‘പാലിന്റെ പണം പഴ്സിൽ നിന്നെടുത്ത് കൊടുക്കണം’; സർക്കാർ സ്കൂൾ അധ്യാപിക വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ

ബിഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം

പട്‍ന: ബിഹാറിൽ സർക്കാർ സ്കൂൾ അധ്യാപിക വീടിനുള്ളിൽ മരിച്ച നിലയിൽ. ബിഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം. തിങ്കളാഴ്ച രാത്രി സെഹാൻ ഗ്രാമത്തിലെ വാടക വീട്ടിലാണു പ്രിയ ഭാരതിയെ (30) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അസുഖം കാരണമാണ് ജീവനൊടുക്കുന്നതെന്നും മരണത്തിൽ ആരും ഉത്തരവാദികളല്ലെന്നും വ്യക്തമാക്കിക്കൊണ്ടുള്ള യുവതിയുടെ ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു. ചിതയ്ക്ക് മൂന്നുമാസം പ്രായമുള്ള മകൾ തീകൊളുത്തണമെന്നും 5.5 ലിറ്റർ പാലിന് പണം നൽകാനുണ്ടെന്നും ആ പണം തന്റെ പഴ്സിൽ നിന്നെടുത്തു കൊടുക്കണമെന്നും അധ്യാപിക ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.

‘‘മൃതദേഹം ജന്മനാടായ റസൂൽപുരിലേക്ക് കൊണ്ടുപോകരുത്. അന്ത്യകർമ്മങ്ങൾ ഇവിടെത്തന്നെ നടത്തണം. ഭർത്താവിനെക്കൊണ്ടല്ല മകളെക്കൊണ്ട് ചിതയ്ക്ക് തീകൊളുത്തിക്കണം. മൊബൈൽ ഫോൺ ഭർത്താവിന് കൈമാറണം. ഫോണിൽ ചില സന്ദേശങ്ങളും ഓഡിയോകളും വിഡിയോകളുമുണ്ട്. അതിന്റെ പാസ്‌വേഡ് ഭർത്താവിന് അറിയാം. പോസ്റ്റ്‌മോർട്ടം നടത്തരുത്. ഭർത്താവിന്റെയോ കുടുംബത്തിന്റെയോ പേരിൽ കേസെടുക്കരുത്. എന്റെ വ്യക്തിപരമായ തീരുമാനമാണിത്. അമ്മേ, അച്ഛാ, നിങ്ങളുടെ മകൾ തോറ്റുപോയി, ക്ഷമിക്കണം’’ – യുവതി ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞു.

എന്നാൽ ഭർത്താവ് ദീപക്കും ബന്ധുക്കളും യുവതിയെ പീഡിപ്പിച്ചിരുന്നതായും ഇതു പ്രിയ തങ്ങളെ അറിയിച്ചിരുന്നെന്നും യുവതിയുടെ കുടുംബം ആരോപിച്ചു. അതേസമയം യുവതിയുടെ മരണത്തിൽ കുടുംബം ഇതുവരെ പരാതി നൽകിയിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlight : Government school teacher found dead inside house in Bihar. The incident took place in Vaishali district of Bihar

To advertise here,contact us