ന്യൂഡല്ഹി: എഴുപത്തിയേഴാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപതി മുര്മു സാധുധ സേനാംഗങ്ങള്ക്കുള്ള വീര സൈനിക ബഹുമതികള് പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ബഹിരാഷ്ട്ര നിലയത്തില് എത്തിയ ആദ്യ ഇന്ത്യക്കാരനായ ഗ്രൂപ്പ ക്യാപ്റ്റന് ശുഭാംശു ശുക്ലയ്ക്ക് അശോക ചക്ര ലഭിച്ചു.
മലയാളിയായ ഗഗന്യാന് ഗ്രൂപ്പ് ക്യാപ്റ്റന് പ്രശാന്ത് ബാലകൃഷ്ണന് നായര് അടക്കം മൂന്ന് പേര്ക്ക് കീര്ത്തി ചക്രയും ലഭിച്ചു. മേജര് അര്ദീഷ് സിങ്, നായിബ് സുബേദാര് ദോലേശ്വര് സുബ്ബ എന്നിവരാണ് കീര്ത്തി ചക്ര ലഭിച്ച മറ്റ് രണ്ട് പേര്. ഓപ്പറേഷന് സിന്ദൂര് സമയത്ത് വാര്ത്താ സമ്മേളനം നടത്തി ശ്രദ്ധേയയായ കേണല് സോഫിയ ഖുറേഷിക്ക് വിശിഷ്ട സേവാ മെഡല് ലഭിച്ചു.
പായ് വഞ്ചിയില് സാഹസികമായി ലോകം ചുറ്റിയ കോഴിക്കോട് സ്വദേശിനി ലെഫ്റ്റനന്റ് കമാന്ഡര് കെ ദില്നയ്ക്ക് ശൗര്യചക്രയും ലഭിച്ചു. ദില്നയ്ക്കൊപ്പമുണ്ടായിരുന്ന പുതുച്ചേരി സ്വദേശിനി ലെഫ്റ്റനന്റ് കമാന്ഡര് എ രൂപയ്ക്കും ശൗര്യചക്രയുണ്ട്. ഏതാനും മാസം മുന്പ് ഐഎന്എസ്വി താരിണിയിലായിരുന്നു ഇരുവരും സാഗരപര്യടനം പൂര്ത്തിയാക്കിയത്. കഠിനമായ സാഹചര്യം മറികടന്ന ഇവര് കേപ് ഹോണേഴ്സ് പദവി നേടിയിരുന്നു.
Content Highlights- Shubhamshu Shukla has been conferred the Ashok Chakra for gallantry, while Prashant Balakrishnan received the Kirti Chakra