മുംബൈ: എന്സിപി നേതാവ് അജിത് പവാറിന്റെ മരണത്തില് പ്രതികരിച്ച് മുതിര്ന്ന നേതാവ് ശരത് പവാര്. അപകടത്തെ രാഷ്ട്രീയവത്ക്കരിക്കരുതെന്ന് ശരത് പവാര് പറഞ്ഞു. നടന്നത് ദൗര്ഭാഗ്യകരമായ അപകടമാണെന്ന് അദ്ദേഹം പ്രതികരിച്ചു. അപകടത്തിന് രാഷ്ട്രീയവുമായി ബന്ധമില്ലെന്നും വിവാദങ്ങള് ഉണ്ടാക്കാന് ശ്രമിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തിന്റെ ഭാഗമായെന്നും ശരത് പവാര് കൂട്ടിച്ചേര്ത്തു.
ബാരാമതിയിലെ വിമാനത്താവളത്തില് അടിയന്തര ലാന്ഡിങ് നടത്തുന്നതിനിടെയാണ് അജിത് പവാര് സഞ്ചരിച്ചിരുന്ന പ്രൈവറ്റ് ജെറ്റ് വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് തകര്ന്നുവീണത്. ഉടന് തന്നെ അജിത് പവാറിന്റെ മരണം സംഭവിക്കുകയായിരുന്നു. ലാന്ഡ് ചെയ്യുന്ന സമയത്ത് നിയന്ത്രണം നഷ്ടപ്പെടുകയും തകര്ന്നുവീണതിന് പിന്നാലെ വിമാനം രണ്ടായി പിളരുകയുമായിരുന്നു. തുടര്ന്ന് വിമാനം പൂര്ണമായും കത്തിയമര്ന്ന് ചാരമായി.
പിന്നാലെ പലതരത്തിലുള്ള അഭ്യൂഹങ്ങളാണ് ഉയരുന്നത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്സിപി നേതാവുമായ അജിത് പവാറിന്റെ മരണത്തില് ദുരൂഹത ആരോപിച്ച് പശ്ചിമ ബംഗാള് മുഖ്യമന്ത്രി മമത ബാനര്ജി രംഗത്തെത്തിയിരുന്നു. അജിത് പവാര് മരിക്കാന് ഇടയായ വിമാന അപകടത്തില് ദുരൂഹതയുണ്ടെന്നും തൃണമൂല് കോണ്ഗ്രസ് നേതാവ് ആരോപിച്ചിരുന്നു.
അതേസമയം അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിന് കാരണമായത് മോശം കാലാവസ്ഥ എന്ന സൂചനയും പുറത്ത് വരുന്നുണ്ട്. ലാന്ഡിങ്ങിന് മുന്നോടിയായി ദൂരകാഴ്ച മങ്ങുന്നതായി പൈലറ്റ് അറിയിച്ചതായാണ് വാര്ത്താ ഏജന്സിയായ പിടിഐ റിപ്പോര്ട്ട് ചെയ്യുന്നത്. ഇത് മൂലം വിമാനത്തിന് നിയന്ത്രണം നഷ്ടപ്പെട്ടിട്ടുണ്ടാകാം എന്നാണ് നിഗമനം. 8.10നാണ് വിമാനം മുംബൈയില് നിന്ന് പുറപ്പെട്ടത്. 8.50നാണ് അപകടമുണ്ടാകുന്നത്.
അപകടത്തിന്റെ യഥാര്ത്ഥ കാരണം കണ്ടെത്താന് പൈലറ്റുമാരുടെ അവസാന സംഭാഷണങ്ങള് അടങ്ങിയ കോക്ക് പിറ്റ് വോയിസ് റെക്കോര്ഡറും എടിസിയുമായി നടത്തിയ ആശയവിനിമയങ്ങളും പരിശോധിക്കും.
Content Highlights: sharad pawar reacts to ajit pawar's death