'അപകടം NDAയുമായുള്ള സഖ്യം ഉപേക്ഷിക്കാനിരിക്കെ'; അജിത് പവാറിന്‍റെ മരണത്തിൽ ദുരൂഹത ആരോപിച്ച് മമത ബാനർജി

എൻഡിഎയുമായുള്ള സഖ്യം ഉപേക്ഷിക്കാൻ അജിത് പവർ തയ്യാറെടുക്കവെയാണ് അപകടമുണ്ടായതെന്ന് മമത ബാനർജി

കൊൽക്കത്ത: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അജിത് പവാർ മരിക്കാൻ ഇടയായ വിമാന അപകടത്തിൽ ദുരൂഹതയുണ്ടെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് ആരോപിച്ചു.

എൻഡിഎയുമായുള്ള സഖ്യം ഉപേക്ഷിക്കാൻ അജിത് പവാർ തയ്യാറെടുക്കവെയാണ് അപകടമുണ്ടായതെന്നും വിഷയത്തിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും മമതാ ബാനർജി പറഞ്ഞു. അജിത് പവാറിന്റെ മരണത്തിലെ അനുശോചന പരിപാടിയിലായിരുന്നു മമതയുടെ പ്രതികരണം. അജിത് പവാറിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തിയ മമത, കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നുവെന്നും പറഞ്ഞിരുന്നു. സംഭവത്തിൽ കോൺഗ്രസും അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ന് രാവിലെ ബാരാമതിയിലുണ്ടായ വിമാന അപകടത്തിലാണ് അജിത് പവാർ മരിച്ചത്. ബാരാമതിയിലെ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ വിമാനം തെന്നിമാറിയായിരുന്നു അപകടം. അജിത് പവാറിനൊപ്പമുണ്ടായിരുന്നവരും പൈലറ്റും ഉൾപ്പടെ അഞ്ച് പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. സംഭവത്തിൽ മരണത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര പൊലീസ് അറിയിച്ചിട്ടുണ്ട്. അപകട സ്ഥലത്തെ അവശിഷ്ടങ്ങൾ അധികൃതർ സൂക്ഷമമായി പരിശോധിക്കുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്തിട്ടുണ്ട്. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സും വിശദമായി പരിശോധിക്കും.

അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ പൈലറ്റുമാരുടെ അവസാന സംഭാഷണങ്ങൾ അടങ്ങിയ കോക്ക് പിറ്റ് വോയിസ് റെക്കോർഡറും എടിസിയുമായി നടത്തിയ ആശയവിനിമയങ്ങളും പരിശോധിക്കും. വിമാന അപകടത്തിന് കാരണം മോശം കാലാവസ്ഥയാണെന്ന സൂചനയും പുറത്തുവരുന്നുണ്ട്. ലാൻഡിങ്ങിന് മുന്നോടിയായി ദൂരകാഴ്ച മങ്ങുന്നതായി പൈലറ്റ് അറിയിച്ചതായാണ് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. മുംബൈയിൽനിന്ന് ഇന്ന് രാവിലെ എട്ടിന് പുറപ്പെട്ട വിമാനം 8.45ഓടെ അപകടത്തിൽപ്പെടുകയായിരുന്നു.

മഹാരാഷ്ട്രയിലെ രാഷ്ട്രീയചലനങ്ങളില്‍ നിര്‍ണ്ണായക ഇടപെടലുകള്‍ നടത്തിയ നേതാവാണ് അജിത് പവാര്‍. എട്ട് തവണ നിയമസഭാംഗവും അഞ്ച് തവണ ഉപമുഖ്യമന്ത്രിയും മന്ത്രിയുമായിരുന്ന അജിത് എന്‍സിപിയുടെ മുഖമായിരുന്നു. മുതിര്‍ന്ന എന്‍സിപി നേതാവായ ശരദ് പവാറിന്റെ ജ്യേഷ്ഠ സഹോദരനായ അനന്തറാവുവിന്റെയും ആശാതായിയുടെയും മകനായി മഹാരാഷ്ട്രയിലെ പൂനൈ ജില്ലയിലെ ബാരാമതിയില്‍ 1959 ജൂലൈ 22ന് ജനനം.

