'സംഘടനയെ പുനഃരുജ്ജീവിപ്പിക്കണം'; പുനഃസംഘടന പൂര്‍ത്തിയാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശവുമായി കോണ്‍ഗ്രസ്

എസ്‌സി, എസ്ടി, ഒബിസി, ന്യൂനപക്ഷങ്ങള്‍ എന്നീ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്നും നേതൃത്വത്തിന്റെ നിര്‍ദേശമുണ്ട്

ന്യൂഡല്‍ഹി: സംഘടനയെ പുനഃരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ല മുതല്‍ ബൂത്ത് തലം വരെ കമ്മിറ്റികളുടെ രൂപീകരണം പൂര്‍ത്തിയാക്കാന്‍ സംസ്ഥാനങ്ങളിലെ നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി കോണ്‍ഗ്രസ്. പുനഃസംഘടന സംബന്ധിച്ച് സംസ്ഥാനങ്ങളുടെ ചുമതലയുളള ജനറല്‍ സെക്രട്ടറിമാര്‍, പിസിസി അധ്യക്ഷന്മാര്‍ തുടങ്ങിയ നേതാക്കളുമായി ഇന്ദിരാഭവനില്‍ വിശദമായ യോഗം ചേര്‍ന്നെന്ന് കെ സി വേണുഗോപാല്‍ അറിയിച്ചു. 'സംഗതന്‍ ശ്രീജന്‍ അഭിയാന്‍ പ്രകാരം 14 സംസ്ഥാനങ്ങളില്‍ ഡിസിസി പ്രസിഡന്റുമാരുടെ നിയമനം വിജയകരമായി പൂര്‍ത്തിയായി. 525 പുതിയ ഡിസിസി പ്രസിഡന്‍രുമാരെ നിയമിച്ചു. സംഘടനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അടുത്ത ഘട്ടമായി ആറ് സംസ്ഥാനങ്ങളില്‍ കൂടി ഉടന്‍ പ്രഖ്യാപനമുണ്ടാകും'- കെ സി വേണുഗോപാൽ പറഞ്ഞു.

കോണ്‍ഗ്രസ് പുനഃസംഘടന നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഗുജറാത്തിലും മധ്യപ്രദേശിലും പുനഃസംഘടന ആരംഭിച്ചു. സംഘടനയില്‍ സജീവമായവരയെും പ്രതിബദ്ധതയുളള യുവാക്കളെയും മുന്നില്‍ കൊണ്ടുവരണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. ജില്ലാ തല സമിതികളുടെ രൂപീകരണം 15 ദിവസത്തിനകവും ബ്ലോക്ക് ലെവല്‍ കമ്മിറ്റികലുടെ രൂപീകരണം 30 ദിവസത്തിനകവും മണ്ഡല, ഗ്രാമപഞ്ചായത്ത്, ബൂത്ത് ലെവല്‍ കമ്മിറ്റികളുടെ രൂപീകരണം 60 ദിവസത്തിനകവും പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. എല്ലാ സമുദായങ്ങളില്‍ നിന്നും എസ്‌സി, എസ്ടി, ഒബിസി, ന്യൂനപക്ഷങ്ങള്‍ എന്നീ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്നും നേതൃത്വത്തിന്റെ നിര്‍ദേശമുണ്ട്.

Content Highlights: 'The organization should be revived'; Congress directs states to complete reorganization

To advertise here,contact us