മഹാരാഷ്ട്രയുടെ രാഷ്രീയ ചരിത്രം പരിശോധിക്കുമ്പോള് ഒരിക്കലും ഒഴിവാക്കാനാകാത്ത പേരാണ് അജിത് പവാറിന്റേത്. അധികാരത്തർക്കവും, കുതികാൽവെട്ടുമെല്ലാം രാഷ്ട്രീയത്തിൽ സർവസാധാരണമാണ്. ഒരിക്കലും ആ രാഷ്ട്രീയ വഴിത്താരയില് നിന്നും വേറിട്ട് സഞ്ചരിച്ച ഒരു നേതാവായിരുന്നില്ല അജിത് പവാറും. മഹാരാഷ്ട്രന് രാഷ്ട്രീയത്തില് ബിജെപിയോടും കോണ്ഗ്രസിനോടും മാറി മാറി കൂട്ടുകൂടാന് അദ്ദേഹത്തിന് ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രവും തടസ്സമായില്ല. ആ നീക്കങ്ങളിലെല്ലാം സ്വന്തം അണികളെ കൂടെ ഉറപ്പിച്ചു നിർത്താന് വലിയൊരു പരിധിവരെ കഴിഞ്ഞു എന്നുള്ളതാണ് പവാറിന്റെ ഏറ്റവും വലിയ വിജയം. എന്സിപി അതികായകന് ശരദ് പവാറിനോട് വരെ ഏറ്റുമുട്ടി വിജയിച്ച് അദ്ദേഹം തന്റെ കരുത്ത് തെളിയിക്കുകയും ചെയ്തു.
അധികാരത്തിന്റെ പല പടവുകള് കയറി അജിത് പവാറിന് ഒരു സ്വപ്നം മാത്രം ബാക്കിയുണ്ടായിരുന്നു. രാജ്യത്തെ സാമ്പത്തിക തലസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദം! ആറ് തവണ മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായെങ്കിലും മുഖ്യമന്ത്രിക്കസേരയിൽ കാൽ നീട്ടിയിരിക്കാൻ മാത്രം അജിത് പവാറിന് സാധിച്ചില്ല. പല അടവുകൾ അദ്ദേഹം അതിനായി പയറ്റി. എൻസിപിയെ കീറിമുറിച്ച് പിതൃസഹോദരനായ ശരത് പവാറിനേക്കാളും ശക്തനാകാൻ അജിത് പവാർ ശ്രമിച്ചു. ഒരുപരിധി വരെ ജനം അത് ശരിവെച്ചു. പക്ഷെ അപ്പോഴും മുഖ്യമന്ത്രി പദം അജിത് പവാറിന് അന്യമായി നിന്നു.
എന്നും അധികാരത്തോടൊപ്പം ചേർന്ന് പോകാന് ഇഷ്ടപ്പെടുന്ന നേതാവായിരുന്നു അദ്ദേഹമെന്ന് പല രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തിയിട്ടുണ്ട്. 2023ൽ 29 എംഎൽഎമാരുമായി ഇറങ്ങിപ്പോയി എൻസിപിയെ പിളർത്തിയപ്പോഴും അജിത് പവാറിന്റെ മനസ്സിൽ ഉണ്ടായിരുന്നത് അധികാരത്തോടുള്ള ശക്തമായ ഭ്രമമായിരുന്നു. ശരദ് പവാർ തന്റെ ആവശ്യങ്ങൾ പരിഗണിക്കുന്നില്ലെന്നും മകൾ സുപ്രിയ സുലെയെ കാര്യമായി പരിഗണിക്കുന്നു എന്നതുമായിരുന്നു ആ പിളർപ്പിന്റെ പ്രധാന കാരണം.
ഇതിന് മുൻപും അജിത് പവാർ എൻസിപിയെ വെട്ടിലാക്കിയിട്ടുണ്ട്. 2019ലായിരുന്നു അത്തരത്തിലൊരു നീക്കമുണ്ടായത്. സംസ്ഥാന നിയമസഭാ തെരഞ്ഞടുപ്പിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. എന്നാൽ മന്ത്രിസഭാ രൂപീകരണത്തിന് ശിവസേനയുടെ പിന്തുണ ലഭിച്ചില്ല. രണ്ടര വർഷം മുഖ്യമന്ത്രി പദം പങ്കിടണം എന്ന ഫോർമുല ബിജെപി അംഗീകരിക്കാത്തതായിരുന്നു കാരണം. ഈ സമയത്ത് രക്ഷകനായെത്തിയത് അജിത് പവറായിരുന്നു.
അജിത് പവാറിന്റെ നേതൃത്വത്തിൽ ചില നേതാക്കൾ ബിജെപിക്ക് പിന്തുണ പ്രഖ്യാപിക്കുകയും, അജിത് പവാറിനെ ഉപമുഖ്യമന്ത്രിയാക്കി ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യം അധികാരത്തിലെത്തുകയുമായിരുന്നു. എന്നാൽ വെറും 80 മണിക്കൂർ മാത്രമായിരുന്നു ആ സർക്കാരിന് ആയുസ്സുണ്ടായിരുന്നത്. ശരദ് പവാറിന്റെ ശക്തമായ സമ്മർദത്തിന് ഒടുവില് അജിത് പവാർ എൻസിപിയിലേക്ക് മടങ്ങിയെത്തിയതോടെ സർക്കാർ നിലംപൊത്തി.