1982ല്‍ പൂനൈ ജില്ലയിലെ പഞ്ചസാര ഫാക്ടറി സഹകരണ ബോര്‍ഡ് അംഗമായാണ് പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവരുന്നത്. 1991 മുതല്‍ 2007 വരെ പൂനൈ ജില്ല സഹകരണ ബാങ്ക് ചെയര്‍മാനായിരുന്നു. 1991-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബരാമതിയില്‍ നിന്ന് പാര്‍ലമെന്റ് അംഗമായെങ്കിലും ശരദ് പവാറിന് മത്സരിക്കാനായി ലോക്‌സഭാംഗത്വം രാജിവെക്കുകയായിരുന്നു. 1991ലെ മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ ബാരാമതിയില്‍ നിന്ന് ആദ്യമായി നിയമസഭാംഗമായ അജിത് പിന്നീട് നടന്ന എല്ലാ നിയമസഭ തിരഞ്ഞെടുപ്പുകളിലും ബാരാമതിയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 1991-ലെ സുധാകരറാവു നായിക് മന്ത്രിസഭയില്‍ ആദ്യമായി സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയായ അജിത് പിന്നീട് അഞ്ച് തവണ കൂടി കാബിനറ്റ് വകുപ്പിന്റെ മന്ത്രിയായി. 2010-ലെ അശോക് ചവാന്‍ മന്ത്രിസഭയിലാണ് അജിത് ആദ്യമായി ഉപമുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് പൃഥ്വിരാജ് ചവാന്‍, ദേവേന്ദ്ര ഫഡ്‌നാവിസ്, ഉദ്ധവ് താക്കറെ, ഏകനാഥ് ഷിന്‍ഡേ മന്ത്രിസഭകളില്‍ പലതവണയായി ഉപമുഖ്യമന്ത്രിയായി.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍സിപി ശക്തികേന്ദ്രമായ മാവലില്‍ നിന്ന് മത്സരിച്ച മകന്‍ പാര്‍ത്ഥ് പവാര്‍ ശിവസേന സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടതോടെയാണ് അജിത് പവാര്‍ ശരദ് പവാറുമായി അകല്‍ച്ച പാലിക്കുന്നത്. പിന്നാലെ വലിയ രാഷ്ട്രീയനീക്കങ്ങള്‍ക്കായിരുന്നു മഹാരാഷ്ട്ര സാക്ഷ്യം വഹിച്ചത്. 2019 ല്‍ മഹാരാഷ്ട്രയില്‍ മഹാവിഘാസ് അഘാഡി സഖ്യം രൂപീകരിച്ച് സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ ഉപമുഖ്യമന്ത്രിയായിരുന്നു അജിത് പവാര്‍. 2022ല്‍ മുഖ്യമന്ത്രിയായിരുന്ന ഉദ്ധവ് താക്കറെ സ്ഥാനം രാജിവച്ചതോടെ 2022-ല്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു.

2023 മെയില്‍ എന്‍സിപി ദേശീയ അധ്യക്ഷ സ്ഥാനം ശരദ് പവാര്‍ രാജിവച്ചതോടെ വര്‍ക്കിംഗ് പ്രസിഡന്റുമാരായി ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെയും പ്രഫുല്‍ പട്ടേലും തിരഞ്ഞെടുക്കപ്പെട്ടു. പാര്‍ട്ടിയില്‍ പദവികള്‍ ഒന്നും ലഭിക്കാതെ നിരാശ അജിത്തിനുണ്ടായിരുന്നു. അജിത് പ്രതിപക്ഷ നേതാവായി തുടരാന്‍ താത്പര്യം ഇല്ലെന്നും പാര്‍ട്ടി നേതൃ പദവി വേണമെന്നും ശരദ് പവാറിനോട് ആവശ്യപ്പെട്ടെങ്കിലും ശരദ് പവാര്‍ വഴങ്ങിയിരുന്നില്ല. തുടര്‍ന്ന് 2023 ജൂലൈ 2ന് എന്‍സിപി പിളര്‍ത്തി അജിത് പവാര്‍ ഏകനാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേന - ബിജെപി സര്‍ക്കാരില്‍ ചേര്‍ന്ന് ഉപമുഖ്യമന്ത്രിയായി.

എന്‍സിപിയിലെ 53 എംഎല്‍എമാരില്‍ 29 പേരുമായി രാജ്ഭവനിലെത്തിയാണ് അജിത് പവാര്‍ ഈ അട്ടിമറിനീക്കം നടത്തിയത്. നിയമപോരാട്ടത്തിലൂടെ 2024 ഫെബ്രുവരി 6ന് അജിത് പവാര്‍ നേതൃത്വം നല്‍കുന്ന വിഭാഗത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗിക വിഭാഗമായി അംഗീകരിച്ചു. ഇത് പ്രകാരം നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി അഥവാ എന്‍സിപി എന്ന പേരും പാര്‍ട്ടി ചിഹ്നമായ ക്ലോക്കും അജിത് പവാറിന് ലഭിച്ചു. അതിന് ശേഷം രാഷ്ട്രീയ പിണക്കം മാറ്റിവെച്ച് ശരദ് പവാറും അജിത് പവാറും ഒന്നിക്കാനൊരുങ്ങുന്നുവെന്ന സൂചനകള്‍ക്കിടെയാണ് വിമാനാപകടം.

Content Highlights:‌ West Bengal chief minister Mamata Banerjee demanded Supreme court monitored investigation into tragic plane crash that killed Maharashtra deputy chief minister Ajit Pawar, hinting at the possibility of foul play in the incident

To advertise here,contact us