ഇറാനിലെ സംഘർഷം കണക്കിലെടുത്ത് ഇൻഡിഗോ വിമാനങ്ങൾ ഫെബ്രുവരി 11 വരെ സർവീസുകൾ റദ്ദാക്കി

ഫെബ്രുവരി 11 വരെയാണ് ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കിയിരിക്കുന്നത്

ന്യൂഡൽഹി : അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കൂടുതൽ ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കി. അൽമാറ്റി, ബാക്കു, താഷ്‌കന്റ്, ജോർജിയയുടെ തലസ്ഥാനമായ ടിബിലിസി എന്നിവയുൾപ്പെടെ നിരവധി മധ്യേഷ്യൻ നഗരങ്ങളിലേക്കും തിരിച്ചുമുള്ള ഇൻഡിഗോ വിമാനങ്ങളാണ് ഫെബ്രുവരി 11 വരെ റദ്ദാക്കിയത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുൻ‌ഗണന നൽകിയാണ് ഈ തീരുമാനമെടുത്തതെന്ന് എയർലൈൻ അറിയിച്ചു.

ഇറാനിലെ സംഘർഷങ്ങൾ കണക്കിലെടുത്ത് ചില വിമാനങ്ങളുടെ ഷെഡ്യൂളിൽ ഞങ്ങൾ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് ഞങ്ങൾ മുൻ‌ഗണന നൽകുന്നത് കൊണ്ടാണ് ഈ തീരുമാനമെടുത്തതെന്ന് ഇൻഡിഗോ പ്രസ്താവനയിൽ പറഞ്ഞു. ഉപഭോക്താക്കൾക്ക് http://goindigo.in/plan-b.html സന്ദർശിച്ച് മറ്റ് ഫ്ലൈറ്റ് ഓപ്ഷനുകൾ അല്ലെങ്കിൽ റീഫണ്ട് ഓപ്ഷനുകൾ തെരഞ്ഞെടുക്കാനും കഴിയുമെന്നും ഇൻഡിഗോ പ്രസ്താവനയിൽ അറിയിച്ചു. കൂടുതൽ മാറ്റങ്ങൾ സമയബന്ധിതമായി അറിയിക്കുമെന്നും ഇൻഡിഗോ കൂട്ടിച്ചേർത്തു. ഉപഭോക്താക്കളുടെ ക്ഷമയ്ക്കും സഹകരണത്തിനും ഞങ്ങൾ നന്ദി പറയുന്നുവെന്നും ഇൻഡിഗോ വ്യക്തമാക്കി.

ജനുവരി 25ന് ഡൽഹിയിൽ നിന്ന് ത്ബിലിസിയിലേക്കും മുംബൈയിൽ നിന്ന് അൽമാറ്റിയിലേക്കുമുള്ള ഇൻഡിഗോ വിമാനങ്ങളാണ് റദ്ദാക്കിയിരുന്നത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ജനുവരി 26, 27, 28 തീയതികളിൽ ടിബിലിസി, അൽമാറ്റി, താഷ്‌കന്റ്, ബാക്കു എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ റദ്ദാക്കുന്നതായി ഇൻഡിഗോ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫെബ്രുവരി 11 വരെ ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കിയെന്ന് എയർലൈൻ അറിയിച്ചത്.

Content Highlight : IndiGo cancels flights to many Central Asian cities till Feb 11 amid Iran tensions. The airline said the decision was made with the safety of passengers and crew as its top priority

To advertise here,contact us