വിവാഹച്ചടങ്ങിനിടെ 19കാരൻ ഫോട്ടോഗ്രാഫര്‍ക്ക് 14കാരിയോട് ഇഷ്ടം; പ്രണയാഭ്യര്‍ത്ഥന നിരസിച്ചതോടെ ആസിഡ് ആക്രമണം

പ്രതിയായ 19കാരനെ പൊലീസ് അറസ്റ്റ് ചെയ്തു

ജയ്പൂര്‍: രാജസ്ഥാനില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം. ശ്രീ ഗംഗാനഗര്‍ ജില്ലയിലെ സുഭാഷ് പാര്‍ക്ക് പ്രദേശത്താണ് ആക്രമണം നടന്നത്. സ്‌കൂളിലേക്ക് പോവുകയായിരുന്ന 14 വയസുകാരിക്ക് നേരെയാണ് ആസിഡ് ആക്രമണം നടന്നത്. പ്രതിയായ 19കാരന്‍ ഓംപ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാണ് ആക്രമണം നടത്തിയതെന്ന് പ്രതി സമ്മതിച്ചു. പെണ്‍കുട്ടിയുടെ ഒരു വിരലിനാണ് പൊള്ളലേറ്റത്. വളരെ ആസൂത്രിതമായാണ് പ്രതി ആസിഡ് ആക്രമണം നടത്തിയത്. പൊലീസിന്റെ പിടിയിലാവാതിരിക്കാന്‍ മുഖം ഒരു തുണികൊണ്ട് മറച്ച് ഹെല്‍മെറ്റ് ധരിച്ചിരുന്നു. ബൈക്കിന്റെ നമ്പര്‍ പ്ലേറ്റും മറ്റൊരു തുണി കൊണ്ട് മറച്ചിരുന്നു.

പ്രണയാഭ്യര്‍ത്ഥന നിരസിക്കപ്പെട്ടതില്‍ നിരാശനായിരുന്നു ഓംപ്രകാശെന്ന് പൊലീസ് പറയുന്നു.ചന്ദ്രറാം മേഘ്‌വാള്‍ എന്നയാളുടെ മകനായ ജാനി എന്ന ഓംപ്രകാശ് ഫോട്ടോഗ്രാഫറാണ്. ഒരു വിവാഹച്ചടങ്ങിനിടയാണ് പെണ്‍കുട്ടിയെ കണ്ടതെന്നും ഇഷ്ടമായതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

പിന്നീട് ഓംപ്രകാശ് പെണ്‍കുട്ടിയോട് ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇയാളെ ശാസിച്ചു. ഇതേത്തുടര്‍ന്നുണ്ടായ പകയാണ് ആസിഡ് ആക്രമണത്തില്‍ കലാശിച്ചത്. സംഭവശേഷം ഇയാള്‍ ഒളിവില്‍ പോയി. പ്രതി മുഖവും നമ്പര്‍ പ്ലേറ്റും മറച്ചിരുന്നതിനാല്‍ പൊലീസിന് ആളെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25,000 രൂപ പാരിതോഷികം പൊലീസ് സൂപ്രണ്ട് ഡോ. അമൃത ദുഹാന്‍ പ്രഖ്യാപിച്ചിരുന്നു.

Content Highlights: rajasthan crime acid attack on ninth standard schoolgirl

To advertise here,contact us