ചെന്നൈ: കേന്ദ്ര സർക്കാരിനും തമിഴ്നാട് ഗവർണ്ണർക്കും എതിരെ രൂക്ഷ വിമർശനവുമായി കമൽ ഹാസൻ്റെ മക്കൾ നീതി മയ്യം. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തീരുമാനിക്കാനായി ചേർന്ന കമൽ ഹാസൻ്റെ മക്കൾ നീതി മയ്യത്തിൻ്റെ എക്സിക്യൂട്ടീവ് യോഗമാണ് കേന്ദ്ര സർക്കാരിനും ഗവർണർക്കുമെതിരെ പ്രമേയം പാസാക്കിയത്. തെരഞ്ഞെടുപ്പിനായി വാർറൂം ഒരുക്കുന്നത് അടക്കമുള്ള വിഷയങ്ങളിൽ ശനിയാഴ്ച ചെന്നൈയിൽ ചേർന്ന മക്കൾ നീതി മയ്യത്തിൻ്റെ എക്സിക്യൂട്ടീവിൽ ധാരണയായി. ഫെഡറലിസം, ഗ്രാമീണ തൊഴിൽ പരിഷ്കാരങ്ങൾ, സ്വത്വ രാഷ്ട്രീയം എന്നിവയിൽ ശക്തമായ നിലപാടുകൾ സ്വീകരിക്കുന്ന പ്രമേയങ്ങളും എക്സിക്യൂട്ടീവ് പാസാക്കി.
തമിഴ്നാട് ഗവർണർ ആർ എൻ രവിയെ നിശിതമായി വിമർശിക്കുന്ന പ്രമേയം മക്കൾ നീതി മയ്യത്തിൻ്റെ എക്സിക്യൂട്ടീവ് യോഗം പാസാക്കി. തെരഞ്ഞെടുക്കപ്പെട്ട നിയമസഭയുടെ അന്തസ്സിനെ ഗവർണർ ആർ എൻ രവി തകർക്കുന്നുവെന്ന് പ്രമേയം ആരോപിക്കുന്നു. സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശം ഇന്ത്യൻ ഭരണഘടന നൽകുന്ന അവകാശമാണ്. അതിൽ ഇടപെടുകയും തടസ്സപ്പെടുത്തുകയും ചെയ്യുന്നത് ഫെഡറലിസത്തിന്റെ തത്വത്തിന് വിരുദ്ധമാണ് എന്നും പ്രമേയം കുറ്റപ്പെടുത്തുന്നുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ സഭയുടെ അന്തസ്സിനെ കളങ്കപ്പെടുത്തുന്ന രീതിയിൽ ഗവർണർ പെരുമാറുന്നത് അംഗീകരിക്കാനാവില്ലെന്നും എംഎൻഎം വ്യക്തമാക്കി. തന്റെ ഓഫീസിന്റെ അന്തസ്സിനും തമിഴ്നാട്ടിലെ ജനങ്ങളുടെ താൽപ്പര്യങ്ങൾക്കും അനുസൃതമായി പ്രവർത്തിക്കണമെന്നും പ്രമേയം ഗവർണറോട് ആവശ്യപ്പെടുന്നുണ്ട്.
ഗ്രാമീണ തൊഴിൽ പദ്ധതിയിലെ മാറ്റങ്ങൾക്കെതിരെയും രൂക്ഷ വിമർശനമാണ് മക്കൾ നീതി മയ്യം ഉയർത്തിയത്. തൊഴിലുറപ്പ് പദ്ധതിയിൽ സംസ്ഥാന വിഹിതം 40 ശതമാനമാക്കിയതിനെയും എംഎൻഎം വിമർശിച്ചു. അടിസ്ഥാന ജനവിഭാഗത്തിൻ്റെ ഉപജീവനമാർഗ്ഗത്തെ പിന്തുണയ്ക്കുന്ന പദ്ധതിയിൽ മാറ്റം വരുത്തിയതിനെയും എംഎൻഎം കുറ്റപ്പെടുത്തി.
