ഒഡീഷയിൽ മതപരിവർത്തനം ആരോപിച്ച്‌ ക്രിസ്ത്യൻ പാസ്റ്റർക്ക് ക്രൂര മർദ്ദനം

ജനുവരി 4ന് അടുത്ത ബന്ധുവായ കൃഷ്ണ നായിക്കിന്റെ വീട്ടിൽ പ്രാർത്ഥന നടത്തവെ ആയിരുന്നു ആക്രമണം

ഭുവനേശ്വർ: ഒഡീഷയിലെ ധെങ്കനാൽ ജില്ലയിൽ മതപരിവർത്തനം നടത്തിയെന്നാരോപിച്ച് ക്രിസ്ത്യൻ പാസ്റ്റർക്ക് നേരെ ആൾക്കൂട്ട ആക്രമണം. ജനുവരി 4ന് പർജാങ് ഗ്രാമത്തിലാണ് സംഭവം. ബിബിൻ ബിഹാരി നായിക് ആണ് ബജ്രംഗ്ദൾ പ്രവർത്തകർ ഉൾപ്പെട്ട സംഘത്തിന്റെ ക്രൂര മർദ്ദനത്തിന് ഇരയായത്.

ജനുവരി 4ന് അടുത്ത ബന്ധുവായ കൃഷ്ണ നായിക്കിന്റെ വീട്ടിൽ ബിബിൻ ബിഹാരി നായിക്, ഭാര്യ ബന്ദന നായിക് ഉൾപ്പെടെ കുറച്ച്‌ പേർ ചേർന്ന് പ്രാർത്ഥന നടത്തവെ ആയിരുന്നു ആക്രമണം. 20 പേർ അടങ്ങുന്ന ഒരു സംഘം മുളവടിയുമായി വീട് വളഞ്ഞ് വീട്ടിൽ നിന്ന് ബിബിൻ ബിഹാരി നായിക്കിനെ പുറത്തേക്ക് വലിച്ചിഴച്ച് മർദ്ദിക്കുകയായിരുന്നു എന്ന് ഭാര്യ ബന്ദന നയിക് പർജാങ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

ബിബിൻ ബിഹാരിയുടെ മുഖത്ത് നിർബന്ധപൂർവ്വം കുങ്കുമം വിതറുകയും ചെരുപ്പ് മാല അണിയിച്ച്‌ ഗ്രാമത്തിലൂടെ രണ്ട് മണിക്കൂർ നടത്തിക്കുകയും ചെയ്തതായും ബന്ദന വെളിപ്പെടുത്തി. ശേഷം ഗ്രാമത്തിലുള്ള ഒരു ഹനുമാൻ ക്ഷേത്രത്തിന്റെ മുന്നിൽ കൊണ്ടുപോയി തല മുണ്ഡനം ചെയ്യുകയും ക്ഷേത്രത്തിന് മുന്നിൽ വണങ്ങാൻ നിർബന്ധിക്കുകയും ചെയ്തു. കൂടാതെ അഴുക്കുചാലിലെ വെള്ളവും ചാണകം കലക്കിയ വെള്ളവും നിർബന്ധപൂർവ്വം കുടിപ്പിച്ചുവെന്നും ക്ഷേത്രത്തിന്റെ ഒരു തൂണിൽ കെട്ടിയിട്ട ശേഷം മർദിക്കുകയും ഓരോ തവണ മർദ്ദിക്കുമ്പോഴും 'ജയ് ശ്രീ രാം' എന്ന് പറയാൻ നിർബന്ധിക്കുകയും ചെയ്തു എന്നും ബന്ദന പരാതിയിൽ വ്യക്തമാക്കി.

പരാതിയുടെ അടിസ്ഥാനത്തിൽ നാല് പേരെ കസ്റ്റഡിയിലെടുത്തെന്ന് ധെങ്കനാൽ പോലീസ് മേധാവി അഭിനവ് സോങ്കർ പറഞ്ഞു. ഹിന്ദു ഭൂരിപക്ഷ ഗ്രാമമാണ് പർജാങ്. വളരെ കുറച്ച് ക്രൈസ്തവ കുടുംബങ്ങൾ മാത്രമാണ് ഇവിടെ ഉള്ളത്. അതേസമയം താൻ മതപരിവർത്തന പ്രവൃത്തികളിൽ ഏർപ്പെട്ടിട്ടില്ലെന്ന് ബിബിൻ ബിഹാരി നായിക്ക് വ്യക്തമാക്കി.

Content Highlights: A Christian pastor, Bipin Bihari Naik in Odisha's Dhenkanal district was allegedly assaulted and humiliated by a group, following claims that he was involved in religious conversions.

To advertise here,contact us