ലക്നൗ: നീറ്റില് (നാഷണല് എലിജിബിലിറ്റി കം എന്ട്രന്സ് ടെസ്റ്റ്) ഭിന്നശേഷി സംവരണ ആനുകൂല്യം ലഭിക്കാന് സ്വന്തം കാല്പ്പാദം മുറിച്ചുമാറ്റി യുവാവ്. ഉത്തര്പ്രദേശിലെ ജൗന്പൂരിലാണ് സംഭവം. ഖാലിപൂര് നിവാസിയായ സൂരജ് ഭാസ്കര് എന്ന ഇരുപത്തിനാലുകാരനാണ് ഭിന്നശേഷി ക്വാട്ടയില് നീറ്റ് പ്രവേശനം ലഭിക്കാനായി സ്വന്തം കാൽപ്പാദം മുറിച്ചുമാറ്റിയത്. രണ്ടുതവണ നീറ്റ് പരീക്ഷയെഴുതി പരാജയപ്പെട്ടയാളാണ് സൂരജ്. ഭിന്നശേഷി ക്വാട്ടയിലെങ്കിലും അഡ്മിഷന് കിട്ടാനായാണ് യുവാവ് കാല്പ്പാദം മുറിച്ചുമാറ്റിയത്.
ഇടതുകാലിന്റെ പാദമാണ് യുവാവ് മുറിച്ചുമാറ്റിയത്. ശേഷം തന്നെ ഒരു സംഘം ആക്രമിച്ചെന്ന് ചൂണ്ടിക്കാട്ടി പൊലീസിനെ സമീപിച്ചു. തുടര്ന്ന് ഇയാളെ ആശുപത്രിയില് പ്രവേശിപ്പിക്കുകയും കൊലപാതകശ്രമത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. എന്നാല് അന്വേഷണത്തിനിടെ പൊലീസിന് ലഭിച്ച സൂരജിന്റെ ഡയറിയും പെണ്സുഹൃത്തിന്റെ മൊഴിയുമാണ് കഥയുടെ ഗതി മാറ്റിയത്.
സൂരജിന്റെ ഡയറിയും ഫോണിലെ ഡാറ്റയും പരിശോധിച്ചപ്പോള് ഭിന്നശേഷി ക്വാട്ടയിലൂടെ എളുപ്പം അഡ്മിഷന് ലഭിക്കുമെന്ന് സൂരജ് വിശ്വസിച്ചിരുന്നതായി പൊലീസിന് വ്യക്തമായി. '2026-ല് ഞാന് എംബിബിഎസ് ഡോക്ടറാകും' എന്ന് സൂരജ് ഡയറിയില് എഴുതിയിരുന്നു. സൂരജിന്റെ നടപടി ഭിന്നശേഷി ക്വാട്ടയെ ദുരുപയോഗം ചെയ്യാനുളള നീക്കമായിരുന്നെന്ന് പൊലീസ് പറഞ്ഞു. വ്യാജ പരാതി നല്കിയതിനും സംവരണ വ്യവസ്ഥകള് ദുരുപയോഗം ചെയ്യാന് ശ്രമിച്ചതിനും സാധ്യമായ നിയമനടപടികള് സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. സൂരജിന് എംബിബിഎസിന് പ്രവേശനം ലഭിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നതായി പെണ്സുഹൃത്തും പൊലീസിന് മൊഴി നല്കി. സൂരജിന്റെ വീട്ടില് നിന്നും വേദന അറിയാതിരിക്കാനുളള മരുന്ന് കുത്തിവയ്ക്കാന് ഉപയോഗിച്ച സിറിഞ്ചുകളും പൊലീസ് കണ്ടെടുത്തു.
Content Highlights: neet student cut his leg to get disability quota admission in uttar pradesh