ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് രാജ്യത്ത് ഭീകരാക്രമണം നടക്കാൻ സാധ്യതയുണ്ടെന്ന ഇൻ്റലിജൻസ് മുന്നറിയിപ്പിന് പിന്നാലെ ഡൽഹിയിലും ജമ്മുകശ്മീരിലും മറ്റ് നഗരങ്ങളിലും അതീവ ജാഗ്രത പ്രഖ്യാപിച്ചു. '26-26' കോഡിൽ പാകിസ്താൻ ചാരസംഘടനയായ ഐഎസും ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദുമായി ചേർന്നാണ് ആക്രമണം ആസൂത്രണം ചെയ്യുന്നതെന്ന് റിപ്പോർട്ട്. എൻഡിടിവിയാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അയോധ്യയിലെ രാമക്ഷേത്രവും ജമ്മുവിലെ രഘുനാഥ ക്ഷേത്രവും കൂടാതെ മറ്റ് ക്ഷേത്രങ്ങളും നഗരങ്ങളും തീവ്രവാദികൾ ലക്ഷ്യമിടാൻ സാധ്യതയുണ്ടെന്നാണ് സുരക്ഷാ സേനയ്ക്ക് ലഭിച്ച മുന്നറിയിപ്പ്. പഞ്ചാബ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രാദേശിക ഗുണ്ടാസംഘങ്ങളുടെ സഹായത്തോടെയാണ് ആക്രമണത്തിന് പദ്ധതിയിടുന്നതെന്ന് സുരക്ഷാ ഏജൻസികൾ നൽകുന്ന സൂചന.
ഭീഷണിയുടെ പശ്ചാത്തലത്തിൽ ഡൽഹി പോലീസ് പിടികിട്ടാപ്പുള്ളികളായ ഭീകരരുടെ ചിത്രങ്ങൾ നഗരത്തിലെ പ്രധാന ഇടങ്ങളിൽ പതിപ്പിച്ചിട്ടുണ്ട്. അൽ-ഖ്വയ്ദയുമായി ബന്ധമുള്ള മുഹമ്മദ് രെഹാൻ, ബംഗളൂരുവിലെ രാമേശ്വരം കഫേ സ്ഫോടനത്തിൻ്റെ സൂത്രധാരൻ എന്ന് കരുതപ്പെടുന്ന മുഹമ്മദ് ഷാഹിദ് ഫൈസൽ എന്നിവർ ഉൾപ്പെടെയുള്ളവരുടെ വിവരങ്ങളാണ് പുറത്തുവിട്ടിട്ടുള്ളത്. കൂടാതെ മുഹമ്മദ് ഉമർ, അബു സുഫിയാൻ, സയ്യിദ് അർഷിയ, ഷർജീൽ അക്തർ എന്നിവരും ഈ പട്ടികയിലുണ്ട്.
കഴിഞ്ഞ നവംബറിൽ ചെങ്കോട്ടയ്ക്ക് സമീപം 15 പേരുടെ മരണത്തിന് കാരണമായ കാർ ബോംബ് സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച ജെയ്ഷെ മുഹമ്മദ് തന്നെയാണ് ഈ പുതിയ ഗൂഢാലോചനയ്ക്ക് പിന്നിലെന്നും സുരക്ഷാ ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട്. ലഷ്കർ-ഇ-തൊയ്ബയുടെ പോഷക സംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ടിന്റെ (ടിആർഎഫ്) ഭാഗമായ 'ഫാൽക്കൺ സ്ക്വാഡ്' സോഷ്യൽ മീഡിയ വഴി യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നതായും ആക്രമണങ്ങൾ നടത്താൻ പ്രേരിപ്പിക്കുന്നതായും റിപ്പോർട്ടുണ്ട്.
Content Highlights: Intelligence agencies have warned of a possible terror attack on Republic Day, prompting heightened security and nationwide vigilance.