ഇംഫാല്: മണിപ്പൂരില് യുവാവിനെ തീവ്രവാദികള് തട്ടിക്കൊട്ടുപോയി വെടിവെച്ച് കൊല്ലുന്ന വീഡിയോ നീക്കം ചെയ്യാന് സമൂഹമാധ്യമങ്ങള്ക്ക് നിർദേശം നല്കി കേന്ദ്ര സർക്കാർ. യൂട്യൂബ്, മെറ്റ, ഗൂഗിൾ പ്ലാറ്റ്ഫോമുകൾക്കാണ് കേന്ദ്ര സർക്കാർ നിർദേശം നല്കിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അപേക്ഷ പരിഗണിച്ച് കേന്ദ്ര ഐടി മന്ത്രാലയമാണ് ഉത്തരവിട്ടത്.
മയാങ്ലംബം ഋഷികാന്ത സിംഗ് എന്നയാളെ ബുധനാഴ്ചയായിരുന്നു തുയിബോംഗ് മേഖലയിലെ വിട്ടീല് നിന്നും തീവ്രവാദികള് തട്ടിക്കൊണ്ടുപോയത്. തുടർന്ന് നത്ജാങ് ഗ്രാമത്തിന് സമീപം എത്തിച്ച് വെടിവെച്ച് കൊല്ലുകയായിരുന്നു. കൊലപാതകത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില് വ്യാപകമായി പ്രചരിച്ചിരുന്നു. കൊല്ലപ്പെടുന്നതിന് മുമ്പ് മയാങ്ലംബം ഋഷികാന്ത സിംഗ് കൈകൂപ്പി ജീവന് വേണ്ടി യാചിക്കുന്നതും ദൃശ്യങ്ങളില് കാണാമായിരുന്നു.
മെയ്തി സമുദായ അംഗമായ മയാങ്ലംബം ഋഷികാന്ത സിംഗ് കുക്കി വനിതയായ യുവതിയെയാണ് വിവാഹം ചെയ്തത്. നേപ്പാളില് ജോലി ചെയ്തിരുന്ന ഇദ്ദേഹം കലാപത്തിന് ശേഷം അടുത്തിടേയാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്. കഴിഞ്ഞ ഒരുമാസമായി ചുരാന്ദ്പൂർ ജില്ലയിലെ നാഥ്ജാങ് ഗ്രാമത്തില് ഭാര്യയ്ക്കൊപ്പമായിരുന്നു താമസം. കുക്കി സംഘനടകളുടെ അനുമതിയോടെയാണ് മയാങ്ലംബം ഋഷികാന്ത ഗ്രാമത്തിലേക്ക് തിരികെ എത്തിയതെങ്കിലും വിവരം അറിഞ്ഞ തീവ്രവാദ സംഘനടകള് ബുധാനാഴ്ച ഭാര്യയോടൊപ്പം യുവാവിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
യുവാവിന്റെ കൊലപാതക വീഡിയോ പുറത്ത് വന്നത് മണിപ്പൂരിൽ പുതിയ പ്രതിഷേധങ്ങൾക്കും അസ്വസ്ഥതകൾക്കും കാരണമായതിനാൽ, പൊതുക്രമം തകരാറിലാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വീഡിയോ ബ്ലോക്ക് ചെയ്യാന് അപേക്ഷ നൽകിയത്. മണിപ്പൂർ ഹൈക്കോടതിയും സമാനമായി വീഡിയോകൾ ബ്ലോക്ക് ചെയ്യാൻ നിർദേശം നൽകിയിരുന്നു. സംഭവത്തിന് പിന്നാലെ മണിപ്പൂരിൽ പ്രതിഷേധങ്ങൾ ശക്തമായി തുടരുകയാണ്.
Content Highlights: The central government has directed social media platforms to block a video depicting the shooting death of a 29-year-old man.