അജിത് പവാറിന്റെ മരണം, പൈലറ്റ് മെയ്ഡേ വിളിച്ചില്ല; ബ്ലാക്ക് ബോക്‌സ് ഉള്‍പ്പെടെ കണ്ടെത്തി

ഫ്‌ളൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍, കോക്ക് പിറ്റ് വോയിസ് റെക്കോര്‍ഡര്‍ എന്നിവയും കണ്ടെത്തി

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ സഞ്ചരിച്ച വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ്, ഫ്‌ളൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍, കോക്ക് പിറ്റ് വോയിസ് റെക്കോര്‍ഡര്‍ എന്നിവ കണ്ടെത്തി. പൈലറ്റിന്റെ ഭാഗത്ത് നിന്ന് 'മെയ്ഡേ' വിളി ഉണ്ടായില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

ഒരു പൈലറ്റ് 'മെയ്‌ഡേ, മെയ്ഡേ, മെയ്ഡേ' എന്ന് പറയുമ്പോള്‍ അവര്‍ ജീവന് ഭീഷണിയായ ഒരു അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണ്. അടിയന്തര സഹായം ആവശ്യമാണെന്നാണ് ഇതിനര്‍ത്ഥം. പ്രതികൂല കാലാവസ്ഥ മൂലമുള്ള അടിയന്തര സാഹചര്യം, യന്ത്രത്തകരാര്‍, സാങ്കേതിക പ്രശ്‌നങ്ങള്‍, മെഡിക്കല്‍ എമര്‍ജന്‍സി തുടങ്ങിയ ഘട്ടങ്ങളിലാണ് പൈലറ്റ് മെയ്‌ഡേ കോള്‍ ചെയ്യുക. എന്നാൽ അജിത് പവാർ കൊല്ലപ്പെടാനിടയായ വിമാനാപകടത്തിനിടെ പെെലറ്റുമാർ മെയ്ഡേ വിളിച്ചില്ലെന്നാണ് കണ്ടെത്തൽ.

ബുധനാഴ്ച രാവിലെയാണ് ബാരാമതിയിലുണ്ടായ വിമാനാപകടത്തില്‍ അജിത് പവാര്‍ കൊല്ലപ്പെട്ടത്. അജിത് പവാറിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ വിദിപ് ജാദവ്, പൈലറ്റുമാരായ സുമിത് കപൂര്‍, സാംഭവി പഥക്, ഫ്ളൈറ്റ് അസിസ്റ്റന്റ് പിങ്കി മാലി എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇവരുടെയെല്ലാം മരണം സ്ഥിരീകരിച്ചു. ഇന്നലെ രാവിലെ എട്ട് മണിയോടെ മുംബൈയില്‍ നിന്നും പുറപ്പെട്ട ലിയര്‍ ജെറ്റ് 45 എന്ന വിമാനം ബാരാമതിയിലെ എയര്‍സ്ട്രിപ്പില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കവെ തെന്നിമാറി കത്തിയമരുകയായിരുന്നു. ഏകദേശം 8.45 നായിരുന്നു അപകടം. ബാരാമതിയില്‍ എന്‍സിപിയുടെ പരിപാടിയില്‍ പങ്കെടുക്കാനുള്ള യാത്രയിലായിരുന്നു അജിത് പവാര്‍. നാല് റാലികളിലാണ് അജിത് പവാര്‍ പങ്കെടുക്കേണ്ടിയിരുന്നത്.

അജിത് പവാറിന്റെ സംസ്‌കാരം ജന്മനാടായ ബാരാമതിയില്‍ ആരംഭിച്ചു. പൂര്‍ണമായ ഔദ്യോഗിക ബഹുമതികളോടെ ആയിരിക്കും സംസ്‌കാര ചടങ്ങുകള്‍. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

Content Highlights: Ajit Pawar Plane Crash black box found

To advertise here,contact us