ചെന്നൈ: തമിഴ് നാട്ടിൽ ഡിഎംകെയ്ക്കെതിരെ രൂക്ഷവിമര്ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിഎംകെ ഇപ്പോള് സിഎംസി(ക്രൈം, മാഫിയ, കറപ്ഷന്) ആണെന്നും ഇവയുടെ പര്യായമായി മാറിക്കഴിഞ്ഞുവെന്നും പ്രധാനമന്ത്രി ആരോപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടിലെ മധുരാന്തകത്തില് നടന്ന റാലിയെ അഭിസംബോധ ചെയ്ത് സംസാരിക്കവെയായിരുന്നു മോദിയുടെ പരാമര്ശം. ഡിഎംകെ സര്ക്കാരിന്റെ പതനം ആരംഭിച്ചുവെന്നും നരേന്ദ്ര മോദി ആഞ്ഞടിച്ചു.
കോണ്ഗ്രസും ഡിഎംകെയും കേന്ദ്രത്തില് അധികാരത്തിലിരുന്നപ്പോള് തമിഴ്നാടിന് അനുവദിച്ച് നല്കിയതിനെക്കാള് മൂന്നിരട്ടി തുക തമിഴ്നാടിന്റെ വികസനത്തിനായി എന്ഡിഎ സര്ക്കാര് അനുവദിച്ച് നല്കിയിട്ടുണ്ട്. പിന്നാക്ക വിഭാഗത്തിന്റെ പേരിലും സംസ്ഥാനത്ത് അഴിമതി നടത്തുകയാണ് ഡിഎംകെ സര്ക്കാര്. സ്റ്റാലിന് സര്ക്കാരിന്റെ ഭരണത്തിന് കീഴില് മയക്കുമരുന്ന്-മദ്യ മാഫിയകള് തഴച്ച് വളരുകയാണ്. ഡിഎംകെ നേതാക്കള്ക്ക് പോലും ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് ആരോപണമുണ്ട്. തമിഴ്നാടിനെ ലഹരിവിമുക്തമാക്കാന് എല്ലാവരും എന്ഡിഎക്ക് വോട്ട് ചെയ്യണമെന്നും മോദി പറഞ്ഞു.
തമിഴ്നാട്ടിലെ ജനങ്ങള് ഈ സര്ക്കാരിനെ പിഴുത് മാറ്റാന് തീരുമാനിച്ച് കഴിഞ്ഞു. അവരുടെ വോട്ടുകള് ആ മാറ്റത്തിനായിരിക്കും. ജനാധിപത്യ ബോധമോ ഉത്തരവാദിത്വമോ ഇല്ലാത്ത സര്ക്കാരാണ് ഇപ്പോള് തമിഴ്നാട് ഭരിക്കുന്നത്. അവര് കുടുംബത്തിന് വേണ്ടി മാത്രമാണ് പ്രവര്ത്തിക്കുന്നത്. പാര്ട്ടിയില് ഒരാള്ക്ക് ഉയര്ന്ന് വരാനുള്ള വഴികള് കുടുംബ മഹിമ, അഴിമതി, സ്ത്രീകളെയോ സംസ്കാരത്തെയോ അധിക്ഷേപിക്കല് എന്നിവ മാത്രമാണെന്നും നരേന്ദ്ര മോദി ചൂണ്ടിക്കാണിച്ചു.
ജയലളിതയുടെ ഭരണകാലത്ത് സ്ത്രീ സുരക്ഷയും ക്രമസമാധാനവും മികച്ചതായിരുന്നു. എന്നാല് ഡിഎംകെ ഭരിക്കുമ്പോള് ഇവിടെ സ്ത്രീകള് സുരക്ഷിതരല്ല. തമിഴ്നാട്ടില് എന്ഡിഎ സര്ക്കാര് അധികാരത്തില് വന്നാല് സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നല്കും. തമിഴ്നാട്ടിലെ വികസനം വേഗത്തിലാക്കാനും നിക്ഷേപകരെ ആകര്ഷിക്കാനും കേന്ദ്രത്തിലും സംസ്ഥാനത്തും മുന്നണി ഭരിക്കുന്ന 'ഡബിള് എഞ്ചിന് സര്ക്കാര്' വരണം. തമിഴ്നാട്ടില് ഭരണമാറ്റം അനിവാര്യമാണെന്നും ഡിഎംകെ സര്ക്കാരിനോട് വിടപറയാന് ജനം തയ്യാറെടുത്തെന്നും പറഞ്ഞായിരുന്നു മോദി തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
Content Highlight; PM Modi alleges DMK government nexus with corruption, mafia and crime in Tamil Nadu