പനാജി∙ പതിനാറ് വയസ്സിൽ താഴെയുള്ള കുട്ടികൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നത് വിലക്കാൻ ഗോവ. ഓസ്ട്രേലിയയെ മാതൃകയാക്കി നിരോധനം നടത്താനാണ് ശ്രമം. കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗം എങ്ങനെ നിയന്ത്രിക്കാമെന്ന് പഠിക്കാനായി ഓസ്ട്രേലിയയുടെ നിയമങ്ങൾ പരിശോധിക്കുകയാണെന്ന് ഗോവയുടെ ഐറ്റി മന്ത്രി റോഹൻ ഖൗണ്ടേ പറഞ്ഞു.
സാധ്യമെങ്കിൽ 16 വയസ്സിൽ താഴെയുള്ള കുട്ടികൾ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് സമാനമായ നിരോധനം ഞങ്ങൾ നടപ്പിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സമാനമായ നടപടികൾ പരിഗണിക്കുമെന്ന് നേരത്തെ ആന്ധ്രപ്രദേശ് സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, കേന്ദ്ര സർക്കാർ ദേശീയതലത്തിൽ ഇത്തരത്തിൽ നിയന്ത്രണം കൊണ്ടുവരുന്നത് സംബന്ധിച്ച് ഇതുവരെ ചർച്ചകളൊന്നും നടത്തിയിട്ടില്ല.
കഴിഞ്ഞവർഷമാണ് 16 വയസിൽ താഴെയുള്ള കുട്ടികൾ സമൂഹമാധ്യമം ഉപയോഗിക്കുന്നത് ഓസ്ട്രേലിയയിൽ നിരോധിച്ചത്. നിയമം നടപ്പിൽ വന്ന ആദ്യമാസത്തിൽ 4.7 മില്യൻ കൗമാരക്കാരുടെ അക്കൗണ്ടുകൾ ഓസ്ട്രേലിയ ഡീആക്ടിവേറ്റ് ചെയ്തെന്നാണു കണക്കുകൾ. മലേഷ്യയും ഫ്രാൻസും ഇൻഡോനീഷ്യയും സമാനമായ നിയമങ്ങൾ സ്വീകരിക്കുന്നതിനുള്ള നീക്കങ്ങളിലാണ്.
Content Highlight : Goa Considers Australia-Like Social Media Ban For Children Below 16