ലഖ്നൗ: ട്രെയിൻ വൈകിയതിന് പിന്നാലെ പ്രവേശന പരീക്ഷ എഴുതാൻ കഴിയാതെവന്ന വിദ്യാർത്ഥിനിക്ക് റെയിൽവെ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ. ഉത്തർപ്രദേശിലെ ബസ്തി ജില്ലയിൽ 2018 മെയ് ഏഴിനായിരുന്നു സംഭവം. ബിഎസ്സി ബയോടെക്നോളജി കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയിൽ പങ്കെടുക്കാനായി ട്രെയിനിൽ പോകാനായി സ്റ്റേഷനിൽ എത്തിയതായിരുന്നു സമൃദ്ധി എന്ന യുവതി. എന്നാൽ ട്രെയിൻ രണ്ട് മണിക്കൂറിലധികം വൈകി. ഇതോടെ യുവതിക്ക് പരീക്ഷ എഴുതാനായില്ല. വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ജില്ലാ ഉപഭോക്തൃ കമ്മീഷൻ നഷ്ടപരിഹാരം നൽകാൻ റെയിൽവെയോട് നിർദേശിക്കുകയായിരുന്നു. യുവതിക്കുണ്ടായ നഷ്ടത്തിന് റെയിൽവെയാണ് ഉത്തരവാദിയെന്നും ഉപഭോക്തൃ കമ്മീഷൻ വ്യക്തമാക്കി.
ഒരു വർഷത്തോളം എൻട്രൻസ് പരീക്ഷയ്ക്കായി പരിശ്രമിച്ച സമൃദ്ധിക്ക് ലഖ്നൗവിലായിരുന്നു പരീക്ഷ കേന്ദ്രം. ബസ്തി സ്റ്റേഷനിൽനിന്നും 11 മണിക്ക് ലഖ്നൗവിൽ എത്തുന്ന ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് രണ്ടര മണിക്കൂറിനടുത്ത് വൈകി. 12.30നായിരുന്നു പരീക്ഷയുടെ റിപ്പോർട്ടിങ് ടൈം.
20 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സമൃദ്ധി പരാതി നൽകിയിരുന്നത്. പരാതിയിൽ റെയിൽവെ മന്ത്രാലയം, ജനറൽ മനേജർ, സ്റ്റേഷൻ സൂപ്രണ്ട് എന്നിവർക്ക് അഭിഭാഷകൻ മുഖേന നോട്ടീസ് അയച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചിരുന്നില്ല. ഇരുഭാഗങ്ങളുടെയും വാദം കേട്ട ഉപഭോക്തൃ കമ്മീഷൻ, കൃത്യസമയം പാലിക്കുന്നതിൽ റെയിൽവേക്ക് വീഴ്ച പറ്റിയെന്ന് നിരീക്ഷിച്ചു. തുടർന്ന് 45 ദിവസത്തിനകം നഷ്ടപരിഹാരതുക നൽകണമെന്ന് ഉത്തരവിടുകയായിരുന്നു. തുക നൽകുന്നതിൽ വീഴ്ച വരുത്തിയാൽ 12 ശതമാനം അധിക പലിശകൂടി ഈടാക്കുമെന്നുംകമ്മീഷൻ വ്യക്തമാക്കി.
Content Highlights: uttar pradesh student misses exam due to train delay, gets 9 lakh rupees compensation from railways