റിപ്പബ്ലിക് പരേഡിൽ ഇക്കുറിയും രാഹുൽ ഗാന്ധിക്കും ഖാർഗെക്കും ഇരിപ്പിടം മൂന്നാം നിരയിൽ; വിമര്‍ശനവുമായി കോണ്‍ഗ്രസ്

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കും കോൺഗ്രസ് പ്രസിഡൻ്റ് മല്ലികാർജുൻ ഖാർഗെക്കും മൂന്നാം നിരയിലാണ് റിപ്പബ്ലിക് പരേഡിൽ ഇരിപ്പടങ്ങൾ ഒരുക്കിയത്

ന്യൂഡൽഹി: ഇത്തവണയും റിപ്പബ്ലിക് പരേഡിൽ രാഹുൽ ഗാന്ധിയുടെയും ഖാർഗെയുടെയും ഇരിപ്പിടങ്ങളെ ചൊല്ലി കോൺഗ്രസ് വിമർശനങ്ങൾ ഉയർത്തി. പ്രോട്ടോകോൾ പ്രകാരമല്ല ഇരിപ്പടങ്ങൾ ഒരുക്കിയതെന്നാണ് കോൺഗ്രസിൻ്റെ കുറ്റപ്പെടുത്തൽ. പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കും കോൺഗ്രസ് പ്രസിഡൻ്റ് മല്ലികാർജുൻ ഖാർഗെക്കും മൂന്നാം നിരയിലാണ് റിപ്പബ്ലിക് പരേഡിൽ ഇരിപ്പിടങ്ങൾ ഒരുക്കിയത്. ഇത് പ്രോട്ടോക്കോൾ ലംഘനമാണെന്നും സർക്കാർ മാന്യതകൾ പാലിച്ചില്ലെന്നും കോൺഗ്രസ് വിമർശിച്ചു.

കോൺഗ്രസ് എംപിയും എഐസിസി ജനറൽ സെക്രട്ടറിയുമായ രൺദീപ് സിംഗ് സുർജേവാലയാണ് എക്സ് പോസ്റ്റിലൂടെ വിമർശനം അറിയിച്ചത്. മൂന്നാം നിരയിൽ ഇരിക്കുന്ന രാഹുൽ ഗാന്ധിയുടെയും ഖാർഗെയുടെയും ചിത്രം പങ്കുവെച്ചായിരുന്നു സുര്‍ജേവാലയുടെ പ്രതികരണം.പ്രതിപക്ഷ നേതാവിനോടുള്ള ഇത്തരം പെരുമാറ്റം രാജ്യത്ത് നിലനിൽകുന്ന മര്യാദയുടെയോ, പാരമ്പര്യത്തിന്റെയോ, പ്രോട്ടോക്കോളിന്റെയോ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും അപകർഷതാബോധം നിറഞ്ഞ സർക്കാരിനെ മാത്രമെ ഇത് വെളിപ്പെടുത്തുന്നുള്ളൂ," എന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയോടുള്ള ഈ പെരുമാറ്റം "സ്വീകാര്യമല്ല" എന്നും പ്രതികരിച്ചു.

രാജ്യസഭാ എംപി വിവേക് ​​തൻഖയും വിമർശനമുയർത്തിയിരുന്നു. സംഭവിച്ചത് പ്രോട്ടോക്കോളിന്റെയും മാന്യതയുടെയും അഭാവമാണെന്നും ഇന്നത്തെ കാലത്ത് ഇത്തരം പ്രവർത്തി പ്രതീക്ഷിക്കാൻ പോലും കഴിയാത്തതാണെന്നും അദേഹം പറഞ്ഞു. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് പ്രസിഡന്റും കർതവ്യ പാതയിലെ മുൻ നിരകളിൽ നിന്ന് മാറി ഇരിക്കുന്ന ചിത്രത്തോടൊപ്പമായിരുന്നു പ്രതികരണം.

റിപ്പബ്ലിക് ദിന പരേഡിലെ ഇരിപ്പിട ക്രമീകരണങ്ങൾ പ്രതിപക്ഷ പാർട്ടികളിൽ നിന്ന് സർക്കാർ വിമർശനം നേരിടുന്നത് ഇതാദ്യമായല്ല. 2018 ലെ പരേഡിൽ, പ്രതിപക്ഷ പാർട്ടി മേധാവികൾക്ക് പരമ്പരാഗതമായി നൽകുന്ന മുൻ നിരയ്ക്ക് പകരം നാലാം നിര മുതൽ ആറാം നിര വരെയുള്ള സീറ്റുകളാണ് നൽകിയത്. അന്നും രാഹുൽ ഗാന്ധിയുടെ ഇരുപ്പിടത്തെ ചൊല്ലി കോൺഗ്രസ് വിമർശങ്ങൾ ഉയർത്തിയിരുന്നു കോൺഗ്രസ് നേതാക്കൾ ഈ ക്രമീകരണത്തെ "വിലകുറഞ്ഞ രാഷ്ട്രീയം" എന്നാണ് വിശേഷിപ്പിച്ചത്.Content Highlights: Congress alleged a protocol violation after Rahul Gandhi and Mallikarjun Kharge were seated in the third row during the Republic Day parade.

To advertise here,contact us