ബെംഗളൂരു: യുവതിയുമായി ഓഫീസിൽ അടുത്തിടപഴകുന്ന വീഡിയോ പുറത്ത് വന്നതിന് പിന്നാലെ കർണാടക സിവിൽ റൈറ്റ്സ് എൻഫോഴ്സ്മെന്റ് ഡിജിപി കെ രാമചന്ദ്ര റാവുവിന് സസ്പെൻഷൻ. യുവതിക്കൊപ്പമുള്ള ഡിജിപിയുടെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. വിവാദം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ശ്രദ്ധയിൽപ്പെട്ടതോടെ ബന്ധപ്പെട്ട വകുപ്പിനോട് അന്വേഷിച്ച ശേഷം സസ്പെൻഡ് ചെയ്യാൻ ഉത്തരവിറക്കുകയായിരുന്നു. വീഡിയോ കാണാൻ ഇടയായ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഒരു പൊലീസ് ആസ്ഥാനത്ത് എങ്ങനെ ഇങ്ങനെ സംഭവിക്കുന്നുവെന്ന ചോദ്യമാണ് ഉന്നയിച്ചത്.
ഔദ്യോഗിക കാര്യാലയത്തിൽ വെച്ചുള്ള ഡിജിപിയുടെ പെരുമാറ്റം നിയമങ്ങളുടെ ലംഘനമാണെന്നും ഒരു സർക്കാർ ഉദ്യോഗസ്ഥന് യോജിക്കുന്നതല്ലെന്നും പൊലീസ് സേനക്കും സർക്കാരിനും നാണക്കേടുണ്ടാക്കിയെന്നും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഡിജിപിയുടെ സസ്പെൻഷൻ എന്നതും ശ്രദ്ധേയമാണ്.
പൊലീസ് ആസ്ഥാനത്തെ ഓഫീസ് മുറിയില് യുവതിക്കള്ക്കൊപ്പമുള്ള ഡിജിപിയുടെ സ്വകാര്യ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. യൂണിഫോമിലുള്ള റാവു യുവതികളെ ചുംബിക്കുന്നതും കെട്ടിപിടിക്കുന്നതുമാണ് ദൃശ്യങ്ങളിൽ ഉണ്ടായിരുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ പ്രതികരിച്ച് രാമചന്ദ്ര റാവു രംഗത്തെത്തിയിരുന്നു. മോർഫ് ചെയ്തുള്ള വീഡിയോയാണ് പ്രചരിച്ചത് എന്ന വാദമായിരുന്നു രാമചന്ദ്ര റാവു ഉയർത്തിയത്. വീഡിയോ കണ്ട് താൻ തന്നെ ഞെട്ടിയെന്ന് പറഞ്ഞ രാമചന്ദ്ര റാവു സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും അഭ്യർത്ഥിച്ചിരുന്നു. സംഭവത്തെ കുറിച്ച് സംസാരിക്കുന്നതിനായി രാമചന്ദ്ര റാവു ആഭ്യന്തര മന്ത്രിയെ കാണാൻ ശ്രമിച്ചെങ്കിലും അദ്ദേഹം കാണാൻ കൂട്ടാക്കിയിരുന്നില്ല.
സംഭവം ഭരണപക്ഷത്തുള്ള കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. പ്രതിപക്ഷം തുടർ നടപടികളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. മുൻപ് റാവുവിന്റെ വളർത്ത് മകളും നടിയുമായ രന്യ റാവു ഉൾപ്പെട്ട സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടും രാമചന്ദ്ര റാവു വിവാദത്തിൽപ്പെട്ടിരുന്നു.
Content Highlights: The Karnataka government on Tuesday suspended DGP Ramachandra Rao, after a video surfaced on social media, showing his alleged intimate moments with women in his office.