ബെംഗളൂരു: സ്ത്രീകളുടെ അടിവസ്ത്രങ്ങള് മോഷ്ടിച്ച് അവ ധരിച്ച് വീഡിയോ ചിത്രീകരിക്കുന്നത് പതിവാക്കിയ മലയാളി യുവാവ് ബെംഗളൂരുവില് അറസ്റ്റില്. ബെംഗളൂരു ഹെബ്ബഗൊഡിയില് താമസിക്കുന്ന അമല് എന് അജികുമാര് എന്ന ഇരുപത്തിമൂന്നുകാരനെയാണ് ഹെബ്ബഗൊഡി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ താമസസ്ഥലത്തുനിന്നും സ്ത്രീകളുടെ അടിവസ്ത്രത്തിന്റെ വലിയ ശേഖരമാണ് പൊലീസ് കണ്ടെത്തിയത്. നഗരത്തിലെ റസിഡന്ഷ്യല് ലെയ്നുകളില് വീടുകളുടെ പുറത്തും ബാല്ക്കണിയിലും ഉണക്കാനിട്ടിരിക്കുന്ന അടിവസ്ത്രങ്ങള് അമല് മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങള് പുറത്തുവന്നതോടെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
വീടുകളും വസ്ത്രങ്ങള് ഉണക്കാനിടുന്ന ബാല്ക്കണികളുമാണ് അമല് ലക്ഷ്യമിട്ടത്. ചുറ്റുപാടുകള് നിരീക്ഷിച്ച് ആരും കാണുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷം സ്ത്രീകളുടെ അടിവസ്ത്രങ്ങള് മോഷ്ടിക്കുന്നതായിരുന്നു അമലിന്റെ രീതി. ഇയാളുടെ മൊബൈല് ഫോണ് പരിശോധിച്ചപ്പോള് ഈ അടിവസ്ത്രങ്ങള് ധരിച്ച ഒന്നിലധികം വീഡിയോകളും പൊലീസ് കണ്ടെത്തി. സ്ത്രീകളുടെ അടിവസ്ത്രം ധരിക്കുമ്പോള് തനിക്ക് മദ്യപിക്കുന്നതിന് സമാനമായ അനുഭവം തോന്നിയതായി അമല് പൊലീസിനോട് പറഞ്ഞു.
മലയാളിയായ അമല് ആറുമാസം മുന്പാണ് ബെംഗളൂരുവില് എത്തിയത്. ഡിപ്ലോമ കോഴ്സ് പൂര്ത്തിയാക്കിയ അമലിന് ജോലി ലഭിച്ചിരുന്നില്ല. ഹെബ്ബഗൊഡിയില് വാടകവീട്ടില് സുഹൃത്തിനൊപ്പം താമസിച്ചുവരികയായിരുന്നു. ഭാരതീയ ന്യായ സംഹിത സെഷന് 303 (2) മോഷണം, 329 (4) അനധികൃതമായി കടന്നുകയറ്റം, 79 സ്ത്രീത്വത്തെ അപമാനിക്കല് എന്നീ വകുപ്പുകള് ചേര്ത്താണ് പൊലീസ് കേസെടുത്തത്. സംഭവത്തില് കൂടുതല് അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
Content Highlights: malayali youth arrested for steeling women underwears and making video wearing it in bengaluru