക്

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ട അപകടത്തിൽ വിമാനം പറത്തിയ സഹ പൈലറ്റിന്റെ അവസാന സന്ദേശം തന്റെ മുത്തശ്ശിക്ക്. 25 കാരിയായ സാംഭവി പഥക് ഗ്വാളിയാറിൽ താമസിക്കുന്ന തന്റെ മുത്തശ്ശി മീര പഥക്കിന് അപകടമുണ്ടാകുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഗുഡ് മോർണിങ് എന്ന സന്ദേശം അയച്ചിരുന്നു.

അപകടത്തിൽപ്പെട്ട വിഎസ്ആർ ലിയർ 45 ചെറുവിമാനത്തിൽ ക്യാപ്റ്റൻ സുമിത് കപൂറിന്റെ സഹ പൈലറ്റായിരുന്നു സാംഭവി. എയർഫോഴ്‌സ് ബാൽ ഭാരതി സ്‌കൂളിലെ പൂർവവിദ്യാർത്ഥിയാണ്. അവിടെനിന്നും 2016നും 2018നും ഇടയിൽ സാംഭവി സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കി. ന്യൂസിലാൻഡ് ഇന്റർനാഷണൽ കൊമേഴ്ഷ്യൽ പൈലറ്റ് അക്കാദമിയിൽ കൊമേഴ്ഷ്യൽ പൈലറ്റും ഫ്‌ളൈറ്റ് ക്രൂ പരിശീലനവും നേടിയതായാണ് വിവരം. മുംബൈ സർവകലാശാലയിൽനിന്ന് എയറോനോട്ടിക്‌സ്, ഏവിയേഷൻ, എയ്‌റോസ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി എന്നിവയിൽ ബിരുദവും സ്വന്തമാക്കിയതായി പ്രൊഫൈലുകളിൽ പറയുന്നുണ്ട്.

25 വയസിനിടെ ഡൽഹി, ലണ്ടൻ, റഷ്യ എന്നിവിടങ്ങളിലേക്ക് സാംഭവി വിമാനം പറത്തിയിരുന്നതായി മുത്തശ്ശി പറഞ്ഞു. സാധാരണയായി സാംഭവി മെസേജുകൾ അയക്കാറില്ല. എന്നാൽ ഗുഡ് മോണിംങ് എന്ന അവളുടെ സന്ദേശം തന്നെ അമ്പരപ്പിച്ചുവെന്നും പിന്നാലെയാണ് അപകടവിവരം അറിയുന്നതെന്നും മീര പഥക് പറഞ്ഞു. മീരയുടെ മൂത്ത മകന്റെ മകളാണ് സാംഭവി. 2025 ഒക്ടോബറിലാണ് സാംഭവി അവസാനമായി ഗ്വാളിയാറിലെ കുടുംബവീട്ടിൽ എത്തിയത്.

ഇന്നലെ രാവിലെ ബാരാമതിയിലുണ്ടായ വിമാനാപകടത്തിലാണ് അജിത് പവാറിൻറെ സുരക്ഷാ ഉദ്യോഗസ്ഥൻ വിദിപ് ജാദവ്, പൈലറ്റുമാരായ സുമിത് കപൂർ, സാംഭവി പഥക്, ഫ്ളൈറ്റ് അസിസ്റ്റന്റ് പിങ്കി മാലി എന്നിവർ കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ 8 മണിയോടെ മുംബൈയിൽനിന്നും പുറപ്പെട്ട ലിയർ ജെറ്റ് 45എന്ന വിമാനം ബാരാമതിയിലെ എയർസ്ട്രിപ്പിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കവെ തെന്നിമാറി കത്തിയമരുകയായിരുന്നു. ഏകദേശം 8.45 നായിരുന്നു അപകടം. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം തുടരുകയാണ്. ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും. അപകടത്തിന് പിന്നാലെ വ്യോമസേനയുടെ വിദഗ്ധ സംഘം ബാരാമതിയിൽ എത്തി പരിശോധന നടത്തി. അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിന് കാരണമായത് മോശം കാലാവസ്ഥ എന്ന സൂചനയും പുറത്ത് വരുന്നുണ്ട്. ലാൻഡിങ്ങിന് മുന്നോടിയായി ദൂരകാഴ്ച മങ്ങുന്നതായി പൈലറ്റ് അറിയിച്ചതായാണ് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തത്. 

Content Highlights:‌ Baramati ajit pawar plane crash; 25 year old co pilot Shambhavi Pathak last message to her grandmother

To advertise here,contact us