മുംബൈ: മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിന് പിന്നാലെ ഷിൻഡെ വിഭാഗം ശിവസേനയുമായി സഖ്യം ചേർന്ന് രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമ്മാൺ സേന. മുംബൈ മുൻസിപ്പൽ കോർപ്പറഷൻ തെരഞ്ഞെടുപ്പിനായി രണ്ട് പതിറ്റാണ്ടോളം നീണ്ട വൈര്യം അവസാനിപ്പിച്ച് ഉദ്ധവ് താക്കറെയും രാജ് താക്കറെയും പരസ്പരം സഹകരിച്ച് നീങ്ങാൻ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്ധവ് വിഭാഗത്തിൻ്റെ പ്രധാന എതിരാളികളായ ഷിൻഡെ വിഭാഗവുമായി കല്യാൺ-ഡോംബിവ്ലി മുൻസിപ്പൽ കോർപ്പറേഷനിൽ രാജ് താക്കറെയുടെ എംഎൻഎസ് സഖ്യം ചേർന്നിരിക്കുന്നത്. എംഎൻഎസ് നീക്കത്തിനെതിരെ ഉദ്ധവ് വിഭാഗം രംഗത്ത് വന്നിട്ടുണ്ട്.
ഇതിനിടെ എംഎൻഎസ്-ശിവസേന ഷിൻഡെ വിഭാഗം സഖ്യത്തിന് പിന്നാലെ ഭരണസഖ്യമായ മഹായുതി സഖ്യകക്ഷികൾക്കിടയിൽ ഭിന്നതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. കല്യാൺ-ഡോംബിവ്ലിയിൽ മേയർ പദവി ഒറ്റയ്ക്ക് സ്വന്തമാക്കാനുള്ള ഷിൻഡെ വിഭാഗത്തിൻ്റെ നീക്കങ്ങൾ മഹായുതി സഖ്യത്തിൽ ഭിന്നിപ്പുണ്ടാക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. രാജ് താക്കറെയുടെ നവനിർമ്മാൺ സേനയുടെ അഞ്ച് കോർപ്പറേറ്റർമാർ ഷിൻഡെ വിഭാഗത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് സ്വന്തം നിലയിൽ മേയർ സ്ഥാനം ഉറപ്പിക്കാനുള്ള നീക്കം ഷിൻഡെ വിഭാഗം നടത്തുന്നതെന്നാണ് റിപ്പോർട്ട്. നേരത്തെ എൻസിപി അജിത് പവാർ വിഭാഗം മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിനെതിരായ നിലപാട് സ്വീകരിച്ച് ശരദ് പവാർ വിഭാഗവുമായി സഹകരിച്ച് മത്സരിച്ചിരുന്നു.
122 അംഗ കല്യാൺ-ഡോംബിവ്ലി മുനിസിപ്പൽ കോർപ്പറേഷനിലേക്ക് (കെഡിഎംസി) നടന്ന തിരഞ്ഞെടുപ്പിൽ ശിവസേന ഷിൻഡെ വിഭാഗം 53 സീറ്റുകളിൽ വിജയിച്ചിരുന്നു. ഷിൻഡെ വിഭാഗത്തിൻ്റെ ശക്തികേന്ദ്രമായ കല്യാൺ-ഡോംബിവ്ലി മുനിസിപ്പൽ കോർപ്പറേഷനിൽ സഖ്യത്തിൽ മത്സരിച്ച ബിജെപി 50 സീറ്റ് നേടിയിരുന്നു. ഇതിനെ തുടർന്ന് മേയർ പദവി പങ്കുവെയ്ക്കണമെന്ന ബിജെപിയുടെ ആവശ്യമാണ് ഷിൻഡെ വിഭാഗത്തിൻ്റെ പുതിയ നീക്കത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. മേയർ സ്ഥാനം ലക്ഷ്യമിട്ട് ഷിൻഡെ വിഭാഗം നടത്തുന്ന നീക്കത്തിൻ്റെ ഭാഗമായാണ് രാജ് താക്കറെയും നവനിർമ്മാൺ സേന ഷിൻഡെ വിഭാഗം ശിവസേനയുമായി സഖ്യമുണ്ടാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. രാജ് താക്കറെയും 5 കോർപ്പറേറ്റർമാരും കൂടി ചേരുന്നതോടെ ഷിൻഡെ വിഭാഗത്തിന് 58 കോർപ്പറേറ്റർമാരുടെ പിന്തുണയാകും. മേയർ തെരഞ്ഞെടുപ്പിൽ ജയിക്കാൻ 62 കോർപ്പറേറ്റർമാരുടെ പിന്തുണ വേണമെന്നിരിക്കെ ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിലെ ഏതാനും കോർപ്പറേറ്റർമാരുടെ കൂടി പിന്തുണനേടി മേയർ സ്ഥാനം സ്വന്തമാക്കാനാണ് ഷിൻഡെ വിഭാഗത്തിൻ്റെ നീക്കമെന്നാണ് റിപ്പോർട്ട്. നിലവിൽ ഉദ്ധവ് വിഭാഗം ശിവസേനയ്ക്ക് ഇവിടെ 11 കോർപ്പറേറ്റർമാരുണ്ട്. എൻസിപി ശരദ് പവാർ വിഭാഗത്തിന് ഒന്നും കോൺഗ്രസിന് രണ്ടും കോർപ്പറേറ്റർമാരാണ് കല്യാൺ-ഡോംബിവ്ലി മുൻസിപ്പൽ കോർപ്പറേഷനിൽ ഉള്ളത്.
