കിഷ്ത്വാറിൽ ഭീകരരുടെ ബങ്കറിൽ കണ്ടെത്തിയത് 50 പാക്കറ്റ് മാഗിയും പച്ചക്കറികളും; പ്രാദേശിക സഹായം ലഭിച്ചെന്ന് സൂചന

മാസങ്ങളോളം കഴിക്കാന്‍ വേണ്ട ഭക്ഷണ സാധനങ്ങളാണ് കണ്ടെത്തിയത്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ ഭീകരരുടെ ബങ്കറില്‍ നിന്ന് കണ്ടെത്തിയത് മാസങ്ങളോളം കഴിക്കാൻ ആവശ്യമായ ഭക്ഷണസാധനങ്ങൾ. തക്കാളി, ഉരുളക്കിഴങ്ങ് തുടങ്ങിയ പഴക്കം ചെല്ലാത്ത പച്ചക്കറികളും 15 തരം സുഗന്ധവ്യഞ്ജനങ്ങളും 20 കിലോ ബസ്മതി അരി, ധാന്യങ്ങള്‍, പാചക വാതകം, ഉണങ്ങിയ വിറക്, അൻപത് പായ്ക്കറ്റ് മാഗി എന്നിങ്ങനെയാണ് കണ്ടെത്തിയത്. ഭക്ഷണ സാധനങ്ങൾ എത്തിച്ചുനൽകാൻ ഭീകരര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചു എന്ന് വ്യക്തമാക്കുന്നതാണ് കണ്ടെത്തലുകള്‍. സംഭവവുമായി ബന്ധപ്പെട്ട് നാല് പ്രദേശവാസികളെ കസ്റ്റഡിയിലെടുത്തു.

ഈ ബങ്കർ പാകിസ്താൻ വംശജനായ ജെയ്‌ഷെ കമാൻഡർ സൈഫുള്ളയും ഡെപ്യൂട്ടി ആദിലും ഉപയോഗിച്ചിരുന്നതായാണ് കരുതപ്പെടുന്നത്. കല്ലുകൾ കൊണ്ട് നിരത്തിയ മതിലുകളുള്ള, ഏറ്റുമുട്ടലുകളെ ചെറുക്കുന്ന തരത്തിൽ രൂപകൽപ്പന ചെയ്തതായിരുന്നു ബങ്കർ.

കിഷ്ത്വാറിലെ ചത്രോ മേഖലയില്‍ ഭീകരര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. 'ഓപ്പറേഷൻ ട്രാഷി-1' എന്ന പേരിലാണ് പദ്ധതി. മേഖലയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ വീരമൃത്യു വരിക്കുകയും ആറ് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Content Highlights: kishtwar incident maggi and vegetables found from bunker

To advertise here,contact us