ഭോപ്പാല്: മധ്യപ്രദേശിലെ ഒരു ഗ്രാമം പ്രണയിച്ച് വിവാഹം കഴിച്ച യുവജനങ്ങളുടെ കുടുംബങ്ങളെ ബഹിഷ്കരിക്കാന് തീരുമാനിച്ചതായി റിപ്പോര്ട്ട്. രത്ലം ജില്ലയിലെ പഞ്ചേവ ഗ്രാമമാണ് വിചിത്രമായ തീരുമാനമെടുത്തിരിക്കുന്നത്. ഗ്രാമത്തില് അടുത്തിടെ നടന്ന ഒരു യോഗത്തില് പഞ്ചായത്ത് അംഗങ്ങള് ഉള്പ്പെടെ 400-500 ഗ്രാമവാസികള് പങ്കെടുത്തിരുന്നു. ഈ യോഗത്തിലാണ് പ്രണയിച്ച് ഒളിച്ചോടിപ്പോയ യുവജനങ്ങളുമായി ബന്ധപ്പെടുന്ന കുടുംബങ്ങളെയും പ്രണയിച്ച് വിവാഹം കഴിക്കാന് സഹായിച്ചവരുടെ കുടുംബങ്ങളെയും ബഹിഷ്കരിക്കാന് തീരുമാനമായത്. മറ്റ് ഗ്രാമങ്ങളില് നിന്ന് പ്രണയിച്ച് വിവാഹിതരായി തങ്ങളുടെ ഗ്രാമത്തിലെത്തുന്നവരെ സഹായിക്കുന്നവരെയും ബഹിഷ്കരിക്കും.
ഗ്രാമത്തില് നടന്ന യോഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില് വൈറലായിരുന്നു. 'സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാന് പോയ യുവജനങ്ങളുടെ കുടുംബങ്ങളെ ഗ്രാമം മുഴുവന് പൂര്ണമായും ബഹിഷ്കരിക്കാന് തീരുമാനിച്ചു. ഗ്രാമത്തിലെ പരിപാടികളില് നിന്നും അത്തരം കുടുംബങ്ങളെ ഒഴിവാക്കും. അവര്ക്ക് തൊഴിലും നിഷേധിക്കപ്പെടും. ആ കുടുംബങ്ങള്ക്ക് ജോലി വാഗ്ദാനം ചെയ്യുന്നവര്ക്കും സമാനമായ ബഹിഷ്കരണം നേരിടേണ്ടിവരും' എന്നാണ് പുറത്തുവന്ന വീഡിയോയില് ഒരാള് പറയുന്നത്. ഈ കുടുംബങ്ങള്ക്ക് പാലോ മറ്റ് അവശ്യവസ്തുക്കളോ ഗ്രാമത്തില് നിന്ന് നല്കില്ല. കൃഷിഭൂമി പാട്ടത്തിനെടുക്കാനാവില്ല. പുരോഹിതന്മാരുടെയും ബാര്ബര്മാരുടെയും സേവനങ്ങളും ലഭ്യമാകില്ല.
വീഡിയോ വൈറലായതോടെ പിപ്ലോദ ജന്പദ് പഞ്ചായത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര് ഗ്രാമം സന്ദര്ശിക്കുകയും യോഗത്തില് പങ്കെടുത്ത ഗ്രാമമുഖ്യന്മാരെ കാണുകയും ചെയ്തു. ഇത്തരം തീരുമാനങ്ങളുമായി മുന്നോട്ടുപോയാല് നിയമനടപടി നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. പ്രണയവിവാഹം നിരുത്സാഹപ്പെടുത്തുന്നതിനായാണ് ഇത്തരമൊരു തീരുമാനം ഗ്രാമം ഏകകണ്ഠമായി പാസാക്കിയതെന്നാണ് ഗ്രാമമുഖ്യന്മാരുടെ ന്യായീകരണം. കഴിഞ്ഞ ആറ് മാസത്തിനിടെ ഗ്രാമത്തിലെ എട്ട് ആണ്കുട്ടികളും പെണ്കുട്ടികളും ഒളിച്ചോടി വിവാഹം കഴിച്ചിട്ടുണ്ടെന്നും ഇത് ഗ്രാമത്തിലെ മറ്റ് കുട്ടികളെ സ്വാധീനിക്കുമെന്നുമാണ് ഗ്രാമീണരുടെ വാദം.
Content Highlights: Madhyapradesh village decides to boycott families of love-married youths, those helping them