നേരത്തെ കൊങ്കൺ ഭവനിൽ എംഎൻഎസ് നേതാക്കളുമായി നടന്ന യോഗത്തിന് ശേഷം സഖ്യതീരുമാനം സ്ഥിരീകരിച്ച് ഏക്നാഥ് ഷിൻഡെയുടെ മകൻ ശ്രീകാന്ത് ഷിൻഡെ രംഗത്ത് വന്നിരുന്നു. ഷിൻഡെ വിഭാഗം നേതാക്കളായ ശ്രീകാന്ത് ഷിൻഡെ, നരേഷ് മസ്കെ എംഎൻഎസ് നേതാക്കളായ രാജു പാട്ടീൽ എന്നിവരായിരുന്നു കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.
എന്നാൽ മഹായുതി സഖ്യത്തിൽ ഭിന്നതയെന്ന വാർത്തകളെ തള്ളി ഷിൻഡെ വിഭാഗം നേതാവ് നരേഷ് മസ്കെ രംഗത്ത് വന്നിട്ടുണ്ട്. 'കല്യാൺ ഡോംബിവ്ലി മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ശിവസേന-ബിജെപി മഹായുതി എന്ന നിലയിലാണ് ഞങ്ങൾ മത്സരിച്ചത്. മഹായുതി എന്ന നിലയിൽ ഞങ്ങൾ അധികാരം പിടിക്കും' എന്നായിരുന്നു മസ്കെയുടെ പ്രതികരണം. 'എല്ലാവരും വികസനത്തിനായി ഒന്നിച്ചുവന്നാൽ, ഞങ്ങൾ അവരെ സ്വാഗതം ചെയ്യും. എംഎൻഎസ് എഐഎംഐഎം അല്ല. ഇത് നഗര തലത്തിലുള്ള വികസന രാഷ്ട്രീയമാണ്. അവർ ഞങ്ങളോടൊപ്പം വരാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഞങ്ങൾ അവരെ സ്വാഗതം ചെയ്യും' എന്നാണ് നവനിർമ്മാൺ സേനയുമായുള്ള സഹകരണത്തെക്കുറിച്ച് മസ്കെ പ്രതികരിച്ചു.
നഗരസഭയിൽ സ്ഥിരത ഉറപ്പാക്കുക എന്നതാണ് സഖ്യ തീരുമാനത്തിൻ്റെ ലക്ഷ്യമെന്നാണ് എംഎൻഎസ് നേതാവ് രാജു പാട്ടീൽ പ്രതികരിച്ചത്. പ്രാദേശിക രാഷ്ട്രീയ യാഥാർത്ഥ്യങ്ങളെ അടിസ്ഥാനമാക്കി സ്വതന്ത്ര തീരുമാനങ്ങൾ എടുക്കാൻ എംഎൻഎസ് മേധാവി രാജ് താക്കറെ പ്രാദേശിക നേതൃത്വത്തിന് അധികാരം നൽകിയിട്ടുണ്ടെന്നും പാട്ടീൽ വ്യക്തമാക്കിയിരുന്നു.
എംഎൻഎസ് തീരുമാനത്തിനെതിരെ ശിവസേന ഉദ്ധവ് വിഭാഗം എം പി സഞ്ജയ് റാവത്ത് രംഗത്ത് വന്നിട്ടുണ്ട്. 'മഹാരാഷ്ട്രയെ ഒറ്റിക്കൊടുക്കുന്നവർ രാജ്യദ്രോഹികളാണ്, അവരോടൊപ്പം പോകുന്നവരും ഇതേ വിശേഷണം അർഹിക്കുന്നു. ഒരാൾക്ക് അധികാരം ലഭിക്കാത്തതിനാലോ ഒന്നും നേടാത്തതിനാലോ, ഈ രീതിയിൽ സത്യസന്ധതയില്ലാതെ പെരുമാറുന്നത് മഹാരാഷ്ട്ര ക്ഷമിക്കില്ല. നിങ്ങൾക്ക് വ്യക്തിപരമായ കാരണങ്ങളുണ്ടാകാം, പക്ഷേ അവ വ്യക്തിപരമായി തന്നെ തുടരണം. കല്യാൺ-ഡോംബിവ്ലി പ്രശ്നം ഉദ്ധവ് താക്കറെയെ ചൊടിപ്പിച്ചു. ഒന്നും ലഭിച്ചില്ലെങ്കിൽ ചില ആളുകൾ രാജ്യം വിടുന്ന മാനസികാവസ്ഥയിലാണെന്ന് രാജ് സാഹിബ് ചൂണ്ടിക്കാട്ടിയതായി അദ്ദേഹം പറഞ്ഞു. ഇങ്ങനെ പാർട്ടി മാറുന്ന ആളുകൾ രാഷ്ട്രീയ മനോരോഗികളാണ്' എന്നായിരുന്നു സഞ്ജയ് റാവത്തിൻ്റെ പ്രതികരണം. എംഎൻഎസ് നേതൃത്വം വിഷയത്തിൽ ഒരു നിലപാട് സ്വീകരിക്കണമെന്ന് സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടു.
Content Highlights: Raj Thackeray's Maharashtra Navnirman Sena (MNS) extends support to Eknath Shinde-led Shiv Sena in Kalyan-Dombivli Municipal Corporation (KDMC), boosting their tally to claim mayor post and bypassing BJP ally. Latest Maharashtra politics update amid post-poll surprises.