കേന്ദ്രത്തിന് മറുപടി, മുഴുവന്‍ പഞ്ചായത്ത് ഓഫീസുകൾക്കും ഇനി ഗാന്ധിജിയുടെ പേര്; നിർണായക തീരുമാനവുമായി കർണാടക

പരിപാടിയിൽ രൂക്ഷമായ ഭാഷയിലാണ് സിദ്ധരാമയ്യ കേന്ദ്രസർക്കാരിനെ വിമർശിച്ചത്

ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ പഞ്ചായത്ത് ഓഫീസുകളുടെയും പേരിന് മുൻപ് മഹാത്മാ ഗാന്ധിയുടെ പേര് ചേർക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തൊഴിലുറപ്പ് പദ്ധതിയിലെ മാറ്റത്തിനെതിരെ കർണാടക കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലായിരുന്നു സിദ്ധരാമയ്യയുടെ പ്രഖ്യാപനം. പദ്ധതിയുടെ പേര്, രൂപ മാറ്റത്തിൽ രാജ്യമെങ്ങും പ്രതിഷേധം കനക്കവെയാണ് കർണാടക സർക്കാരിന്റെ സുപ്രധാന തീരുമാനം.

കഴിഞ്ഞ ദിവസമാണ് ബെംഗളൂരു ഫ്രീഡം പാർക്കിൽ 'MGNREGA ബച്ചാവോ സംഗ്രാം' എന്ന പേരിൽ കർണാടക സർക്കാർ പരിപാടി സംഘടിപ്പിച്ചത്. പരിപാടിയിൽ രൂക്ഷമായ ഭാഷയിലാണ് സിദ്ധരാമയ്യ കേന്ദ്രസർക്കാരിനെ വിമർശിച്ചത്. മഹാത്മാ ഗാന്ധിയുടെ പേരുള്ളത് ബിജെപി സർക്കാരിന് സഹിക്കാൻ പോലും കഴിയുന്നില്ല. ജനങ്ങളുടെ മനസിനെ കബളിപ്പിക്കാൻ വേണ്ടി പദ്ധതിക്ക് അവർ മനഃപൂർവം റാം എന്ന പേര് നൽകി. പാവപ്പെട്ടവർ ഇപ്പോഴും പാവപ്പെട്ടവരായിത്തന്നെ ഇരിക്കണം എന്നാണ് ബിജെപിയുടെ ലക്ഷ്യം. ആർഎസ്എസ് പിന്തുണച്ച പരിപാടികളെപ്പോലും ബിജെപി തഴയുന്നത് അതിനാണ് എന്നും സിദ്ധരാമയ്യ ആഞ്ഞടിച്ചു.

പരിപാടിയിൽ സംസാരിച്ച ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും രൂക്ഷമായ ഭാഷയിലാണ് കേന്ദ്ര സർക്കാരിനെ വിമർശിച്ചത്. 'പദ്ധതിയെ മാറ്റിമറിക്കുന്നതിലൂടെ ഗ്രാമ പഞ്ചായത്തുകളുടെ അധികാരത്തെയും, പാവങ്ങളുടെ തൊഴിലിനെയും ബിജെപി അപഹരിക്കുകയാണ്. നേരത്തെയുണ്ടായിരുന്ന പദ്ധതിയിൽ അഴിമതി ഉണ്ടെന്ന് ബിജെപിയും ജെഡിഎസും ആരോപിക്കുകയാണ്. എന്നിട്ടും തന്റെ മണ്ഡലത്തിൽ ഒരു വർഷം 200 കോടി രൂപയാണ് ചെലവഴിക്കുന്നത്. വികസിത താലൂക്കായി തന്റെ മണ്ഡലത്തെ അംഗീകരിച്ചിട്ടുമുണ്ട്. കാർഷിക ബിൽ പിൻവലിച്ചതുപോലെ തൊഴിലുറപ്പ് പരിഷ്കരണവും പിൻവലിക്കാതെ കോൺഗ്രസ് പ്രതിഷേധങ്ങൾ അവസാനിപ്പിക്കില്ല' എന്നാണ് ശിവകുമാർ പറഞ്ഞത്.

എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാലയും ബിജെപിക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചു. കേന്ദ്രസർക്കാർ 11 കോടിയോളം വരുന്ന ഗ്രാമീണതൊഴിലാളികളുടെ ഉപജീവനം തകർത്തുവെന്ന് സുർജേവാല പറഞ്ഞു. പുതിയ നിയമം പ്രകാരം, സംസ്ഥാനങ്ങൾ പദ്ധതിയുടെ 40% തുക വകയിരുത്തണം. എന്നാൽ കേന്ദ്രസർക്കാർ ജിഎസ്ടി പരിഷ്കരണം നടപ്പിലാക്കിയത് മൂലം സംസ്ഥാനങ്ങളുടെ കയ്യിൽ പണമില്ല. കർണാടകയ്ക്ക് മാത്രം 70,000 കോടി രൂപയാണ് കേന്ദ്രം നൽകാനുള്ളത് എന്നും സുർജേവാല പറഞ്ഞു.

അതേസമയം, കഴിഞ്ഞ ദിവസം നടന്ന പരിപാടിയിൽ ഡി കെ ശിവകുമാറിന് വേണ്ടി അണികൾ ജയ് വിളിച്ചതിൽ സിദ്ധരാമയ്യ അക്ഷമനായിരുന്നു. സിദ്ധരാമയ്യ പ്രസംഗിക്കാൻ എഴുന്നേറ്റപ്പോഴാണ് ഡി കെ, ഡി കെ എന്ന വിളികൾ ഉയർന്നത്. സിദ്ധരാമയ്യ മൈക്കിനടുത്തേക്ക് സംസാരിക്കാൻ വന്നപ്പോൾ ജയ്‌വിളികൾ ഉച്ചത്തിലായി. ഇതിൽ അക്ഷമനായ സിദ്ധരാമയ്യ ആരാണ് ഡി കെ, ഡി കെ എന്ന് മുദ്രാവാക്യം വിളിക്കുന്നത് എന്ന് ചോദിച്ച് പ്രവർത്തകരോട് ചൂടായി. എന്നാൽ ജയ്‌വിളികൾ നിന്നില്ല. കോൺഗ്രസ് നേതാക്കളോടും സിദ്ധരാമയ്യ ദേഷ്യപ്പെട്ടു. പിന്നാലെയാണ് രംഗം ശാന്തമാക്കാൻ നേതാക്കൾ രംഗത്തിറങ്ങുകയായിരുന്നു.

സിദ്ധരാമയ്യയും ഡി കെ ശിവകുമാറും തമ്മിലുള്ള അധികാരത്തർക്കം ഏറെക്കുറെ അടങ്ങിയിരിക്കെയാണ് ഡികെയ്ക്കായുള്ള അണികളുടെ ജയ്‌വിളി ഉണ്ടായിരിക്കുന്നത്. സിദ്ധരാമയ്യയെ വേദിയിൽ ഇരുത്തിയായിരുന്നു ജയ്‌വിളി എന്നതും കൂടിയാണ് ശ്രദ്ധേയം. നേരത്തെ 2023ലെ ധാരണപ്രകാരം രണ്ടര വ‍ർഷത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനം ഡി കെ ശിവകുമാറിന് നൽകണമെന്ന് ആവശ്യം ഉയർന്നിരുന്നു. എന്നാൽ താൻ അഞ്ച് വ‍‍ർഷവും തുടരുമെന്നായിരുന്നു സിദ്ധരാമയ്യയുടെ നിലപാട്. പിന്നാലെ ഹൈക്കമാൻഡ് തലത്തിൽ ചർച്ചകൾ നടന്നെങ്കിലും സിദ്ധരാമയ്യ തന്നെ തുടരും എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തുകയായിരുന്നു.

Content Highlights: siddaramaiah says panchayat offices will be named after mahatma gandhi

To advertise here,contact us