അജിത് പവാറിന്‍റെ മൃതദേഹം തിരിച്ചറിയാൻ സഹായിച്ചത് കയ്യിൽ കെട്ടിയ വാച്ച്

അജിത് പവാര്‍ എപ്പോഴും കൈയ്യില്‍ കെട്ടിയിരുന്ന വാച്ചാണ് അദ്ദേഹത്തിന്റെ മൃതദേഹം തിരിച്ചറിയാന്‍ സഹായിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍എസ്പി അധ്യക്ഷനുമായ അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് രാജ്യം. ഇന്ന് രാവിലെ ബാരാമതിയിലുണ്ടായ വിമാന അപകടത്തിലാണ് അജിത് പവാറിന് ജീവന്‍ നഷ്ടമായത്. ബാരാമതിയിലെ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ എയര്‍ സ്ട്രിപ്പില്‍ നിന്ന് വിമാനം തെന്നിമാറിയതായിരുന്നു അപകട കാരണം. അജിത് പവാറിനൊപ്പം വിമാനത്തില്‍ യാത്ര ചെയ്തവരും പൈലറ്റും ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. അജിത് പവാര്‍ എപ്പോഴും കൈയ്യില്‍ കെട്ടിയിരുന്ന വാച്ചാണ് അദ്ദേഹത്തിന്റെ മൃതദേഹം തിരിച്ചറിയാന്‍ സഹായിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

വിഎസ്ആര്‍ വെഞ്ചേഴ്‌സ് കമ്പനിയുടെ ലിയര്‍ജെറ്റ് 46 എന്ന സ്വകാര്യ വിമാനത്തിലായിരുന്നു അജിത് പവാര്‍ അവസാന യാത്ര നടത്തിയത്. വിമാനം മുംബൈയില്‍ നിന്ന് പുറപ്പെട്ട് 35 മിനിട്ടുകള്‍ക്ക് ശേഷമാണ് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. പിന്നാലെ രാവിലെ 8.45ഓടെ അപകടമുണ്ടായി. പവാറിന്റെ പിഎസ്ഒ, അറ്റന്‍ഡന്റ്, പൈലറ്റ് ഇന്‍ കമാന്‍ഡ്, ഫസ്റ്റ് ഓഫീസര്‍ എന്നിവരായിരുന്നു അദ്ദേഹത്തോടൊപ്പം വിമാനത്തിലുണ്ടായിരുന്നത്.

കത്തിയമര്‍ന്ന വിമാനത്തിന്റെ പരിസരത്ത് നിന്നും ചിന്നിച്ചിതറിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൈയില്‍ അണിഞ്ഞിരുന്ന വാച്ചാണ് അജിത് പവാറിന്റെ മൃതദേഹം തിരിച്ചറിയാന്‍ സഹായിച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

ചൊവ്വാഴ്ച്ച മുംബൈയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്ത് മടങ്ങവെയായിരുന്നു അപകടം. പ്രാദേശിക തെരഞ്ഞെടുപ്പിന് മുന്നോടിയായി റാലികളില്‍ പങ്കെടുക്കുന്നതിനായിരുന്നു ബാരാമതിയിലേക്ക് പുറപ്പെട്ടത്. ഫെബ്രുവരി അഞ്ചിന് സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗം.

Content Highlight; Ajit Pawar's body was identified by a watch tied to his wrist

To advertise here,contact us