നാലുവര്‍ഷത്തെ പ്രണയം; മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച് യുവതിയെ കൊന്ന് കഷ്ണങ്ങളാക്കി യുവാവ്

യുവതിയുടെ തല ഇതുവരെ കണ്ടെത്താനായിട്ടില്ല. അതിനായുളള അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു

ലക്‌നൗ: മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ യുവതിയെ കൊലപ്പെടുത്തി കാമുകനായ യുവാവ്. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. വിനയ് രജ്പുത് എന്നയാളാണ് കാമുകിയായ മിന്‍സിയെ കൊലപ്പെടുത്തിയത്. യുവതിയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് യുവാവിനെ അതിക്രൂരമായ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. ജനുവരി 23-ന് വീട്ടില്‍ നിന്ന് ഷോപ്പിംഗിന് പോവുകയാണ് എന്ന് പറഞ്ഞ് ഇറങ്ങിയ യുവതിയെ ഏറെ വൈകിയും കാണാതായതോടെയാണ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്.

പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. അതിനിടെ പാര്‍വ്വതി വിഹാറില്‍ നിന്നും യുവതിയുടെ തലയില്ലാത്ത ഉടല്‍ കണ്ടെത്തി. ഇതോടെ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മിന്‍സിയുടെ സ്‌കൂട്ടറില്‍ വിനയ് സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഇതോടെയാണ് അന്വേഷണസംഘം വിനയ് രജ്പുതിനെ അറസ്റ്റ് ചെയ്തത്.

വിനയ്‌യും മിന്‍സിയും ഒരേ ഓഫീസില്‍ ജോലി ചെയ്യുന്നവരായിരുന്നു. യുവതിയുമായി താന്‍ പ്രണയത്തിലായിരുന്നുവെന്നും മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് യുവതിയെ കൊന്നതെന്നും വിനയ് ചോദ്യംചെയ്യലില്‍ പൊലീസിനോട് സമ്മതിച്ചു. വിനയ് മിന്‍സിയെ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെവെച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും വിനയ് മിന്‍സിയെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു.

ശേഷം മൃതദേഹം കഷ്ണങ്ങളാക്കി ചാക്കുകളിലാക്കി. ഉടൽ ഭാഗം പാര്‍വതി വിഹാറില്‍ ഉപേക്ഷിച്ചു. തല ഓടയില്‍ എറിഞ്ഞു. സംശയം തോന്നാതിരിക്കാന്‍ ഇയാള്‍ യുവതിയുടെ വീട്ടുകാരെ നിരന്തരം ബന്ധപ്പെട്ടിരുന്നു. പരാതി കൊടുക്കാന്‍ പൊലീസ് സ്റ്റേഷനിലും പോയിരുന്നു. യുവതിയുടെ തല ഇതുവരെ കണ്ടെത്താനായിട്ടില്ല. അതിനായുളള അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

Content Highlights: man kills young woman suspecting her of having an affair with someone else In Agra

To advertise here,contact us