'ആദ്യം വിവാഹം, പിന്നെ യുഎസിലേക്ക്'; മസ്കിന്‍റെ പേരില്‍ വിവാഹ വാഗ്ദാനം: മുംബൈയില്‍ 40കാരിക്ക് 16 ലക്ഷം നഷ്ടമായി

സോഷ്യൽ മീഡിയയിലൂടെ ആരംഭിച്ച വിവാഹ തട്ടിപ്പ് വാഗ്ദാനം അമേസോൺ ഗിഫ്റ്റ് കാർഡുകളിലേക്കും എത്തി

മുംബൈ: ഇലോണ്‍ മസ്കിന്‍റെ പേരില്‍ വിവാഹ വാഗ്ദാനം നല്‍കി ഇന്ത്യക്കാരിയില്‍ നിന്നും 16.34 ലക്ഷം രൂപ തട്ടിയെടുത്തു. മുംബൈയിലെ ചെമ്പൂരിൽ താമസിക്കുന്ന 40 വയസുകാരിക്കാണ് പണം നഷ്ടമായത്. സോഷ്യൽ മീഡിയയിലൂടെ ആരംഭിച്ച വിവാഹ തട്ടിപ്പ് വാഗ്ദാനം അമേസോൺ ഗിഫ്റ്റ് കാർഡുകളിലേക്കും ഒടുവില്‍ പണം നഷ്ടപ്പെടുന്നതിലേക്കും എത്തുകയായിരുന്നു.

ഇലോണ്‍ മസ്കിന്‍റെ തന്‍റെ ഉടമസ്ഥതയിലുള്ള 'എക്സ്' വഴിയാണ് തട്ടിപ്പ് സംഘം യുവതിയെ ബന്ധപ്പെടുന്നത്. പിന്നീട് മറ്റൊരു മെസേജിംഗ് ആപ്പിലേക്ക് മാറി ദിവസങ്ങളോളം ചാറ്റ് ചെയ്തു. വിവാഹം കഴിക്കാമെന്നും അമേരിക്കയിലേക്ക് കൊണ്ടുപോയി പുതിയ ജീവിതം നൽകാമെന്നതും അടക്കമുള്ള വന്‍ വാഗ്ദാനങ്ങൾ യുവതിക്ക് ലഭിച്ചു. വിസ പ്രക്രിയയ്ക്കായി 'ജെയിംസ്' എന്നൊരാളെ പരിചയപ്പെടുത്തുകയും ചെയ്തു.

ജെയിംസ് വിസ പ്രോസസിംഗ് ഫീസിന്റെ പേരിൽ അമേസോൺ ഗിഫ്റ്റ് കാർഡുകൾ വാങ്ങി അതിലെ കോഡുകൾ പങ്കുവെക്കാൻ ആവശ്യപ്പെട്ടു. ഇത്തരത്തില്‍ 2025 ഒക്ടോബർ മുതൽ 2026 ജനുവരി വരെയുള്ള കാലയളവിൽ ഈ സ്ത്രീ ഏകദേശം 16.34 ലക്ഷം രൂപയുടെ ഗിഫ്റ്റ് കാർഡുകൾ വാങ്ങി കൊടുത്തു. ജനുവരി 15-ന് യുഎസിലേക്കുള്ള ടിക്കറ്റിനായി 2 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടപ്പോഴാണ് സ്ത്രീക്ക് സംശയം തോന്നുന്നത്. പണം കൊടുക്കില്ലെന്ന് പറഞ്ഞതോടെ "നിന്നെ അമേരിക്കയിലേക്ക് കൊണ്ടുപോകില്ല" എന്ന മറുപടിയോടെ അപ്പുറത്തുള്ളയാള്‍ ചാറ്റിങ് പൂർണ്ണമായും നിർത്തി.

തട്ടിപ്പ് മനസ്സിലായതോടെ സ്ത്രീ രക്ഷിതാക്കളുടെ നിർദേശപ്രകാരം സൈബർ പോലീസ് ഹെൽപ്പ്ലൈനിൽ പരാതി നൽകി. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 318 (ചീറ്റിംഗ്), 319 (വ്യക്തിത്വ വേഷപ്രച്ഛാദനം), 61 (ക്രിമിനൽ കോൺസ്പിറസി) എന്നിവയ്ക്കൊപ്പം ഐടി ആക്ടിലെ ബന്ധപ്പെട്ട വകുപ്പുകളും ചേർത്ത് കേസെടുത്തു.

ഇന്ത്യയിൽ ഇലോൺ മസ്കിന്റെ പേര് ഉപയോഗിച്ചുള്ള തട്ടിപ്പുകൾ അടുത്തിടെ വർധിച്ച് വരുന്നുണ്ട്. ക്രിപ്റ്റോ ഇൻവെസ്റ്റ്മെന്റ്, ഡീപ്ഫേക്ക് വീഡിയോകൾ എന്നിവയിലൂടെയും അദ്ദേഹത്തിന്റെ ഇമേജ് ദുരുപയോഗം ചെയ്യപ്പെടുന്നു. McAfee പോലുള്ള റിപ്പോർട്ടുകൾ പ്രകാരം ഡീപ്ഫേക്ക് തട്ടിപ്പുകൾക്ക് ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെടുന്ന സെലിബ്രിറ്റികളിൽ മൂന്നാമതാണ് മസ്ക്.

Content Highlights: A 40-year-old woman in Mumbai was cheated of Rs 16 lakh after falling victim to a fake marriage proposal made using Elon Musk’s name

To advertise here,contact us