ഡല്ഹി: ചണ്ഡീഗഢ് മുനിസിപ്പൽ കോർപ്പറേഷനിലെ മേയർ, സീനിയർ ഡെപ്യൂട്ടി മേയർ, ഡെപ്യൂട്ടി മേയർ തസ്തികകളിലേക്കുള്ള തെരഞ്ഞെടുപ്പില് കോൺഗ്രസുമായി സഖ്യമുണ്ടാക്കുമെന്ന റിപ്പോർട്ടുകള് തള്ളി ആം ആദ്മി പാർട്ടി (എഎപി). കോൺഗ്രസുമായി "ഒരിക്കലും" സഖ്യമുണ്ടാകില്ലെന്ന് എഎപി നേതാവ് അനുരാഗ് ധന്ദ പറഞ്ഞു. കോൺഗ്രസ് ബിജെപിയുമായി ചേർന്ന് രാജ്യത്തെ കൊള്ളയടിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
"ആം ആദ്മി പാർട്ടിക്ക് കോൺഗ്രസുമായി ഒരിടത്തും സഖ്യമില്ല, ഒരിക്കലും ഉണ്ടാക്കുകയും ഇല്ല. കോൺഗ്രസും ബിജെപിയും ചേർന്ന് രാജ്യത്തെ കൊള്ളയടിച്ചു. ഈ രണ്ട് പാർട്ടികൾക്കെതിരെയുള്ള സാധാരണക്കാരന്റെ പോരാട്ടത്തിന്റെ യഥാർത്ഥ ശബ്ദമാണ് എഎപി," അനുരാഗ് ധന്ദ എക്സിൽ പോസ്റ്റ് ചെയ്തു.
ഇരു പാർട്ടികളും തമ്മില് സമീപകാലത്ത് കോർപ്പറേഷന് അകത്തും പുറത്തും ശക്തമായ ആരോപണ പ്രത്യാരോപണങ്ങള് നടത്തിയിരുന്നെങ്കിലും ബിജെപിയെ പരാജയപ്പെടുത്തുന്നതിനായി ഔപചാരിക സഖ്യമില്ലെങ്കിലും "തന്ത്രപരമായ ധാരണ" രൂപപ്പെടുത്താനുള്ള സാധ്യത തുറന്നിട്ടുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകള് നേരത്തെ പുറത്ത് വന്നിരുന്നു.
ധാരണ സംബന്ധിച്ച വിവരങ്ങള് കോണ്ഗ്രസ് നേതാവ് തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. "ഇപ്പോൾ എഎപിയുമായി ഔപചാരിക സഖ്യമില്ല. എന്നാൽ ബിജെപിയെ തടയാൻ ചർച്ചകൾ നടക്കുന്നുണ്ട്." എന്നായിരുന്നു ചണ്ഡീഗഢ് കോൺഗ്രസ് പ്രസിഡന്റ് ഹർമോഹിന്ദർ സിങ് ലക്കി പറഞ്ഞത്. പാർട്ടി നേതൃത്വവുമായി ഉടൻ ഉന്നത തല യോഗം ചേർന്ന് തിരഞ്ഞെടുപ്പ് തന്ത്രം അന്തിമമാക്കുമെന്നും അദ്ദേഹം അറിയിച്ചു. എന്നാല് ഈ ചർച്ചകള് പാടെ തള്ളിക്കൊണ്ടാണ് എഎപി നേതൃത്വം ഇപ്പോള് രംഗത്ത് വന്നിരിക്കുന്നത്. ജനുവരി 29-നാണ് കോർപ്പറേഷനിലെ മേയർ, സീനിയർ ഡെപ്യൂട്ടി മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ്.