പിന്നീട് 2023ലാണ് മഹാരാഷ്ട്രയിൽ ഏറെ നിർണായകമായ രാഷ്ട്രീയ മാറ്റങ്ങളുണ്ടാകുന്നത്. എന്സിപിയുടെ 53 എംഎൽഎമാരില് 29 പേരെ കൂടെ നിർത്തി അജിത് പവാർ എൻസിപിയിൽ തന്റേതായ ഒരു വിഭാഗമുണ്ടാക്കി ബിജെപി പാളയത്തിലേക്ക് പോയി. ശിവസേന ഏക്നാഥ് ഷിൻഡെ വിഭാഗം, ബിജെപി എന്നിവർക്കൊപ്പം സർക്കാരുണ്ടാക്കി. അപ്പോഴും ഉപമുഖ്യമന്ത്രി പദം അജിത് പവാറിന് തന്നെ. അധികാരത്തിനോ പദവിക്കോ വേണ്ടി ആയിരുന്നില്ല തന്റെ നീക്കം എന്നും മഹാരാഷ്ട്രയുടെ വികസനമാണ് ലക്ഷ്യം എന്നുമായിരുന്നു അജിത് പവാർ നൽകിയ വിശദീകരണം. എന്നാൽ കാരണം ശരദ് പവാറാണെന്നത് വ്യക്തമായിരുന്നു. ശരദ് പവാറിന്റെ പ്രായാധിക്യത്തെ ചൂണ്ടികാട്ടിയും, പാർട്ടിയുടെ കടിഞ്ഞാൺ വിടാതെ പിടിച്ചിരിക്കുന്നത് ചൂണ്ടികാട്ടിയും അജിത് പവാർ നിരവധി തവണ വിമർശനമുന്നയിച്ചിരുന്നു.
2024ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയം അജിത് പവാറിന് വലിയ ആത്മവിശ്വാസമാണ് നൽകിയത്. എൻസിപി അജിത് പവാർ വിഭാഗത്തിന്റെ നിലനിൽപ്പിനെ ബാധിക്കുന്നതായിരുന്നു ആ തെരഞ്ഞെടുപ്പ്. മത്സരിച്ച 59 സീറ്റുകളിൽ 41ഉം ജയിച്ച അജിത് പവാർ മഹായുതി സഖ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ കക്ഷിയായി മാറി. എൻസിപി ശരദ് പവാർ വിഭാഗത്തിന് മത്സരിച്ച 86 സീറ്റുകളിൽ വെറും 10 എണ്ണം മാത്രമാണ് ജയിക്കാനായത്.
ഇങ്ങനെയെല്ലാമിരിക്കെയും ദിവസങ്ങൾക്ക് മുൻപ് നടന്ന മഹാരാഷ്ട്ര മുനിസിപ്പൽ തെരഞ്ഞടുപ്പിൽ അജിത് പവാർ - ശരദ് പവാർ എൻസിപികൾ കൈകോർത്തു. പരമ്പരാഗത ശക്തികേന്ദ്രമായ പിംപ്രി-ചിഞ്ച്വാഡ് നിലനിർത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇരുവിഭാഗവും ഒരുമിച്ച് മത്സരിക്കാൻ തീരുമാനിച്ചത്. പവാർ കുടുംബത്തിൻ്റെ രാഷ്ട്രീയ പാരമ്പര്യവും കരുത്തും പിംപ്രി-ചിഞ്ച്വാഡിൽ ഗുണകരമാകുമെന്നായിരുന്നു ഒന്നിച്ച് മത്സരിക്കാൻ തീരുമാനിച്ചപ്പോൾ ശരദ് പവാറും അജിത് പവാറും കണക്ക് കൂട്ടിയിരുന്നത്. എന്നാൽ സഖ്യത്തിന് അവിചാരിതമായി തിരിച്ചടി നേരിടേണ്ടിവന്നു.
ഇത്തരത്തിൽ അനവധി ട്വിസ്റ്റുകൾ നിറഞ്ഞതായിരുന്നു അജിത് പവാറിന്റെ രാഷ്ട്രീയ ജീവിതം. അധികാരം ഏതൊരു രാഷ്ട്രീയ നേതാവിനെയും പോലെ അജിത് പവാറിനെയും മോഹിപ്പിച്ചിരുന്നു. എൻസിപി പിടിക്കണമെങ്കിൽ താൻ ശരദ് പവാറിനും മേലെ ഉയർന്നുവരണമെന്ന് അജിത് പവാർ കരുതി. അതിനുള്ള ചരടുവലി വേണ്ടപോലെ നടത്തി. ഒടുവിൽ ആറാമത്തെ തവണ ഉപമുഖ്യമന്ത്രി പദത്തിലിരിക്കുമ്പോഴാണ് അവിചാരിതമായി അദ്ദേഹം മരണപ്പെടുന്നത്.
Content Highlights: Ajit Pawar Plane Crash: Who was ajit pawar? man of fractions, twists and turns