ഭിന്നിപ്പിൻ്റെ രാഷ്ട്രീയത്തിനെതിരെയും മക്കൾ നീതി മയ്യം മുന്നറിയിപ്പ് നൽകി. തെരഞ്ഞെടുപ്പ് നേട്ടത്തിനായി മതപരവും ജാതിപരവുമായ അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ ചില രാഷ്ട്രീയ പാർട്ടികൾ ശ്രമം നടത്തുന്നതായാണ് മുന്നറിയിപ്പ്. തമിഴ്നാട് സന്ദർശന വേളയിൽ ചില നേതാക്കൾ തമിഴ്നാടിനോട് സ്നേഹം പ്രകടിപ്പിക്കുകയും മറ്റിടങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ തമിഴരെക്കുറിച്ച് അവഹേളനപരമായ പരാമർശങ്ങൾ നടത്തുകയും ചെയ്യുന്നതായാണ് എംഎൻഎം പാസാക്കിയ പ്രമേയത്തിൽ കുറ്റപ്പെടുത്തുന്നത്. 'പൊതു വേദികളിൽ തമിഴിൽ കുറച്ച് വാക്കുകൾ സംസാരിക്കുന്ന, എന്നാൽ ഭാഷയുടെ വികസനത്തിന് കുറച്ച് ഫണ്ട് അനുവദിക്കുന്ന, തമിഴ് അഭിമാനം ആഘോഷിക്കുന്ന ഗവേഷണങ്ങളെ അടിച്ചമർത്തുന്ന, വിവിധ രൂപങ്ങളിൽ ഹിന്ദി ആവർത്തിച്ച് അടിച്ചേൽപ്പിക്കുന്നവരെ തമിഴ്നാട് ജനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നു'ണ്ടെന്ന് പ്രമേയം വ്യക്തമാക്കുന്നു.
മക്കൾ നീതി മയ്യത്തിൻ്റെ ആസ്ഥാനത്ത് ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ കമൽ ഹാസനായിരുന്നു അധ്യക്ഷത വഹിച്ചത്. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുൻനിർത്തി തെരഞ്ഞെടുപ്പ് പ്രവർത്തക സമിതിയ്ക്കും എക്സിക്യൂട്ടീവ് യോഗം രൂപം നൽകി. പാർട്ടിയുടെ സംഘടന അടിത്തറ താഴെതട്ട് മുതൽ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ അടിസ്ഥാനത്തിൽ സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കുക, പ്രചാരണ തന്ത്രം തീരുമാനിക്കുക തെരഞ്ഞെടുപ്പ് പ്രചാരണം ഏകോപിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്ക് തെരഞ്ഞെടുപ്പ് പ്രവർത്തക സമിതി മേൽനോട്ടം വഹിക്കും.
2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എംഎൻഎം ടിക്കറ്റിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ശനിയാഴ്ച മുതൽ നാമനിർദ്ദേശം സമർപ്പിക്കാമെന്ന് എക്സിക്യൂട്ടീവ് തീരുമാനിച്ചിട്ടുണ്ട്. നാമനിർദ്ദേശ ഫീസ് 50,000 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. മധുരയിൽ പാർട്ടി വാർഷികാഘോഷ പരിപാടി നടത്താനും എംഎൻഎം തീരുമാനിച്ചിട്ടുണ്ട്. പാർട്ടി സ്ഥാപക വാർഷികത്തോടനുബന്ധിച്ച് ഫെബ്രുവരി 21 ന് മധുരയിൽ പൊതുസമ്മേളനം നടത്താനുള്ള പദ്ധതിയും എംഎൻഎം പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തുടനീളമുള്ള പ്രമുഖ പണ്ഡിതന്മാരുമായും രാഷ്ട്രീയ നേതാക്കളുമായും സംവദിക്കുന്നതിന് ബാബുജിയെ ഓർമ്മിക്കുന്നു എന്ന പേരിൽ ഒരു പരിപാടിയും മക്കൾ നീതി മെയ്യം സംഘടിപ്പിക്കും. പരിപാടിയിൽ കമൽ ഹാസനായിരിക്കും പ്രമുഖ വ്യക്തിത്വങ്ങളുമായി സംവാദത്തിൽ ഏർപ്പെടുക.
Content Highlights: Makkal Needhi Maiam (MNM), led by Kamal Haasan, held its executive meeting and passed a strong resolution condemning the Central Government and the Governor amid ongoing political tensions in Tamil Nadu.