അതേസമയം, ഇരു പ്രതിപക്ഷ പാർട്ടികൾക്കിടയിലും ഈ മാസം ആദ്യം തർക്കങ്ങൾ രൂക്ഷമായിരുന്നു. ജനുവരി 6-ന് എഎപി ചണ്ഡീഗഢ് ഇൻചാർജ് ജർണൈൽ സിങ്, കോൺഗ്രസിന് ബിജെപിയുമായി അധികാര പങ്കുവെക്കൽ ധാരണയുണ്ടെന്ന് ആരോപിച്ചിരുന്നു. ഇതിന് രൂക്ഷമായ ഭാഷയില് മറുപടി നല്കി ഹർമോഹിന്ദർ സിങ് ലക്കി രംഗത്ത് വരികയും ചെയ്തു. 2024-ലെ മുനിസിപ്പൽ ഭരണസമിതിയില് എഎപി മേയർ സ്ഥാനം നേടിയെങ്കിലും സീനിയർ ഡെപ്യൂട്ടി മേയറും ഡെപ്യൂട്ടി മേയറും ബിജെപിക്ക് ലഭിച്ചത് എങ്ങനെയെന്ന് അദ്ദേഹം ചോദിച്ചു.
ഡിസംബർ അവസാനം രണ്ട് എഎപി കൗൺസിലർമാർ ബിജെപിയിലേക്ക് കൂറുമാറിയതോടെ 35 അംഗ മുനിസിപ്പൽ കോർപ്പറേഷൻ ഭരണ സമിതിയില് ബിജെപിക്ക് ഇപ്പോൾ 18 കൗൺസിലർമാരുണ്ട്. എഎപിക്ക് 11-ഉം കോൺഗ്രസിന് 6-ഉം കൗൺസിലർമാരാണുള്ളത്. ചണ്ഡീഗഢ് എംപിയുടെ (എക്സ്-ഓഫീഷ്യോ) വോട്ട് കൂടി ചേർത്താൽ പ്രതിപക്ഷത്തിന്റെ ആകെ എണ്ണം 18 ആകാം.
ആകെ 36 വോട്ടുകൾ പോൾ ചെയ്യപ്പെട്ടാല് കേവല ഭൂരിപക്ഷ സഖ്യ 19 ആയിരിക്കും. അതായത് പ്രതിപക്ഷത്ത് എഎപിയും കോണ്ഗ്രസും ഒന്നിച്ചാല് മാത്രമെ കോർപ്പറേഷന് ഭരണ സമിതി തെരഞ്ഞെടുപ്പില് ബിജെപിക്ക് മുന്നില് വെല്ലുവിളി ഉയർത്താന് സാധിക്കുകയുള്ളു. രണ്ട് പാർട്ടികളും തനിച്ച് മത്സരിക്കുകയോ കോണ്ഗ്രസ് വിട്ടുനില്ക്കുകയോ ചെയ്താല് ബിജെപിക്ക് അനായാസം എല്ലാ പദവികളിലേക്കും വിജയിക്കാന് സാധിക്കും. നിലവില് അത്തരമൊരു സാഹചര്യമാണ് ചണ്ഡീഗഢില് ഒരുങ്ങിയിരിക്കുന്നത്.
മുൻപ് രഹസ്യ ബാലറ്റ് വഴിയായിരുന്നു വോട്ടെടുപ്പ് നടത്തിയിരുന്നത്. എന്നാൽ ഇത്തവണ മേയർ, സീനിയർ ഡെപ്യൂട്ടി മേയർ, ഡെപ്യൂട്ടി മേയർ തസ്തികകൾക്കുള്ള വോട്ടെടുപ്പ് ഓപ്പൺ ഷോ ഓഫ് ഹാൻഡ്സ് (കൈ ഉയർത്തി) രീതിയിലായിരിക്കും എന്ന പ്രത്യേകതയുണ്ട്. മുൻ തിരഞ്ഞെടുപ്പുകളിലെ വിവാദങ്ങൾക്ക് ശേഷം കൂടുതൽ സുതാര്യത ഉറപ്പാക്കാനാണ് ഈ മാറ്റം.
Content Highlights: AAP officially rejected Congress’s proposed alliance for the Chandigarh Municipal Corporation elections